സ്വന്തം ലേഖകൻ: നവകേരള സദസ്സിന് ഇന്ന് തലസ്ഥാനത്ത് സമാപനം. നവംബർ 18ന് കാസർകോട് നിന്ന് ആരംഭിച്ച നവകേരള സദസ്സിന് ഇന്ന് തലസ്ഥാനത്ത് സമാപനമാകും. സർക്കാരിന്റെ നേട്ടങ്ങളും കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയും ജനങ്ങളെ ബോധ്യപ്പെടുത്തുകയായിരുന്നു മന്ത്രിമാരുടെ മണ്ഡല പര്യടന യാത്രയുടെ ലക്ഷ്യം. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ നവ കേരള സദസ്സ് പുരോഗമിക്കുമ്പോൾ യാത്ര കടന്നുപോകുന്ന തിരുവനന്തപുരത്തെ സ്ഥലങ്ങൾ താത്കാലിക റെഡ് സോണുകളായി പ്രഖ്യാപിച്ചിരുന്നു.
കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസുകാരെ പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും മർദ്ദിച്ചതിൽ പ്രതിഷേധിച്ച് രാവിലെ 10ന് ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. കെപിസിസി ആസ്ഥാനത്തു നിന്ന് ആരംഭിക്കുന്ന മാർച്ചിന് പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, എം എം ഹസൻ, കെ മുരളീധരൻ തുടങ്ങിയവർ നേതൃത്വം നൽകും. കനത്ത സുരക്ഷയിലാണ് തലസ്ഥാനം ഇന്ന്.
തിരുവനന്തപുരം ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലാണ് ഇന്ന് സദസ്സ് നടക്കുന്നത്. കോവളം മണ്ഡലത്തിലാണ് ആദ്യ വേദി. ഉച്ചയ്ക്ക് ശേഷം മൂന്നിന് പൂജപ്പുര മൈതാനത്ത് നേമം മണ്ഡലത്തിലെ നവകേരള സദസ് നടക്കും. കഴക്കൂട്ടം മണ്ഡലത്തിലെ നവകേരള സദസ്സ് വൈകിട്ട് 4.30ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ്.
വൈകിട്ട് ആറിന് വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലാണ് തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ സംയുക്ത സദസ്സ് ഒരുക്കിയിരിക്കുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാലം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ 4 മണ്ഡലങ്ങളിലെ പര്യടനം ജനുവരി 1, 2 തീയതികളിൽ ആയിരിക്കും നടക്കുക.
ഉമ്മൻ ചാണ്ടി മോഡൽ ജനകീയത ലക്ഷ്യമിട്ടായിരുന്നു രണ്ടാം പിണറായി സർക്കാർ നവകേരള സദസ്സ് സംഘടിപ്പിച്ചത്. കാസർകോഡ് മുതൽ തിരുവനന്തപുരം വരെ നിയമസാഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു കൊണ്ട് മുഖ്യമന്ത്രിയും മന്ത്രമാരും സഞ്ചരിച്ചു. ജനങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ വഴി പരാതി സ്വീകരിച്ചു. ഈ പരാതികൾ ഇപ്പോൾ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നു. പരിഹരിക്കപ്പെടുമോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. മന്ത്രിമാർ നേരിട്ട് ഇടപെടാതെ ഉദ്യോസ്ഥർ മുഖേന നടത്തിയതോടെ പരിപാടിയുടെ ജനകീയത എന്ന ഭാഗം തന്നെ അപ്രസക്തമായി.
നവകേരള സദസ്സിനായി മുഖ്യമന്ത്രിക്കും കൂട്ടർക്കും സഞ്ചരിക്കാനായി ആഡംബര ബസ് വാങ്ങിയപ്പോൾ മുതൽ വിവാദങ്ങളുടെ തുടക്കമാണ്. ഇത് പ്രതിഷേധക്കാരെ മർദ്ദിച്ചൊതുക്കുന്ന അവസ്ഥയിലേക്കും എത്തി. ഇതോടെ യാത്ര എന്തിന് വേണ്ടിയാണെന്ന ചോദ്യം പോലും പല കോണുകളിൽ നിന്നും ഉയർന്നു. ഇതിനിടെ ഹൈക്കോടതിയിൽ നിന്നും നവകേരള സദസ്സിന് പലതവണ പ്രഹരങ്ങളേറ്റു. യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ചവരെ മുഖ്യമന്ത്രി രക്ഷാപ്രവർത്തകർ എന്നു വിളിച്ചതോടെ വാശിയോടെ മുഖ്യമന്ത്രിയെ തടയുന്ന യൂത്ത് കോൺഗ്രസുകാരെയും കണ്ടു.
നവകേരള സദസിനിറങ്ങിയ സർക്കാരിന് കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ നിരവധി തിരിച്ചടികളാണ് ഹൈക്കോടതിയിൽ നിന്ന് ഏൽക്കേണ്ടിവന്നത്. പണപ്പിരിവുമുതൽ നവകേരള വേദിവരെ പല ബെഞ്ചുകളിലായി ചോദ്യം ചെയ്യപ്പെട്ടു. തലനാരിഴയ്ക്കാണ് കടുത്ത വിമർശനങ്ങളിൽ നിന്ന് പലപ്പോഴും സർക്കാർ തത്രപ്പെട്ട് തലയൂരിയത്.
നവകേരളസദസിനെ വിമർശിച്ചവരെ വാക്കുകൊണ്ടും പരസ്യമായി പ്രതിഷേധിച്ചവരെ ലാത്തികൊണ്ടും സർക്കാർ ഒതുക്കിയെങ്കിലും കോടതിമുറികളിൽ പലപ്പോഴും ഉത്തരം മുട്ടി. നഗരസഭകളിൽ നിന്നും പഞ്ചായത്തുകളിൽ നിന്നും പണം നൽകാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാരോട് ഉത്തരവിട്ടതാണ് ആദ്യം ചോദ്യം ചെയ്യപ്പെട്ടത്. ഇത് ചോദ്യം ചെയ്യപ്പെട്ടതോടെ കൗൺസിൽ അംഗീകാരം ഇല്ലാതെ നയാപൈസ നൽകരുതെന്ന് കോടതിയിൽ നിന്ന് ഉത്തരവ് വന്നു.
നവകേരള സദസിനായി സ്‌കൂൾ ബസുകൾ വിട്ടു നൽകണമെന്ന നിർദ്ദേശത്തിനാണ് കോടതിയിൽ സർക്കാരിന് രണ്ടാമത് തിരിച്ചടിയേറ്റത്. സ്‌കൂൾ ബസുകൾ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് പോകാനുള്ളതാണെന്ന് കോടതി കടുത്ത നിലപാടെടുത്തതോടെ സർക്കാരിന് ഉത്തരം മുട്ടി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്ര പരിസരത്ത് നവകേരള സദസ് നടത്താനുള്ള സർക്കാർ തീരുമാനമാണ് പിന്നീട് ചോദ്യം ചെയ്യപ്പെട്ടത്. ഇതിലും പിണറായി വിജയനും കൂട്ടർക്കും കൈപൊള്ളി. കൊല്ലം ചക്കുവള്ളി ക്ഷേത്രത്തിലെ പന്തൽ അഴിക്കാനുള്ള ഉത്തരവ് വന്നതോടെ കാര്യങ്ങൾ പന്തിയല്ലെന്ന് സർക്കാരിനും മനസിലായി.
ഇതോടെ കൊല്ലത്തെതന്നെ രണ്ടു ക്ഷേത്ര പരിസരത്തെ പരിപാടി രായ്ക്കാരാമനം മറ്റൊരിടത്തേക്ക് മാറ്റി. തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലും നവകേരള സദസ് സംഘടിപ്പിക്കാനുള്ള നീക്കത്തിന് തിരിച്ചടിയേറ്റു. സ്‌കൂൾ മതിലുകൾ പൊളിച്ച് പിണറായിക്ക് വഴിയൊരുക്കിയതിലും കോടതിയുടെ നാവിന്റെ ചൂടറിഞ്ഞു. നവകേരള സദസിന്റെ പേരിലുള്ള പണപ്പിരിവ് ചോദ്യം ചെയ്തും ഹൈക്കോടതിയിൽ ഹർജിയെത്തി. പണപ്പിരിവില്ലെന്നം സ്‌പോൺസർഷിപ്പാണെന്നും വ്യക്തതവരുത്തിയാണ് അന്ന് സർക്കാർ തലയൂരിയത്.
അതിനിടെ നവകേരള സദസിനെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി സഞ്ചരിച്ച ബസ്സിനു നേരെ ഷൂ എറിഞ്ഞ സംഭവത്തില്‍ ട്വന്റിഫോര്‍ റിപ്പോര്‍ട്ടര്‍ വി ജി വിനീതക്കെതിരെ കുറുപ്പംപടി പോലീസ് കേസെടുത്തു. കേസില്‍ അഞ്ചാം പ്രതിയാണ് വിനീത. മുഖ്യമന്ത്രിക്കെതിരെ ഷൂ എറിഞ്ഞ സംഭവത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകണ മെന്നു ചൂണ്ടിക്കാട്ടി നേരത്തെ പോലീസ് നോട്ടിസ് നല്‍കിയിരുന്നു.
ഐ പി സി 120(ബി) പ്രകാരമാണ് വിനീതയ്ക്കെതിരെ കേസെടുത്തത്. ഷൂസ് എറിഞ്ഞവര്‍ ക്കെതിരെ ചുമത്തിയ ഈ വകുപ്പുകള്‍ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ ത്തിയപ്പോള്‍ വകുപ്പുകള്‍ സംബന്ധിച്ച് പോലീസിന് രൂക്ഷ വിമര്‍ശനമുണ്ടാവുകയും പ്രതികള്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ നിലനില്‍ക്കില്ലെന്നു കോടതി വിലയിരുത്തിയ അതേ വകുപ്പുകളാണ് നിലവില്‍ മാധ്യമപ്രവര്‍ത്തകയ്ക്കെതിരെയും ചുമത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല