സ്വന്തം ലേഖകൻ: പ്രശസ്ത തമിഴ് നടനും ഡിഎംഡികെ സ്ഥാപക നേതാവുമായ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പിന്നാലെ ആരോഗ്യനില മോശമാവുകയായിരുന്നു.
അനാരോഗ്യത്തെത്തുടർന്ന് ഏറെക്കാലമായി സജീവ രാഷ്ട്രീയത്തിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു. വിജയകാന്തിന്റെ സാന്നിധ്യത്തിൽ അടുത്തിടെ നടന്ന പാർട്ടി സമ്മേളനത്തിൽ ഭാര്യയും പാർട്ടി ട്രഷററുമായ പ്രേമലത ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു. എൺപതുകളുടെ തുടക്കം മുതൽ തമിഴ് സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു ക്യാപ്റ്റനെന്ന വിളിപ്പേരിൽ അറിയപ്പെട്ട വിജയകാന്ത്.
ദേശീയ മുർപോക്ക് ദ്രാവിഡ കഴകം എന്ന പാർട്ടിയുടെ സ്ഥാപക നേതാവും രണ്ട് തവണ നിയമസഭാ അംഗവും ആയ വിജയകാന്ത് അഞ്ച് വർഷം പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. 1952 ഓഗസ്റ്റ് 25 ന് മധുരയിലാണ് വിജയകാന്തെന്ന അളഗർസാമി ജനിച്ചത്. 1979 ൽ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ ആണ് ആദ്യ ചിത്രം. 1981 ൽ റിലീസായ സട്ടം ഒരു ഇരുട്ടറൈ ആണ് നായകനെന്ന നിലയിൽ അദ്ദേഹത്തെ അടയാളപ്പെടുത്തിയ ആദ്യ ചിത്രം. സിവപ്പുമല്ലി, ജാതിക്കൊരു നീതി, കൂലിക്കാരൻ, സിന്ദൂരപ്പൂവേ, പുലൻ വിചാരണൈ, സത്രിയൻ എന്നിവയെല്ലാം എടുത്തുപറയാവുന്ന ചിത്രങ്ങളാണ്.
തൊണ്ണൂറുകളിൽ ക്ഷുഭിത യൗവനത്തിന്റെ വക്താവായിരുന്നു വിജയകാന്ത്. ആക്ഷനും പ്രണയും വൈകാരികതയുമെല്ലാം തനത് ശൈലിയിൽ അവതരിപ്പിച്ച താരം ഒരു വർഷം 18 സിനിമകളിൽ വരെ അഭിനയിച്ച് ചരിത്രം കുറിച്ചിട്ടുണ്ട്. 2010 ൽ പുറത്തിറങ്ങിയ വിരുദഗിരിയിലാണ് അവസാനം നായകനായി അഭിനയിച്ചത്. തമിഴ്നാട് സർക്കാറിന്റെ കലൈമാമണി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ വിജയകാന്തിനെ തേടിയെത്തി.
അവസാനമായി വെള്ളിത്തിരയിൽ എത്തിയത് മകൻ ഷൺമുഖ പാണ്ഡ്യൻ നായകനായി എത്തിയ സതാബ്ദത്തിലൂടെയാണ്. 2005 ലാണ് ഡിഎംഡികെ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്. 2006 ൽ 234 സീറ്റിൽ മത്സരിച്ചുവെങ്കിലും വിജയകാന്ത് മാത്രമാണ് ജയിച്ചത്. 2011 ൽ എ ഐ എഡിഎം കെയുമായി സഖ്യമുണ്ടാക്കി 40 സീറ്റിൽ മത്സരിച്ച് 29 എണ്ണത്തിൽ വിജയിച്ചു.
2011 മുതൽ 2016 വരെ പ്രതിപക്ഷ നേതാവായിരുന്നു. പക്ഷേ പിന്നീട് രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കാനായില്ല. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിയുമായി സഖ്യമുണ്ടാക്കിയെങ്കിലും മത്സരിച്ച സീറ്റുകളിൽ പരാജയപ്പെട്ടു. ഇതോടെ രാഷ്ട്രീപാർട്ടി എന്ന നിലയിൽ ഡിഎം ഡി കെ ദുർബലമായി.
1994-ല്‍ എം.ജി.ആര്‍ പുരസ്‌കാരം, 2001-ല്‍ കലൈമാമണി പുരസ്‌കാരം, ബെസ്റ്റ് ഇന്ത്യന്‍ സിറ്റിസെന്‍ പുരസ്‌കാരം, 2009-ല്‍ ടോപ്പ് 10 ലെജന്‍ഡ്‌സ് ഓഫ് തമിഴ് സിനിമാ പുരസ്‌കാരം, 2011-ല്‍ ഓണററി ഡോക്ടറേറ്റ് എന്നിവ വിജയകാന്തിനെ തേടിയെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല