സ്വന്തം ലേഖകൻ: കോഴിക്കോട് വിമാനത്താവളത്തിന് പുതുവത്സര സമ്മാനമെന്നോണം അബുദാബിയുടെ ഔദ്യാഗിക എയർലൈനായ എത്തിഹാദ് കോഴിക്കോട്ട് മടങ്ങിയെത്തുന്നു. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ജനുവരി ഒന്നുമുതൽ കോഴിക്കോട്-അബുദാബി എത്തിഹാദ് സർവീസ് പുനരാരംഭിക്കുന്നത്. 20,000 രൂപമുതലാണ് ടിക്കറ്റ് നിരക്ക്.
കോവിഡ് വിലക്കുകളും കോഴിക്കോട്ട് വലിയ വിമാനങ്ങൾക്കുവന്ന നിയന്ത്രണവുമാണ് എത്തിഹാദ് സർവീസുകളെ ബാധിച്ചത്. കോഴിക്കോട്-അബുദാബി മേഖലയിൽ ദിവസവും നാലു സർവീസുകളുണ്ടായിരുന്ന എത്തിഹാദ് നിയന്ത്രണങ്ങളെത്തുടർന്ന് അത് അവസാനിപ്പിക്കുകയായിരുന്നു. 300 പേർക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങൾക്ക് കോഴിക്കോട്ട് സർവീസിന് അനുമതി ലഭിച്ചതാണ് എത്തിഹാദിനു തുണയായത്.
ഉച്ചയ്ക്ക് 2.20-ന് അബുദാബിയിൽനിന്നു പുറപ്പെടുന്ന വിമാനം വൈകീട്ട് 7.05-ന് കരിപ്പൂരിലെത്തുന്ന വിധത്തിലാണ് സർവീസ്. തിരിച്ച് രാത്രി 9.30-ന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന വിമാനം 12.05-ന് അബുദാബിയിലെത്തും. യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് കൂടുതൽ സർവീസുകൾ തുടങ്ങുന്ന കാര്യവും പരിഗണനയിലുണ്ട്.
ഇതോടൊപ്പം കോഴിക്കോട്-ബെംഗളൂരു സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസും ജനുവരി 16 മുതൽ സർവീസ് തുടങ്ങും. കോഴിക്കോട്ടുനിന്ന് രാത്രി 8.15-ന് പുറപ്പെട്ട് 9.15-ന് ബെംഗളൂരുവിൽ എത്തും. ബെംഗളൂരുവിൽനിന്ന് വൈകീട്ട് 6.45-ന് പുറപ്പെടുന്ന വിമാനം രാത്രി 7.45-ന് കരിപ്പൂരിലെത്തും. 2990 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
നിലവിൽ ഇൻഡിഗോ മാത്രമാണ് കോഴിക്കോട്-ബെംഗളൂരു സർവീസ് നടത്തുന്നത്. ആഴ്ചയിൽ 15 സർവീസുകൾ ഉണ്ടായിരിക്കും. ചൊവ്വ ഒഴികെ രണ്ടു സർവീസുകളും ചൊവ്വാഴ്ച മൂന്ന് സർവീസുകളുമാണ് ഇൻഡിഗോ നടത്തുന്നത്. 2800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല