സ്വന്തം ലേഖകൻ: കുവൈത്തിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിൽ ഇന്ത്യക്കാർ ഒന്നാമത്. 2022ൽ ആത്മഹത്യ ചെയ്ത 136 പേരിൽ 33.9% ഇന്ത്യക്കാരായിരുന്നു. 20 ശതമാനവുമായി സ്വദേശികളാണ് രണ്ടാം സ്ഥാനത്ത്. ഗാർഹിക ജോലിക്കാരാണ് ആത്മഹത്യ ചെയ്യുന്നവരിൽ കൂടുതലും (32%).
ആത്മഹത്യ ചെയ്തവരിൽ 61.7% പുരുഷന്മാരാണ്. 38.3% വനിതകളും. സ്വയം ജീവനെടുത്തവരിൽ 50.6% പേർ വിവാഹിതരും 39.9% പേർ അവിവാഹിതരുമാണ്. ഇതിൽ വിവാഹമോചിതർ 8.2% പേരും വിധവകൾ 1.3% പേരും ഉൾപ്പെടും. കുടുംബപ്രശ്നം, തൊഴിൽ പ്രശ്നം, ജോലി നഷ്ടപ്പെടൽ തുടങ്ങിയ കാരണങ്ങളാലാണ് പലരും ആത്മഹത്യയിലേക്ക് തിരിയുന്നതെന്നാണ് സൂചന.
അതിനിടെ മനുഷ്യക്കടത്ത് തടയുന്നതിനായി കര്‍ശന നടപടികളുമായി കുവൈത്ത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെബ്സൈറ്റ് ആരംഭിച്ചതായി നീതിന്യായ മന്ത്രാലയം അണ്ടർസെക്രട്ടറി ഹാഷിം അൽ ഖല്ലാഫ് അറിയിച്ചു. അറബിയിലും ഇംഗ്ലീഷിലും വെബ്സൈറ്റ് ലഭ്യമാണ്.
മനുഷ്യക്കടത്ത് തടയുന്നതിനുള്ള സ്ഥിരം ദേശീയ സമിതിയുടെ വൈസ് ചെയർമാനാണ് ഹാഷിം അൽ ഖല്ലാഫ്. മനുഷ്യക്കടത്ത് അവസാനിപ്പിക്കുവാന്‍ കുവൈത്ത് പ്രതിജ്ഞാബദ്ധരാണ്. ഇതുമായി ബന്ധപ്പെട്ട നിയമനിർമ്മാണവും കരാറുകളും മറ്റ് നടപടികളുടെ സമഗ്രമായ വിവരണവും വെബ്സൈറ്റിൽ നൽകിയിട്ടുണ്ടെന്ന് അൽ ഖല്ലാഫ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല