സ്വന്തം ലേഖകൻ: ക്രിസ്മസ് – പുതുവത്സര സീസണില്‍ ‘ആരോഗ്യ അടിയന്തരാവസ്ഥ’യുമായി ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് നാളെ തുടങ്ങും. അടുത്ത മൂന്നാഴ്ചകളില്‍ എന്‍എച്ച്എസ് ആശുപത്രികള്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിക്കുക നാല് ദിവസം മാത്രമായിരിക്കും. വീക്കെന്‍ഡുകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ഡിസംബര്‍ 27, 28, 29 തീയതികളിലും, ജനുവരി 2-നും മാത്രമാണ് സമരങ്ങളും, ഹോളിഡേയും ബാധിക്കാതെ ജനങ്ങള്‍ക്ക് ആശ്രയിക്കാവുന്ന നിലയില്‍ ലഭ്യമാകുക.
ഇതോടെ ക്രിസ്മസ്, ന്യൂഇയര്‍ സീസണ്‍ രോഗികളെ സംബന്ധിച്ച് ദുരിതത്തിന്റേതായി മാറുമെന്നാണ് ആശങ്ക. രോഗികള്‍ക്ക് ചികിത്സ ലഭ്യമാകുന്നതില്‍ വലിയ തടസ്സങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ഹെല്‍ത്ത് മേധാവികള്‍ മുന്നറിയിപ്പ് നല്‍കുന്നു. സര്‍ക്കാരിന്റെ കണ്‍സള്‍ട്ടന്റ് മുന്നോട്ട് വെയ്ക്കുന്ന പേ ഓഫര്‍ തള്ളിയാല്‍ കൂടുതല്‍ സമരങ്ങള്‍ ഉണ്ടാകുമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.
ഇതിനിടെ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ കണ്‍സള്‍ട്ടന്റുമാര്‍ക്ക് 20,000 പൗണ്ട് അധികം ലഭിക്കുന്ന കരാര്‍ വോട്ടിനിടുന്നുണ്ട്. കൂടാതെ സമരം നടത്താനുള്ള അവകാശം ആറ് മാസം കൂടി നീട്ടിയതായി യൂണിയന്‍ പ്രഖ്യാപിച്ചു. അതായത്, അംഗങ്ങള്‍ നം.10 ഡീല്‍ തള്ളിയാല്‍ ഡോക്ടര്‍മാര്‍ക്ക് 2024 ജൂണ്‍ 18 വരെ സമരം ചെയ്യാന്‍ കഴിയും. ഇതിന് പുറമെ സ്‌പെഷ്യലിസ്റ്റ്, സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരും സമാനമായ ഡീല്‍ സ്വീകരിക്കുന്ന കാര്യത്തില്‍ വോട്ട് ചെയ്യുന്നുണ്ട്.
ഡിസംബര്‍ 20 മുതല്‍ 3 ദിവസത്തേക്കാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ആദ്യ ഘട്ട പണിമുടക്ക് സംഘടിപ്പിക്കുക. ഇതിന് ശേഷം എന്‍എച്ച്എസിന്റെ 75 വര്‍ഷത്തെ ചരിത്രത്തില്‍ ഒരിക്കലും നടത്താത്ത, തുടര്‍ച്ചയായ ആറ് ദിവസങ്ങള്‍ നീളുന്ന സമരം ജനുവരി 2നും ആരംഭിക്കും. സമരദിനങ്ങളില്‍ ‘ക്രിസ്മസ് ദിനത്തിലെ’ തോതിലാണ് ജീവനക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുക. അഞ്ചാഴ്ചയായി മന്ത്രിമാരും, ബിഎംഎ പ്രതിനിധികളും കൊടുമ്പിരി കൊണ്ട ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും ഇത് ഫലം കണ്ടിട്ടില്ല.
എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് 7.8 മില്ല്യണില്‍ എത്തിച്ചേര്‍ന്ന ഘട്ടത്തിലാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ പണിമുടക്ക് വരുന്നത്. ബിഎംഎയും, ഗവണ്‍മെന്റും തമ്മിലുള്ള ചര്‍ച്ചകളില്‍ വഴിത്തിരിവ് ഉണ്ടാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായതോടെയാണ് സമരപ്രഖ്യാപനം.
കഴിഞ്ഞ വിന്ററിന് സമാനമായി സമരങ്ങളുടെ തുടര്‍ദിനങ്ങളാണ് ഇക്കുറി ആഗതമാകുന്നത്. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് 35% ശമ്പളവര്‍ദ്ധന വേണമെന്ന നിലപാടില്‍ നിന്നും ബിഎംഎ മേധാവികള്‍ പിന്നോട്ട് പോകാത്തതാണ് സ്ഥിതി രൂക്ഷമാക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച 9.8 ശതമാനം വര്‍ദ്ധനവിന് പുറമെ അധികമായി 3 ശതമാനം കൂടി ചേര്‍ക്കാമെന്നാണ് ഗവണ്‍മെന്റ് അറിയിച്ചത്. എന്നാല്‍ ഇത് പോരെന്നാണ് ബിഎംഎ നിലപാട്. വിന്ററില്‍ എന്‍എച്ച്എസിന് മേല്‍ സമ്മര്‍ദം വര്‍ദ്ധിക്കുന്ന ഘട്ടം കൂടിയാണ്. അപ്പോഴാണ് സ്ഥിതി രൂക്ഷമാക്കി പുതിയ സമരങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല