സ്വന്തം ലേഖകൻ: രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ കാഴ്ച മറച്ച് കനത്ത മൂടല്‍ മഞ്ഞ് തുടരുന്നു. ബുധനാഴ്ച രാവിലെ ഡല്‍ഹിയിലെ ദൃശ്യപരിധി 50 മീറ്ററിലേക്ക് താഴ്ന്നു. വാഹനഗതാഗതത്തെ ഉള്‍പ്പെടെ ബാധിക്കുന്ന തരത്തില്‍ ദൃശ്യപരിധി കുറഞ്ഞതോടെ അധികൃതര്‍ ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
കനത്ത മൂടല്‍മഞ്ഞ് റെയില്‍, വ്യോമ ഗതാഗതത്തെയും സാരമായി ബാധിച്ചു. പറന്നുയരാനാകാത്തതിനാല്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള 110 സര്‍വ്വീസുകളാണ് വൈകുന്നത്. ഡല്‍ഹി ലക്ഷ്യമാക്കിയുള്ള 25 ട്രെയിനുകള്‍ വൈകുന്നതായി ഉത്തര റെയില്‍വേ അറിയിച്ചു.
റോഡുകളിലെ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാഴ്ച മറയ്ക്കുന്ന തരത്തില്‍ അന്തരീക്ഷത്തില്‍ മഞ്ഞ് നിറഞ്ഞതിനാല്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടങ്ങളുണ്ടായത്. ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് വേയിലുണ്ടായ വിവിധ അപകടങ്ങളിലായി ഒരാള്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്കേറ്റു. ബറേലിയില്‍ ദേശീയപാതയിലൂടെ അമിതവേഗത്തിലെത്തിയ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി.
ഉത്തരേന്ത്യയിലെ മറ്റ് നഗരങ്ങളിലും കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദൃശ്യപരിധി കുറഞ്ഞിരിക്കുകയാണ്. പാട്യാല, ലഖ്‌നൗ, പ്രയാഗ്‌രാജ് തുടങ്ങിയ നഗരങ്ങളിലെ ദൃശ്യപരിധി 25 മീറ്ററായപ്പോള്‍ അമൃത്സറില്‍ ദൃശ്യപരിധി പൂജ്യത്തിലേക്ക് താഴ്ന്നു.
താരതമ്യേനെ മെച്ചപ്പെട്ട നിലയിലായിരുന്ന ഡല്‍ഹിയിലെ വായുനിലവാരവും ഇപ്പോള്‍ താഴ്ന്നിട്ടുണ്ട്. 381-ലേക്കാണ് ഡല്‍ഹിയിലെ ശരാശരി വായുനിലവാരം താഴ്ന്നത്. ഡല്‍ഹി ആനന്ദ് വിഹാറിലെ വായുനിലവാരം 441 ആയി.
ഗാസിയാബാദില്‍ 336, നോയിഡയില്‍ 363, മധ്യഡല്‍ഹിയിലെ ലോധി റോഡില്‍ 327, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 368 എന്നിങ്ങനെയാണ് ഡല്‍ഹിയിലെ മറ്റിടങ്ങളിലെ വായുനിലവാരം. രാജ്യതലസ്ഥാനത്തെ കുറഞ്ഞ താപനില ഏഴ് ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 24 ഡിഗ്രി സെല്‍ഷ്യസുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല