1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 20, 2023

സ്വന്തം ലേഖകൻ: തമിഴ്നാട്ടിൽ കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴയിൽ 10 പേർ മരിച്ചതായി തമിഴ്നാട് ചീഫ് സെക്രട്ടറി ശിവ് ദാസ് മീണ ചൊവ്വാഴ്ച അറിയിച്ചു. തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലായി മഴക്കെടുതിയിൽ 10 പേർ മരിച്ചു. മതിൽ ഇടിഞ്ഞുവീണും വൈദ്യുതാഘാതമേറ്റും ആളുകൾ മരിച്ചതായി അദ്ദേഹം സെക്രട്ടേറിയറ്റിൽ മാധ്യമങ്ങളോട് പറഞ്ഞു.

തെക്കൻ ജില്ലകളിൽ, പ്രത്യേകിച്ച് തിരുനെൽവേലി, തൂത്തുക്കുടി എന്നിവിടങ്ങളിൽ റെക്കോർഡ് മഴയെത്തുടര്‍ന്നാണ് വെള്ളപ്പൊക്കമുണ്ടായത്. തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. അണ്ണാ സർവകലാശാല തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലെ സെമസ്റ്റർ പരീക്ഷകൾ മാറ്റി. തിരുനെൽവേലി, കന്യാകുമാരി, തൂത്തുക്കുടി, വിരുദുനഗർ, തെങ്കാശി ജില്ലകളിൽ ശനിയാഴ്ചവരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്.

തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളില്‍ പ്രളയക്കെടുതികളനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ തുടരുന്നു. റെയില്‍പ്പാളം ഒലിച്ചുപോയതിനെത്തുടര്‍ന്ന് ശ്രീവൈകുണ്ഡം റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയ 509 യാത്രക്കാരെ 40 മണിക്കൂറിനുശേഷം രക്ഷപ്പെടുത്തി.

ഒരു വര്‍ഷംകൊണ്ട് ലഭിക്കേണ്ട മഴയാണ് തമിഴ്നാടിന്റെ തെക്കന്‍ജില്ലകളില്‍ ഒരു ദിവസംകൊണ്ട് പെയ്തതെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു. 1871-നു ശേഷമുണ്ടായ ഏറ്റവും കനത്ത മഴയാണ് ചില പ്രദേശങ്ങളില്‍ പെയ്തത്. തൂത്തുക്കുടിയിലെ കായല്‍പ്പട്ടണത്ത് 95 സെന്റിമീറ്റര്‍ മഴ പെയ്തു.

ചെന്നൈ ഉള്‍പ്പെടെ നാലു വടക്കന്‍ ജില്ലകളിലുണ്ടായ പ്രളയത്തിന്റെ കെടുതികള്‍ അനുഭവിച്ചവര്‍ക്ക് ദുരിതാശ്വാസം എത്തിക്കുന്നതിനിടയിലാണ് തെക്കന്‍ ജില്ലകള്‍ പ്രളയത്തില്‍ മുങ്ങിയതെന്ന് അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തിരുനല്‍വേലി, തൂത്തുക്കുടി ജില്ലകളില്‍ 40 ലക്ഷംപേരെങ്കിലും പ്രളയക്കെടുതികളിലാണ്. ഇത്രയും വലിയ മഴയുണ്ടാകുമെന്ന സൂചന കാലാവസ്ഥാ നിരീക്ഷണ വകുപ്പില്‍ നിന്നു ലഭിച്ചിരുന്നില്ല.

ദുരിതാശ്വാസത്തിന് കൂടുതല്‍ ഹെലികോപ്റ്ററുകള്‍ അനുവദിക്കണമെന്ന് പ്രതിരോധ മന്ത്രി രാജനാഥ് സിങ്ങിനോട് സ്റ്റാലിന്‍ അഭ്യര്‍ഥിച്ചു.താമ്രപര്‍ണി നദി കരകവിഞ്ഞതുകാരണം തൂത്തുക്കുടി പട്ടണത്തിലും ശ്രീവൈകുണ്ഡത്തിലും സ്ഥിതി രൂക്ഷമാണ് എസ്.ഡി.ആര്‍.എഫ്, എന്‍.ഡി.ആര്‍.എഫ് സംഘങ്ങളാണ് ഇവിടെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ദുരിതാശ്വാസ സാമഗ്രികള്‍ എത്തുന്നുണ്ട്. പക്ഷേ, റോഡുകള്‍ തകര്‍ന്നത് വിതരണത്തെ ബാധിച്ചിട്ടുണ്ട്. നാല് വ്യോമസേനാ ഹെലികോപ്റ്ററുകളും രണ്ട് നാവിക സേനാ ഹെലികോപ്റ്ററുകളും രണ്ട് തീരരക്ഷാ സേനാ ഹെലികോപ്റ്ററുകളും രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.

തമിഴ്നാടിന്റെ തെക്കന്‍ ജില്ലകളിലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഇതുവഴിയുള്ള ഏതാനും തീവണ്ടികള്‍ ബുധനാഴ്ചയും പൂര്‍ണമായോ ഭാഗികമായോ റദ്ദാക്കി. ചെന്നൈയില്‍നിന്ന് തിരുനെല്‍വേലിയിലേക്കും തിരിച്ചുമുള്ള വന്ദേഭാരത് എക്‌സ്പ്രസ് (20665/6) പൂര്‍ണമായി റദ്ദാക്കിയ വണ്ടികളില്‍പ്പെടുന്നു.

അതിനിടെ മഴ മുന്നറിയിപ്പ് യഥാസമയം നല്‍കുന്നതില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പരാജയപ്പെട്ടുവെന്ന ആരോപണവുമായി തമിഴ്നാട് സര്‍ക്കാര്‍. സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിലാണ് വിമര്‍ശനം. കൃത്യമായി മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കില്‍ വെള്ളപ്പൊക്കം മൂലമുണ്ടായനാശനഷ്ടം ലഘൂകരിക്കായിരുന്നുവെന്നും എന്നാല്‍ കാലാവസ്ഥാനിരീക്ഷണകേന്ദ്രം ഇക്കാര്യത്തില്‍ പരാജയപ്പെട്ടുവെന്നും മന്ത്രി മനോ തങ്കരാജ് ആരോപിച്ചു.

പാശ്ചാത്യരാജ്യങ്ങളിലെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളുമായി താരതമ്യംചെയ്യുമ്പോള്‍ ഇന്ത്യയിലെ സംവിധാനം കാര്യക്ഷമമല്ല. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി കൂടുതല്‍ശ്രദ്ധ ചെലുത്തണം. കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങളില്‍ ആധുനികവത്കരണം നടപ്പാക്കാന്‍ നടപടിയെടുക്കണം. പാശ്ചാത്യരാജ്യങ്ങളുടെ മാതൃക പിന്തുടരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കാലാവസ്ഥാനിരീക്ഷണ കേന്ദ്രം തൂത്തുക്കുടി, തിരുനെല്‍വേലി, തെങ്കാശി, കന്യാകുമാരി ജില്ലകള്‍ക്ക് ഡിസംബര്‍ 18-നാണ് ചുവപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. എന്നാല്‍ തലേദിവസം തന്നെ കനത്തമഴ ആരംഭിച്ചിരുന്നു. ചുവപ്പ് മുന്നറിപ്പ് പുറപ്പെടുവിച്ചതിന് മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ തൂത്തുക്കുടിയും തിരുനെല്‍വേലിയും പ്രളയത്തിന്റെ പിടിയിലായിരുന്നു. ഇതാണ് വിമര്‍ശനത്തിന് കാരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.