1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 21, 2023

സ്വന്തം ലേഖകൻ: എണ്ണ ഇതര മേഖലകളുടെ മികച്ച പ്രകടനം മൂലം 2024ല്‍ യുഎഇയില്‍ ശമ്പളം 4.5 ശതമാനം വര്‍ധിക്കുമെന്ന് പ്രതീക്ഷ. ‘സാലറി ഗൈഡ് യുഎഇ 2024’ എന്ന പേരില്‍ ആഗോള റിക്രൂട്ട്മെന്റ് ആന്റ് എച്ച്ആര്‍ കണ്‍സള്‍ട്ടന്‍സി കൂപ്പര്‍ ഫിച്ച് ഡിസംബര്‍ 20 ബുധനാഴ്ച പുറത്തിറക്കിയ പുതിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്.

സര്‍വേ പ്രകാരം രാജ്യത്തെ 53 ശതമാനം കമ്പനികളും അവരുടെ ജീവനക്കാരുടെ ശമ്പളം അടുത്ത വര്‍ഷം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. 39 ശതമാനത്തിലധികം സ്ഥാപനങ്ങള്‍ ശമ്പളം അഞ്ച് ശതമാനം വരെയാണ് വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. പത്തിലൊന്ന് സ്ഥാപനങ്ങളും 6 മുതല്‍ 9 ശതമാനം വരെ വേതനം ഉയര്‍ത്തും. പത്ത് ശതമാനമോ അതിനു മുകളിലേ ശമ്പളം വര്‍ധിപ്പിക്കാന്‍ അഞ്ച് ശതമാനം സ്ഥാപനങ്ങള്‍ തയ്യാറാണെന്നും സര്‍വേ വെളിപ്പെടുത്തുന്നു.

മികച്ച പ്രതിഭകളുടെ ആവശ്യകത വര്‍ധിച്ചിട്ടും 21 ശതമാനത്തിലധികം കമ്പനികള്‍ 2024-ല്‍ ശമ്പളം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. 25 ശതമാനത്തിലധികം തൊഴിലുടമകള്‍ക്കും വരും വര്‍ഷത്തില്‍ തങ്ങളുടെ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ പദ്ധതിയില്ല.

തൊഴില്‍ വൈദഗ്ധ്യമുള്ളവര്‍ക്ക് യുഎഇയില്‍ വലിയ ഡിമാന്റ് ഉണ്ടെന്നും ശമ്പളം വര്‍ധിക്കുമെന്ന സര്‍വേ എമിറേറ്റ്‌സിലെ തൊഴിലന്വേഷകര്‍ക്ക് നല്ല വാര്‍ത്തയാണെന്നും കൂപ്പര്‍ ഫിച്ചിന്റെ സ്ഥാപകനും സിഇഒയുമായ ട്രെഫോര്‍ മര്‍ഫി അഭിപ്രായപ്പെട്ടു. 2022നെ അപേക്ഷിച്ച് 2023ല്‍ യുഎഇ ആസ്ഥാനമായുള്ള കമ്പനികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. രാജ്യത്തെ പകുതിയിലധികം സ്ഥാപനങ്ങളും ശമ്പളം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി പഠനം വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.

71 ശതമാനം കമ്പനികളും 2023ലെ അവരുടെ സ്ഥാപനത്തിന്റെ സാമ്പത്തിക പ്രകടനത്തെ അടിസ്ഥാനമാക്കി വാര്‍ഷിക ബോണസ് നല്‍കാന്‍ പദ്ധതിയിടുന്നതായി സര്‍വേ വെളിപ്പെടുത്തുന്നു. 29 ശതമാനത്തിന് അത്തരം പദ്ധതികളൊന്നുമില്ല. അക്കൗണ്ടിങ്, കെമിക്കല്‍സ്, കണ്‍സ്യൂമര്‍ ഗുഡ്‌സ്, ഹോസ്പിറ്റല്‍, ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ക്ക് ആറ് മാസത്തെ അടിസ്ഥാന ശമ്പളം വരെ ബോണസ് പ്രതീക്ഷിക്കാം.

സാമ്പത്തിക സേവനങ്ങള്‍, കണ്‍സള്‍ട്ടിങ്, ഐടി വ്യവസായങ്ങള്‍ എന്നിവ മാത്രമാണ് ബോണസ് നല്‍കാന്‍ ഉദ്ദേശിക്കാത്ത മേഖലകള്‍. കഴിവുള്ള ജീവനക്കാരെ നിലനിര്‍ത്തുന്നതില്‍ ശമ്പളം നിര്‍ണായക പങ്കുവഹിക്കുമ്പോള്‍, വാര്‍ഷിക ബോണസുകളും വീട്ടിലിരുന്ന ജോലിചെയ്യാനുള്ള മറ്റു ഘടകങ്ങള്‍ യുഎഇയുടെ തൊഴില്‍ വിപണിയില്‍ കൂടുതല്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് കൂപ്പര്‍ ഫിച്ചിലെ പൊതുമേഖലാ അഡൈ്വസറി വിഭാഗം മാനേജിങ് പാര്‍ട്ണറും സിഇഒയുമായ ജാക്ക് ഖബ്ബാസ് പറഞ്ഞു.

സര്‍വേയോട് പ്രതികരിച്ചവരില്‍ 27 ശതമാനം വരുംവര്‍ഷത്തില്‍ പ്രതിഭകളുടെ ക്ഷാമം പ്രതീക്ഷിക്കുന്നു. മാനേജ്‌മെന്റ്, ലീഡര്‍ഷിപ്പ് തസ്തികകളിലാണ് ഏറ്റവും കൂടുതല്‍ ക്ഷാമം ഉണ്ടാവുകയെന്ന് സര്‍വേ തിരിച്ചറിയുന്നു. 16 ശതമാനം പേര്‍ മാനേജ്‌മെന്റ് തസ്തികകളില്‍ പ്രതിഭാധനരുടെ കുറവുണ്ടാവുമെന്ന് കരുതുമ്പോള്‍ 14 ശതമാനം പേര്‍ ലീഡര്‍ഷിപ്പ് തലത്തിലാണ് കൂടുതല്‍ കുറവ് പ്രതീക്ഷിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.