1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2023

സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവരുടെ യഥാര്‍ത്ഥ സ്‌പോണ്‍സര്‍മാരുടെ ഉടമസ്ഥതയിലല്ലാത്ത സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ കുവൈത്തില്‍ അനുമതി. യഥാര്‍ത്ഥ തൊഴിലുടമയുടെ അംഗീകാരത്തിന് വിധേയമായി മറ്റു തൊഴിലുടമകള്‍ക്ക് കീഴില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യാനാണ് അനുവാദം.

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി കുവൈത്ത് മാന്‍പവര്‍ അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തു. യഥാര്‍ത്ഥ തൊഴിലുടമയുടെ അംഗീകാരത്തിന് വിധേയമായി ഒരു മൂന്നാം കക്ഷിയുമായി പാര്‍ട്ട് ടൈം ജോലിക്ക് അനുമതി നല്‍കിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ (വര്‍ക്ക് ഫ്രം ഹോം) തൊഴിലുടമകളെ അനുവദിക്കുന്ന മറ്റൊരു ഉത്തരവും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന് ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് നല്‍കിയിട്ടുണ്ട്. 2024 ജനുവരിയോടെ പുതുവര്‍ഷം മുതല്‍ ഈ നിയമ ഭേദഗതികള്‍ പ്രാബല്യത്തില്‍ വരും.

സ്വകാര്യ മേഖലയിലെ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും പാര്‍ട്ട് ടൈം ജോലിയും വീട്ടിലിരുന്ന് ജോലിയും നിയമവിധേയമാക്കിയത് പ്രവാസി തൊഴിലാളികളെ സംബന്ധിച്ച് സുപ്രധാന തീരുമാനമാണ്. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറില്‍ നിന്ന് പാര്‍ട്ട് ടൈം വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുകയാണെങ്കില്‍ ജീവനക്കാര്‍ക്ക് മറ്റൊരു തൊഴിലുടമയ്ക്കായി ഒരു ദിവസം പരമാവധി നാല് മണിക്കൂര്‍ പാര്‍ട്ട് ടൈം ജോലിയില്‍ ഏര്‍പ്പെടാം.

നിര്‍മാണ മേഖലയിലും മറ്റും ജോലികള്‍ വര്‍ധിച്ചതിനാലും ജോലിക്കാരുടെ ലഭ്യത കുറവ് കാരണവും കരാര്‍ മേഖലയെ പ്രതിദിന മണിക്കൂര്‍ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തൊഴില്‍ വിപണിയുടെ ആവശ്യതകള്‍ക്കനുസരിച്ച് ജോലിക്കാരെ ലഭ്യമാക്കുന്നതിനും കൂടുതല്‍ പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യേണ്ട സാഹചര്യം കുറയ്ക്കാനും വേണ്ടിയാണ് പാര്‍ട്ട് ടൈം ജോലിക്ക് അനുമതി നല്‍കുന്നത്.

രാജ്യത്തെ ജനസംഖ്യയില്‍ സ്വദേശികളേക്കാള്‍ വന്‍തോതില്‍ വിദേശികള്‍ ഉള്ളതിനാല്‍ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ കുറയ്ക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഓഫിസുകളില്‍ വരാതെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ തൊഴിലാളിക്ക് അനുവാദം നല്‍കാന്‍ തൊഴിലുടമകള്‍ക്ക് അധികാരം നല്‍കാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന് ഷെയ്ഖ് തലാല്‍ അല്‍ഖാലിദ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജോലിസ്ഥലത്ത് ശാരീരിക സാന്നിധ്യം ആവശ്യമില്ലാതെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന തൊഴിലുകളില്‍ വിദൂര ജോലി പ്രോല്‍സാഹിപ്പിക്കുകയെന്ന നയത്തിന്റെ ഭാഗമായാണിത്. എന്നാല്‍ സ്വകാര്യ മേഖലയിലെ തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടായിരിക്കണം ഇത് നടപ്പാക്കേണ്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.