സ്വന്തം ലേഖകൻ: കാലിഫോര്‍ണിയയിലെ ഹിന്ദു ക്ഷേത്രത്തില്‍ ഖലിസ്ഥാന്‍ അനുകൂല, ഇന്ത്യവിരുദ്ധ മുദ്രാവാക്യങ്ങളെഴുതി വികൃതമാക്കി. ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷനാണ് ന്യൂവാര്‍ക്കിലെ സ്വാമിനാരായണ്‍ മന്ദിര്‍ വാസന സൻസ്ത വികൃതമാക്കിയതിന്റെ ചിത്രങ്ങള്‍ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചത്.
ക്ഷേത്രത്തിന്റെ മതിലുകളില്‍ ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെയുള്ള മുദ്രാവാക്യങ്ങള്‍ ഈ ചിത്രങ്ങളില്‍ കാണാം. ക്ഷേത്രദര്‍ശനത്തിനെത്തുന്ന വിശ്വാസികളെ മുറിപ്പെടുത്താനും അക്രമിക്കപ്പെടുമെന്ന ഭീതി സൃഷ്ടിക്കാനുമാണ് ഇത്തരം വിദ്വേഷകരമായ സന്ദേശങ്ങള്‍ എഴുതിയതെന്നും ഓര്ഗനൈസേഷന് പറഞ്ഞു.
നേവാര്‍ക്ക് പോലീസ് വകുപ്പിലും ജസ്റ്റിസ് സിവില്‍ റൈറ്റ്സ് ഡിവിഷന് വകുപ്പിലും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അപലപിച്ച ഇന്ത്യ, ഉടന്‍ നടപടിയെടുക്കണമെന്നും അധികൃതരോട് ആവശ്യപ്പെട്ടു. യുഎസിലും കാനഡയിലും ഇത്തരത്തില്‍ ക്ഷേത്രങ്ങള്‍ ലക്ഷ്യം വെച്ചുള്ള സമാനസംഭവങ്ങള്‍ ഇതിനുമുന്‍പും ഉണ്ടായിട്ടുണ്ട്.
‘ഇന്ത്യ വിരുദ്ധ ചുവരെഴുത്തുകളുമായി കാലിഫോര്‍ണിയ നേവാര്‍ക്കിലെ എസ്.എം.വി.എസ് ശ്രീ സ്വാമിനാരായണ മന്ദിറിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഇന്ത്യന്‍ വിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് ഈ സംഭവം. ഇതില്‍ ഉടനടി അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുഎസ് അധികൃതരോട് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്’, ഇന്ത്യന്‍ എംബസി എക്സില്‍ കുറിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല