സ്വന്തം ലേഖകൻ: മറ്റു രാജ്യത്തെ നമ്പര്‍ പ്ലേറ്റുള്ള കാറുകള്‍ സൗദിയില്‍ ഓടിക്കാന്‍ അനുമതി നല്‍കുന്നത് സംബന്ധിച്ച വിശദീകരണവുമായി സൗദി ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് (മുറൂര്‍). സൗദി ഇതര ലൈസന്‍സ് പ്ലേറ്റുള്ള വാഹനങ്ങള്‍ സൗദിയില്‍ ഓടിക്കാന്‍ ആ വാഹനത്തിന്റെ ലൈസന്‍സ് ലഭിച്ച രാജ്യത്തെ പൗരന്മാര്ക്ക് മാത്രമാണ് അവകാശമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വിദേശത്ത് ആ രാജ്യത്തെ പൗരന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ സൗദിയില്‍ ഓടിക്കാന്‍ സ്വദേശികള്‍ക്കോ വിദേശികള്‍ക്കോ അനുവദനീയമല്ല. വാഹനത്തിന്റെ യഥാര്‍ത്ഥ ഉടമയ്ക്ക് സൗദിയിലേക്ക് വാഹനം കൊണ്ടുവരുന്നതിനോ രാജ്യത്തെ നിരത്തുകളില്‍ ഉപയോഗിക്കുന്നതിനോ തടസമില്ല.
സൗദി ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ എക്സ് പ്ലാറ്റ്ഫോമിലൂടെ ഒരാള്‍ നടത്തിയ അന്വേഷണത്തിനാണ് അധികൃതര്‍ ഇതു സംബന്ധിച്ച് മറുപടി നല്‍കിയത്. ‘എന്റെ ബന്ധുക്കളില്‍ ഒരാള്‍ക്ക് കുവൈത്തില്‍ ആ രാജ്യത്തെ നമ്പര്‍ പ്ലേറ്റുള്ള ഒരു കാര്‍ ഉണ്ട്. ഈ കാര്‍ കുവൈത്തില്‍ ഉപയോഗിക്കാനുള്ള അനുമതിപത്രവും എനിക്കുണ്ട്. ഈ കാര്‍ എനിക്ക് സൗദിയിലേക്ക് കൊണ്ടുവരാനാവുമോ?’ എന്നായിരുന്നു ചോദ്യം.
സൗദി ഇതര നമ്പര്‍ പ്ലേറ്റിലുള്ള വാഹനങ്ങള്‍ സൗദിയില്‍ ഓടിക്കുന്നത് നമ്പര്‍ പ്ലേറ്റുകള്‍ ലഭിച്ച രാജ്യത്തെ പൗരന്മാരായിരിക്കണമെന്നായിരുന്നു വകുപ്പിന്റെ മറുപടി. പൗരന്മാര്ക്കിടയില് സൗദി ഇതര നമ്പര്‍ പ്ലേറ്റ് ഉപയോഗം വര്‍ധിച്ചതിനാല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് സൗദി ഇതര ലൈസന്‍സ് പ്ലേറ്റുകളുള്ള കാറുകള്‍ നിരീക്ഷിക്കാന്‍ ട്രാഫിക് പട്രോളിങ് ടീമുകള്‍ക്ക് നിര്‍ദേശമുണ്ട്. നിയമങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്തുകയും പിടിച്ചെടുക്കുകയും ചെയ്യും.
പുതിയ വീസയില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് കാലഹരണപ്പെട്ട ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കിനല്‍കുമെന്ന് സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അടുത്തിടെ അറിയിച്ചിരുന്നു. സാധുവായ സൗദി വീസ ഉള്ളവര്‍ക്കാണ് അവസരം. പുതിയ ഐഡി നമ്പര്‍ ഉപയോഗിച്ച് പുതിയ ഡ്രൈവിങ് ലൈസന്‍സിനായി പ്രവാസികള്‍ക്ക് ബന്ധപ്പെടാമെന്ന് സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അടുത്തിടെ പ്രസ്താവന പുറത്തിറക്കിയിരുന്നു.
പ്രവാസി രാജ്യം വിടുന്ന സമയത്ത് ഡ്രൈവിങ് ലൈസന്‍സ് കാലഹരണപ്പെട്ടിട്ടുണ്ടെങ്കില്‍ പുതിയ ലൈസന്‍സിന് അപേക്ഷിക്കുന്നതിന് മുമ്പ് കുടിശ്ശിക അടയ്ക്കുകയും വേണം. വിസിറ്റ് വീസയില്‍ സൗദിയിലെത്തുന്ന ഒരു വിദേശിക്ക് അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ അനുവാദമുണ്ടെന്ന് അടുത്തിടെ ട്രാഫിക് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല