1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 21, 2023

സ്വന്തം ലേഖകൻ: യു.കെയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. ലണ്ടനിലെ വിദ്യാർഥി ​ഗുരാഷ്മാൻ സിങ് ഭാട്ടിയയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഈസ്റ്റ് ലണ്ടനിലെ കാനറി വാർഫ് പ്രദേശത്തെ കായലിൽ നിന്നാണ് പൊലീസ് മൃതദേഹം കണ്ടെടുത്തത്. സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയ 23കാരനായ ഭാട്ടിയയെ ഡിസംബർ 14 രാത്രി മുതലാണ് കാണാതായത്.

വിദ്യാർഥിക്കായി ഉദ്യോഗസ്ഥർ വിപുലമായ അന്വേഷണം നടത്തിയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും സാക്ഷികളോട് സംസാരിച്ചും ഫോൺ, സാമ്പത്തിക വിവരങ്ങൾ എന്നിവ വിശകലനം ചെയ്തും മുന്നോട്ടുപോവുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭാട്ടിയക്കായി ജലാശയങ്ങളിലും പൊലീസ് തെരച്ചിൽ നടത്തിവരികയായിരുന്നു.

ലോഫ്‌ബറോ സർവകലാശാലയിൽ ഡിജിറ്റൽ ഫിനാൻസിൽ എംഎസ്‌സി പഠിക്കുകയായിരുന്നു ഭാട്ടിയ. ‘ഗുരാഷ്മാന്റെ മരണത്തിൽ സംശയാസ്പദമായി ഒന്നുമില്ലെന്നാണ് കരുതുന്നത്. എങ്കിലും അക്കാര്യം ഞങ്ങൾ ഉറപ്പാക്കും. ഇത് സ്ഥിരീകരിക്കാൻ സമഗ്രമായ അന്വേഷണമാണ് നടത്തുന്നത്’- കാനറി വാർഫിലെ ടവർ ഹാംലെറ്റ്‌സ് ഏരിയയിലെ ലോക്കൽ പൊലീസിങ്ങിന്റെ ചുമതലയുള്ള ഡിറ്റക്റ്റീവ് ചീഫ് സൂപ്രണ്ട് (ഡിസിഐ) ജെയിംസ് കോൺവേ പറഞ്ഞു.

‘ഡിസംബർ 14 വ്യാഴാഴ്ച വൈകീട്ടും 15 വെള്ളിയാഴ്ച പുലർച്ചെയും മാർഷ് വാൾ പ്രദേശത്ത് ആരെങ്കിലും അവനെ കണ്ടിട്ടുണ്ടെങ്കിൽ തങ്ങളെ അറിയിക്കണം’- അദ്ദേഹം പറഞ്ഞു. ഒരു മാസത്തിനിടെ സമാന സാഹചര്യത്തിൽ ലണ്ടനിൽ മരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വിദ്യാർഥിയാണ് ​ഗുരാഷ്മാൻ. നേരത്തെ, നവംബർ 17ന് ലണ്ടനിൽ കാണാതായ മറ്റൊരു ഇന്ത്യൻ വിദ്യാർഥിയെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

ഉന്നതപഠനത്തിനായി ലണ്ടനിലെത്തിയ 23കാരനായ മിത്കുമാർ പട്ടേലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കിഴക്കൻ ലണ്ടനിലെ കാനറി വാർഫ് ഏരിയയ്ക്ക് സമീപം തെയിംസ് നദിയിൽ നിന്ന് നവംബർ 21നാണ് മൃതദേഹം കണ്ടെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. സെപ്തംബറിലാണ് മിത്കുമാർ ലണ്ടനിലെത്തിയത്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് പറഞ്ഞിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.