സ്വന്തം ലേഖകൻ: ഖലിസ്ഥാൻ വിഘടനവാദി ഗുരുപത്വന്ത് സിങ്ങ് പന്നുനിനെ കൊലപ്പെടുത്തിയ കുറ്റത്തിന് ചെക്ക് റിപബ്ലിക്കിൽ തടവിലുള്ള നിഖിൽ ഗുപ്തയുടെ ശിക്ഷാ കാര്യത്തിൽ ഇടപെടാൻ ഇന്ത്യൻ നിയമ വ്യവസ്ഥക്ക് അധികാരമില്ലെന്ന് ചെക്ക് ഗവൺമെന്റ്. ന്യൂയോർക്കിൽ നടന്ന കൊലപാതകത്തിലെ പ്രതിയായ നിഖിൽ ഗുപ്തയുടെ കുടുംബം ഹേബിയസ് കോർപ്പസ് ഹർജിയുമായി കഴിഞ്ഞ ആഴ്ച്ച സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗുപ്തയുടെ ശിക്ഷാ കാര്യത്തിൽ ഇടപെടാൻ ഇന്ത്യൻ കോടതികൾക്ക് അധികാരമില്ലെന്ന് ചെക്ക് മന്ത്രാലയത്തിന്റെ പ്രസ്താവന വന്നിരിക്കുന്നത്.
ഗുരുപത്വന്ത് സിങ്ങിന്റെ കൊലപാതക കേസിൽ ഒരു ഇന്ത്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥനെയാണ് ഒന്നാം പ്രതിയായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇയാളുടെ പേര് വ്യക്തമാക്കിയിട്ടില്ല. നിഖിൽ ഗുപ്ത നിലവിൽ പ്രാഗിലെ പാൻക്രാക് ജയിലിലാണ് തടവിലുള്ളത്. യുഎസ് ഗവൺമെന്റിന്റെ അപേക്ഷയിൽ ഗുപ്തയെ ചെക്ക് റിപബ്ലിക്കിൽ നിന്നും കൈമാറാനുള്ള നടപടികളിൽ ഇടപെടണമെന്ന ആവശ്യവുമായാണ് കഴിഞ്ഞ ആഴ്ച്ച ഗുപ്തയുടെ കുടുംബം സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹർജി ജനുവരി നാലിന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
ഗുപ്തയുടെ കുടുംബം നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയെ കുറിച്ച് ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പ്രതികരണത്തിൽ ചെക്ക് മന്ത്രാലയത്തിന്റെ സ്പോക്സ് പേഴ്സണായ വ്ളാഡിമർ റെപ്കയാണ് കേസിൽ ഇടപെടാൻ ഇന്ത്യൻ നിയമ വ്യവസ്ഥക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയത്. കേസ് പൂർണ്ണമായും ചെക്ക് നിയമ വ്യവസ്ഥയുടെ അധികാര പരിധിയിലാണുള്ളതെന്നും റെപ്ക വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച്ച ഗുപ്തയുടെ കേസ് പരിഗണിച്ച സുപ്രീം കോടതി പ്രശ്നത്തിൽ ഇടപെടുന്നതിലെ പരിമിതികളെ കുറിച്ച് വ്യക്തമാക്കിയിരുന്നു. കേസ് അതിസങ്കീർണ്ണതകൾ നിറഞ്ഞതാണെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ ചെക്ക് റിപബ്ലിക്കിലെ കോടതിയെ സമീപിക്കുകയാകും ഉചിതമെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എൻ ഭാട്ടി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഇതിന് ശേഷമാണ് ഹർജി ജനുവരി നാലിന് പരിഗണിക്കാൻ കോടതി തീരുമാനിച്ചത്.
ഗുപ്തയുടെ അറസ്റ്റ് നടന്നത് വാറന്റില്ലാതെയായിരുന്നുവെന്നും പ്രതിയെന്ന നിലയിലെ അടിസ്ഥാന അവകാശങ്ങൾ പോലും ഹനിക്കപ്പെട്ടുവെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കുടുംബം ആരോപിച്ചു. പൂർണ്ണമായും സസ്യഭുക്കായ ഗുപ്തയെ നിർബന്ധപൂർവ്വം മാംസം കഴിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. എന്നാൽ ഈ പരാതികളെല്ലാം തന്നെ വാസ്തവ വിരുദ്ധമാണെന്ന് വ്ളാഡിമർ റെപ്ക പറഞ്ഞു.
നിഖിൽ ഗുപ്തയുടെ ഭാഗത്ത് നിന്നും ഇത്തരത്തിൽ ഒരു പരാതിയും ചെക്ക് നിയമ മന്ത്രാലയത്തിന് മുന്നിൽ എത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ഭക്ഷണ ക്രമങ്ങളിൽ ഇടപെടൽ നടന്നുവെന്നുള്ള പരാതിയെ കുറിച്ച് മന്ത്രാലയത്തിന് യാതൊരു അറിവും ലഭിച്ചിട്ടില്ലെന്നും റെപ്ക വ്യക്തമാക്കി. ചെക്ക് നിയമപ്രകാരം രാജ്യത്ത് വെച്ച് നടന്ന കുറ്റകൃത്യത്തിന് പ്രതിയാക്കപ്പെട്ട ഒരു വിദേശ പൗരന് തന്റെ രാജ്യത്തിന്റെ കോൺസുലേറ്റുമായി ബന്ധപ്പെടാനുള്ള അവകാശമുണ്ടെന്നും റെപ്ക പറഞ്ഞു.
പ്രാഗിലെത്തിയ നിഖിൽ ഗുപ്തയെ യുഎസ് ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം ജൂൺ 30 നാണ് അറസ്റ്റ് ചെയ്യുകയും പിന്നീട് കസ്റ്റഡിയിലേക്ക് മാറ്റുകയും ചെയ്തതെന്ന് വ്ളാഡിമർ റെപ്ക സ്ഥിരീകരിച്ചു. വാടകക്ക് കൊല നടത്താനുള്ള ഗൂഡാലോചന കുറ്റമാണ് ഗുപ്തക്ക് മേൽ ചുമത്തിയിരിക്കുന്നതെന്നും റെപ്ക വ്യക്തമാക്കി.
ന്യൂയോർക്കിൽ നടന്ന ഗുരുപത്വന്ത് സിങ്ങിന്റെ കൊലപാതകത്തിന് പിന്നാലെ ജൂൺ 30 ന് ചെക്ക് റിപബ്ലിക്കിലെത്തിയ ഗുപ്തയെ യുഎസ് ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരമാണ് അറസ്റ്റ് ചെയ്തത്. 100,000 യു എസ് ഡോളർ പ്രതിഫലം വാങ്ങിയാണ് കൊലപാതകം നടത്താനുള്ള കരാറിൽ ഗുപ്ത ഏർപ്പെട്ടതെന്നാണ് യു എസ് അധികൃതരുടെ വാദം. പ്രശ്ന പരിഹാരത്തിനായി ഉന്നതതല സംഘത്തെ ഇന്ത്യ ചുമതലപ്പെടുത്തിയിരുന്നു.
അതിനിടെ ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്‌വന്ത് സിങ് പന്നൂനെ കൊല്ലാനുള്ള ഗൂഢാലോചനയിൽ ഇന്ത്യൻ പൗരന്റെ പങ്കിനെക്കുറിച്ചുള്ള യുഎസിന്റെ ആരോപണത്തോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെളിവുകൾ സർക്കാർ പരിശോധിക്കുമെന്ന് മോദി വ്യക്തമാക്കി. ചില സംഭവങ്ങൾ കൊണ്ട് ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴുകയില്ലെന്ന് യുകെ ആസ്ഥാനമായുള്ള ദി ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
ഒപ്പം വിദേശത്തെ തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള തന്റെ ആശങ്കയും പ്രധാനമന്ത്രി പങ്കുവച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ അവർ ഭീഷണിപ്പെടുത്തുന്നതിലും അക്രമത്തിന് പ്രേരിപ്പിക്കുന്നതിലും ഏർപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിന്റെ സുപ്രധാന ഘടകമാണ് സുരക്ഷാ, ഭീകരവിരുദ്ധ സഹകരണം എന്നും പ്രധാനമന്ത്രി കൂട്ടിചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല