സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധികള്‍ മറികടന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്‍) പ്രതാപം വീണ്ടെടുക്കുന്നു. ഒരു കലണ്ടര്‍ വര്‍ഷം ഒരു കോടി യാത്രക്കാര്‍ എന്ന ചരിത്ര നേട്ടത്തിലേക്ക് എത്തുകയാണ് സിയാല്‍. വ്യാഴാഴ്ച യാത്രക്കാരുടെ എണ്ണം ഒരു കോടിയിലെത്തെും. ഒരു കോടി യാത്രക്കാരെന്ന എണ്ണം തികക്കുന്ന യാത്രക്കാരനെ ഇന്ന് വൈകുന്നേരം സിയാല്‍ അധികൃതര്‍ ആദരിക്കും. ഈ മാസം ഒരു കോടി പിന്നിടുകയും ചെയ്യും. 25 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ ആദ്യമായാണ് സിയാല്‍ ഒരു കലണ്ടര്‍ വര്‍ഷം ഒരു കോടി യാത്രക്കാരെ കൈകാര്യം ചെയ്യുന്നത്.
അതേസമയം ഏറ്റവും പുതിയ സാങ്കേതികവിദ്യ കൂടുതലായി ഉപയോഗപ്പെടുത്തി യാത്രക്കാര്‍ക്ക് അവരുടെ യാത്ര കൂടുതല്‍ സുഗമവും സൗകര്യപ്രദവുമാക്കുന്നതിന് സിയാല്‍ പരമാവധി ശ്രദ്ധിക്കുന്നതായി സിയാല്‍ എം.ഡി. എസ്. സുഹാസ് പറഞ്ഞു. വരും വര്‍ഷങ്ങളിലും ഒരു കോടിയിലധികം യാത്രക്കാര്‍ സിയാലിനെ ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷ.
ആഗോള നിലവാരത്തിലുള്ള സൗകര്യങ്ങളും സംവിധാനങ്ങളുമാണ് സിയാല്‍ യാത്രക്കാര്‍ക്കായി എപ്പോഴും ഒരുക്കികൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയ സാങ്കേതികവിദ്യ കൂടുതലായി ഉപയോഗപ്പെടുത്തി യാത്രക്കാര്‍ക്ക് അവരുടെ യാത്ര കൂടുതല്‍ സുഗമവും സൗകര്യപ്രദവുമാക്കുന്നതിന് സിയാല്‍ പരമാവധി ശ്രദ്ധിക്കുന്നുണ്ട്. ഡിജി യാത്ര, സ്മാര്‍ട്ട് പാര്‍ക്കിങ് പോലുള്ള നൂതന സംവിധാനങ്ങള്‍ ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു സാമ്പത്തിക വര്‍ഷം ഒരു കോടി യാത്രക്കാരെ കൈകാര്യം ചെയ്ത ചരിത്രവും സിയാലിനുണ്ട്. 2018-19 സാമ്പത്തിക വര്‍ഷമാണ് സിയാല്‍ ഈ നേട്ടം കൈവരിച്ചത്. കോവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണത്തില്‍ ഇടിവുണ്ടായതിനാല്‍ പിന്നീട് ഈ നേട്ടത്തിലേക്ക് എത്താന്‍ സിയാലിന് കഴിഞ്ഞിരുന്നില്ല. യാത്രക്കാര്‍ക്കായി വിവിധ സേവനങ്ങള്‍ ഏര്‍പ്പെടുത്തിയും കൂടുതല്‍ വിമാനകമ്പനികളെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കിയും സിയാല്‍ ഇക്കുറി ചരിത്രനേട്ടം കൈവരിക്കുകയാണ്.
25000-32000 യാത്രക്കാരാണ് നിത്യേന കൊച്ചി വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെ 94,66,698 യാത്രക്കാര്‍ കൊച്ചി വഴി പറന്നു. ഇത് റെക്കോര്‍ഡ് നേട്ടമാണ്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്തത് മേയ് മാസത്തിലാണ്. 9,22,391 പേര്‍. ഏറ്റവും കുറവ് പേര്‍ യാത്ര ചെയ്തിരിക്കുന്നത് ഫെബ്രുവരിയിലാണ്. 7,71,630 പേര്‍.
ഈ വര്‍ഷം ആഭ്യന്തര യാത്രക്കാരാണ് കൂടുതലുള്ളത്. നവംബര്‍ വരെ 50,96,121 പേര്‍ കൊച്ചി വഴി ആഭ്യന്തര യാത്ര നടത്തി. 25,61,319 പേരാണ് കൊച്ചിയില്‍ നിന്നും വിവിധ ആഭ്യന്തര കേന്ദ്രങ്ങളിലേക്ക് പറന്നത്. 25,34,802 പേര്‍ കൊച്ചിയില്‍ വന്നിറങ്ങുകയും ചെയ്തു. മേയ് മാസത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ആഭ്യന്തര യാത്രക്കായി കൊച്ചിയെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. 4,98,761 പേര്‍. ഏറ്റവും കൂടുതല്‍ ആഭ്യന്തര യാത്രക്കാര്‍ കൊച്ചിയില്‍ വന്നിറങ്ങിരിക്കുന്നത് മേയ് മാസത്തിലാണ്. 2,55,209 പേര്‍. ഇവിടെ നിന്നും ആഭ്യന്തര കേന്ദ്രങ്ങളിലേക്ക് പറന്നവരുടെ എണ്ണം കൂടുതലുള്ളത് ഏപ്രില്‍ മാസത്തിലാണ്. 2,50,222 പേര്‍.
നവംബര്‍ വരെ 43,70,577 അന്താരാഷ്ട്ര യാത്രക്കാരാണ് കൊച്ചി വിമാനത്താവളം ഉപയോഗപ്പെടുത്തിയിരിക്കുന്നത്. 21,03,334 പേര്‍ ഇവിടെ വന്നിറങ്ങിയപ്പോള്‍ 22,67,243 പേര്‍ ഇവിടെ നിന്നും വിദേശത്തേക്ക് പറന്നു. ഓഗസ്റ്റിലാണ് കൊച്ചി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര യാത്രക്കാരെ കൈകാര്യം ചെയ്തിരിക്കുന്നത്. 4,44,594 പേരെ. ജൂലായ് മാസത്തിലാണ് വിദേശത്ത് നിന്ന് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ വന്നിരിക്കുന്നത്. 2,24,350 പേര്‍. ഇവിടെ നിന്നും വിദേശത്തേയ്ക്ക് പറന്നവരുടെ എണ്ണം ഓഗസ്റ്റിലാണ് കൂടുതല്‍. 2,41,619 പേര്‍. ജനുവരി മുതല്‍ നവംബര്‍ വരെ മൊത്തം 62,781 വിമാനങ്ങളാണ് കൊച്ചി വഴി പറന്നത്.
ഏറ്റവും കൂടുല്‍ വിമാനസര്‍വീസ് നടന്നത് ഒക്ടോബറിലാണ്. 5992 സര്‍വീസുകള്‍. 36,606 ആഭ്യന്തര സര്‍വീസുകളും 26,175 അന്താരാഷ്ട്ര സര്‍വീസുകളുമാണ് ഈ കാലയളവില്‍ നടന്നത്. ഏറ്റവും കൂടുതല്‍ ആഭ്യന്തര വിമാനസര്‍വീസ് നടന്നത് മാര്‍ച്ചിലാണ്. 3458 സര്‍വീസ്. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസ് നടന്നത് ഓഗസ്റ്റിലും. 2570 സര്‍വീസ്. കൂടുതല്‍ വിമാനകമ്പനികളെ കൊച്ചിയിലേയ്ക്ക് ആകര്‍ഷിക്കുന്നതിനുള്ള കര്‍മ്മപദ്ധതികളുമായി സിയാല്‍ മുന്നോട്ടുപോകുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല