1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 24, 2023

സ്വന്തം ലേഖകൻ: എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ ബസ് എ350-900 വൈഡ് ബോഡി വിമാനം ഇന്ത്യയിലെത്തി. ഫ്രാന്‍സിലെ എയര്‍ബസ് നിര്‍മ്മാണശാലയില്‍ നിന്ന് പുറപ്പെട്ട VT-JRA എന്ന രജിസ്‌ട്രേഷനിലുള്ള വിമാനം ശനിയാഴ്ച ഉച്ചയ്ക്ക് 01:46-നാണ് ഡല്‍ഹി വിമാനത്താവളത്തിന്റെ റണ്‍വേയില്‍ ഇറങ്ങിയത്. ഇതോടെ രാജ്യത്ത് എ350 വിമാനം അവതരിപ്പിക്കുന്ന ആദ്യ എയര്‍ലൈനായിരിക്കുകയാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ.

യൂറോപ്യന്‍ കമ്പനിയായ എയര്‍ബസിന് 250 വിമാനങ്ങള്‍ക്കുള്ള ഓര്‍ഡറാണ് എയര്‍ ഇന്ത്യ നല്‍കിയത്. ഇതില്‍ ആദ്യവിമാനമാണ് ഇപ്പോള്‍ എത്തിയത്. ഓര്‍ഡര്‍ ചെയ്ത 250 എണ്ണത്തില്‍ 20 എണ്ണം എ350-900 വൈഡ് ബോഡി വിമാനങ്ങളാണ്. ഇതിന് പുറമെ 20 എ350-1000 വിമാനങ്ങളും 210 എ320 നിയോ നാരോബോഡി വിമാനങ്ങളുമാണ് എയര്‍ ഇന്ത്യ ഓര്‍ഡര്‍ ചെയ്തത്. അടുത്ത മാര്‍ച്ച് മാസത്തില്‍ അഞ്ച് എ350-900 വൈഡ് ബോഡി വിമാനങ്ങള്‍ കൂടി എയര്‍ ഇന്ത്യയ്ക്കായി എത്തും.

ശനിയാഴ്ച ഡല്‍ഹിയിലെത്തിയ എയര്‍ ഇന്ത്യയുടെ എ350-900 വൈഡ് ബോഡി വിമാനം ജനുവരിയില്‍ സര്‍വ്വീസ് ആരംഭിക്കും. ആദ്യഘട്ടത്തില്‍ ആഭ്യന്തര റൂട്ടിലെ സര്‍വ്വീസിനായാണ് ഈ വിമാനം ഉപയോഗിക്കുക. പിന്നീട് വിമാനം ദീര്‍ഘദൂര അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്കായി ഉപയോഗിക്കും. പുതിയ വിമാനത്തിന്റെ ഷെഡ്യൂള്‍ വരുന്ന ആഴ്ചകളില്‍ പുറത്തുവിടുമെന്നാണ് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ പറയുന്നത്.

വിമാനം ഇന്ത്യയിലെത്തിയ വിവരം എയര്‍ ഇന്ത്യയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെയാണ് പുറത്തറിയിച്ചത്. വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള പുതിയ വൈഡ്‌ബോഡി വിമാനത്തിന്റെ ചിത്രങ്ങളും എയര്‍ ഇന്ത്യ പങ്കുവെച്ചിട്ടുണ്ട്.

നിലവില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ വിമാനങ്ങളിലെ ഏക എയര്‍ബസ് വൈഡ് ബോഡി വിമാനമാണ് ഇന്ന് എത്തിയ എയര്‍ ഇന്ത്യ വിമാനം. അമേരിക്കന്‍ കമ്പനിയായ ബോയിങ്ങിന്റെ വൈഡ് ബോഡി വിമാനങ്ങളാണ് ഇന്ത്യന്‍ കമ്പനികള്‍ ഉപയോഗിക്കുന്നത്. ഇപ്പോള്‍ പ്രവര്‍ത്തനം നിലച്ച ജെറ്റ് എയര്‍വെയ്‌സ് കമ്പനിക്ക് ഏതാനും എയര്‍ബസ് എ330 വൈഡ് ബോഡി വിമാനങ്ങള്‍ ഉണ്ടായിരുന്നു.

ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കും അതിദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കുമാണ് സാധാരണഗതിയില്‍ വൈഡ് ബോഡി വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. നാരോ ബോഡി വിമാനങ്ങള്‍ ആഭ്യന്തര സര്‍വ്വീസുകള്‍ക്കും ദൈര്‍ഘ്യം കുറഞ്ഞ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്കുമാണ് ഉപയോഗിക്കുക.

300 മുതല്‍ 350 യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന എ350-900 വിമാനത്തിന് ഒറ്റയടിക്ക് 15,000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയും. 350 മുതല്‍ 410 വരെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന എ350-1000 വിമാനത്തിന് ഇടവേളയില്ലാതെ 16,000 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും.

നിലവില്‍ എയര്‍ ഇന്ത്യയുടെ കൈവശമുള്ള വിമാനങ്ങളില്‍ ഭൂരിഭാഗവും കമ്പനി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളപ്പോള്‍ വാങ്ങിയവയാണ്. 2022 ജനുവരിയിലാണ് എയര്‍ ഇന്ത്യയെ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തത്. ഈ സമയം കമ്പനിയുടെ കൈവശമുള്ള വിമാനങ്ങളില്‍ പലതും തകരാറായ നിലയിലായിരുന്നു.

കമ്പനി ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷമാണ് പുതിയ വിമാനങ്ങള്‍ക്കായി വലിയ ഓര്‍ഡര്‍ നല്‍കിയത്. 470 വിമാനങ്ങള്‍ക്കാണ് എയര്‍ ഇന്ത്യ ഓര്‍ഡര്‍ കൊടുത്തത്. 250 എയര്‍ബസിനും 220 ബോയിങ്ങിനുമായിരുന്നു ഓർഡർ നൽകിയത്. സര്‍വ്വീസുകള്‍ വിപുലീകരിക്കുന്നതിനൊപ്പം യാത്രക്കാര്‍ക്ക് ലോകോത്തരമായ യാത്രാനുഭവം സമ്മാനിക്കുന്നതിനുകൂടിയാണ് എയര്‍ ഇന്ത്യയുടെ നീക്കം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.