സ്വന്തം ലേഖകൻ: വൈഗകൊലക്കേസ് പ്രതി സനുമോഹന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഒരു ലക്ഷം രൂപ പിഴ അടയ്ക്കണം. വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി തള്ളി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
പ്രതിക്കെതിരെ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും തെളിഞ്ഞു. കൊലപാതകം, തട്ടികൊണ്ടുപോകല്‍, തടഞ്ഞുവെക്കല്‍, ലഹരിക്കടിമയാക്കല്‍, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ തുടങ്ങിയവയാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമെ ഐപിസി 328 പ്രകാരം 10 വര്‍ഷം തടവ് 25000 രൂപ പിഴ, ഐപിസി 201 പ്രകാരം അഞ്ച് വര്‍ഷം കഠിനതടവ് 10,000 രൂപ പിഴ, 75 ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം 10 വര്‍ഷം തടവ് 25,000 രൂപ പിഴ, 77 ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്ന് വര്‍ഷം തടവ് 10,000 രൂപ പിഴയും എന്നിങ്ങനെയും വിധിച്ചു. വിവിധ വകുപ്പുകളിലായി 28 വർഷമാണ് തടവുശിക്ഷ അനുഭവിച്ച ശേഷം ജീവപര്യന്തം ശിക്ഷയും അനുഭവിക്കണം.
2021 മാര്‍ച്ച് 22-നാണ് മുട്ടാര്‍പ്പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ വൈഗ(10)യുടെ മൃതദേഹം കണ്ടെത്തുന്നത്. തലേദിവസം രാത്രി സനു മോഹന്‍ ഭാര്യ രമ്യയെ ആലപ്പുഴയിലുള്ള ബന്ധുവീട്ടില്‍ കൊണ്ടാക്കിയ ശേഷം മറ്റൊരു വീട്ടില്‍ പോകുകയാണെന്നു പറഞ്ഞാണ് ഇറങ്ങിയത്.
മകളെയും ഒപ്പം കൂട്ടിയായിരുന്നു യാത്ര. രാത്രിയായിട്ടും തിരിച്ചെത്താഞ്ഞതോടെ സംശയം തോന്നി വിളിച്ചുനോക്കിയെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പിറ്റേദിവസം പെണ്‍കുട്ടിയുടെ മൃതദേഹം മുട്ടാര്‍പ്പുഴയില്‍ കണ്ടെത്തുകയായിരുന്നു.
പിതാവ് മകളെ കൊലപ്പെടുത്തി സംസ്ഥാനം വിട്ടതാണെന്ന് സൂചന ലഭിക്കുകയും, വാളയാര്‍ ചെക്‌പോസ്റ്റിലൂടെ സനുവിന്റെ കാര്‍ കടന്നുപേയതിന്റെ സി.സി. ടി.വി. ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലായി. ഒരു മാസത്തോളം ഒളിവില്‍ കഴിഞ്ഞ പ്രതിയെ 2021 ഏപ്രില്‍ 18-ന് കര്‍ണാടകയിലെ കാര്‍വാറില്‍നിന്നാണ് പിടികൂടിയത്.
വലിയ സാമ്പത്തിക ബാധ്യതകളുണ്ടായിരുന്ന സനുമോഹന്‍, മകള്‍ ജീവിച്ചിരുന്നാല്‍ ബാധ്യതയാകുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. ആലപ്പുഴയില്‍നിന്ന് മകളെയും കൂട്ടി കൊച്ചി കങ്ങരപ്പടിയിലെ ഫ്‌ളാറ്റിലെത്തിയ സനുമോഹന്‍ ഇവിടെവെച്ചാണ് വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്.
പിന്നാലെ മുട്ടാര്‍പുഴയില്‍ പാലത്തിലെത്തി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് കാറുമായി സംസ്ഥാനം വിട്ടപ്രതി വാഹനം വിറ്റശേഷം കോയമ്പത്തൂര്‍, ഗോവ, മൂകാംബിക എന്നിവിടങ്ങളിലായാണ് ഒളിവില്‍കഴിഞ്ഞത്. പ്രതി വിറ്റ കാറും മകളുടെ ആഭരണങ്ങളും പോലീസ് സംഘം തമിഴ്‌നാട്ടില്‍നിന്ന് കണ്ടെടുത്തിരുന്നു. വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കര്‍ണാടകയില്‍നിന്നും കണ്ടെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല