1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 28, 2023

സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള ജിസിസി റെയിൽ 2028ൽ സർവീസ് ആരംഭിക്കുമെന്ന് കുവൈത്ത്. ഇക്കാര്യത്തിൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും നിർമാണം, നടത്തിപ്പ് എന്നിവ സംബന്ധിച്ച പഠനങ്ങൾ പൂർത്തിയാക്കിയതായും റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട് പബ്ലിക് അതോറിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ ഖാലിദ് ദാവി വ്യക്തമാക്കി.

പദ്ധതി നടപടികൾ ഉടൻ ആരംഭിക്കും. 10 രാജ്യാന്തര കമ്പനികൾ ടെൻഡർ സമർപ്പിച്ചതിൽ സാങ്കേതിക മികവും കുറഞ്ഞ തുകയും രേഖപ്പെടുത്തുന്ന കമ്പനിയെ തിരഞ്ഞെടുത്ത് ഏൽപിക്കും. ഈ കമ്പനിക്ക് വിശദ പഠനത്തിന് 12 മാസവും നടത്തിപ്പിന് 30 മാസവുമാണ് നിശ്ചയിച്ചിരിക്കുന്നത്. കുവൈത്തിൽനിന്ന് ആരംഭിച്ച് ഒമാൻ, ബഹ്റൈൻ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങൾ കടന്ന് ഒമാനിലെ മസ്‌കത്തിൽ സമാപിക്കുന്ന രീതിയിലാണ് ട്രാക്ക് ഒരുക്കുന്നത്.

2,117 കിലോമീറ്ററാണ് ജിസിസി റെയിൽ ദൈർഘ്യം. പരമാവധി വേഗം മണിക്കൂറിൽ 200 കി.മീ. പാസഞ്ചർ, ചരക്ക് റെയിലുകൾ സർവീസ് നടത്തും. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഗൾഫ് രാജ്യങ്ങൾക്കിടയിൽ യാത്രയും ചരക്കു ഗതാഗതവും സുഗമമാകും. നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം പ്രാദേശിക, ഗൾഫ് സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടും. ജിസിസി പൗരന്മാർക്കിടയിൽ സാമൂഹിക ബന്ധങ്ങൾ ശക്തമാക്കാനും പദ്ധതി ഗുണം ചെയ്യും.

ചരക്കു ഗതാഗത ചെലവ് കുറയുന്നതോടെ ഗൾഫ് രാജ്യങ്ങളിൽ സാധനങ്ങളുടെ വിലയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയിൽ ഗതാഗതം ശക്തിപ്പെടുന്നതോടെ ട്രക്ക് ഉൾപ്പെടെ റോഡിലെ വാഹനങ്ങളുടെ എണ്ണവും കാർബൺ മലിനീകരണവും ഗതാഗതക്കുരുക്കും അപകടവും കുറയ്ക്കാനാകും. ജോലി സാധ്യതയും വർധിക്കും. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള പ്രദേശങ്ങളുടെ വികസനവും ശക്തമാകും.

യുഎഇയുടെ ഇത്തിഹാദ് റെയിൽ 900 കി.മീ പൂർത്തിയാക്കി ഫെബ്രുവരിയിൽ രാജ്യമൊട്ടുക്ക് ചരക്കു സേവനം ആരംഭിച്ചു. ഇത്തിഹാദ് റെയിൽ നിർമാണം പൂർത്തിയാകുമ്പോൾ 1,200 കിലോമീറ്റർ വരെ നീളും. ജുബൈലിലൂടെ കടന്നുപോകുന്ന സൗദി റെയിൽ റാസൽഖൈർ-ദമാൻ റൂട്ടിൽ 200 കി.മീയിലേറെ പൂർത്തിയായി. സൊഹാർ തുറമുഖത്തെ യുഎഇ ദേശീയ റെയിലുമായി ബന്ധിപ്പിക്കുന്നതിനു ഒമാൻ റെയിലും ഇത്തിഹാദ് റെയിലും സംയുക്ത സംരംഭവും പുരോഗമിക്കുന്നു.

ഖത്തർ റെയിലിന്റെ അടിസ്ഥാന സൗകര്യ വികസനവും രൂപകൽപനയും പൂർത്തിയായി. ബഹ്‌റൈനെ ജിസിസി റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന സമാന്തര പാലം പദ്ധതിയുടെ ആദ്യഘട്ടവും കുവൈത്തിന്റെ 111 കി.മീ റെയിൽവേ ട്രാക്കിന്റെ രൂപകൽപനയും പൂർത്തിയായി. റെയിൽവേ ട്രാക്കുകളുടെ ഏകീകൃത മാനദണ്ഡങ്ങളും പൊതു മാർഗനിർദേശങ്ങളും സ്വീകരിക്കുന്നതിൽ ബുദ്ധിമുട്ട് ഇല്ലെന്ന് ജിസിസി റെയിൽവേ അതോറിറ്റിയും ഉറപ്പാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.