1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 20, 2023

സ്വന്തം ലേഖകൻ: അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വന്‍ തിരിച്ചടി. 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ട്രംപ് അയോഗ്യനാണെന്ന് കോളറാഡോ സുപ്രീം കോടതി വിധിച്ചു. കോളറാഡോ സംസ്ഥാനത്ത് മത്സരിക്കുന്നതിന് മാത്രമാണ് അയോഗ്യത. 2021 ജനുവരിയില്‍ യുഎസ് കാപ്പിറ്റോളിന് നേര്‍ക്ക് ട്രംപ് അനുകൂലികള്‍ നടത്തിയ കലാപത്തിലെ പങ്കിനെ തുടര്‍ന്നാണ് നടപടി. യുഎസിന്റെ ചരിത്രത്തില്‍ ഇത്തരത്തില്‍ വിലക്ക് നേരിടുന്ന ആദ്യ പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ് ട്രംപ്.

പ്രക്ഷോഭത്തിലോ കലാപത്തിലോ പങ്കെടുക്കുന്നവര്‍ അധികാരത്തിലെത്തുന്നത് തടയാനുള്ള യുഎസ് ഭരണഘടനയിലെ വ്യവസ്ഥ വളരെ അപൂര്‍വമായി മാത്രമാണ് പ്രയോഗിക്കാറ്. മേല്‍ക്കോടതികളില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ ട്രംപിനെ അനുവദിക്കുന്നതിന്റെ ഭാഗമായി വിധി നടപ്പാക്കുന്നത് 2024 ജനുവരി നാലുവരെ കോടതി മരവിപ്പിച്ചിട്ടുമുണ്ട്.

കോളറാഡോയിലെ ഒരുകൂട്ടം വോട്ടര്‍മാരും സിറ്റിസണ്‍സ് ഫോര്‍ റെസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് എത്തിക്‌സും ചേര്‍ന്നാണ് ട്രംപിനെതിരേ കോടതിയെ സമീപിച്ചത്. കോടതി വിധി സംസ്ഥാനത്ത് മാര്‍ച്ച് അഞ്ചിന് നടക്കുന്ന റിപ്പബ്ലിക്കന്‍ പ്രൈമറിയെ മാത്രമേ ബാധിക്കുകയുള്ളൂ. എന്നാല്‍ നവംബര്‍ അഞ്ചിന് നടക്കുന്ന ജനറല്‍ ഇലക്ഷനെയും ഇത് ബാധിച്ചേക്കാം. അതേസമയം വിധി ന്യൂനതകളുള്ളതും ജനാധിപത്യവിരുദ്ധവുമാണെന്ന് ട്രംപിന്റെ പ്രചാരണവിഭാഗം വിമര്‍ശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.