1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2023

സ്വന്തം ലേഖകൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപിനെ വിലക്കി അമേരിക്കയിലെ മെയ്ന്‍ സംസ്ഥാനവും. നേരത്തെ കൊളറാഡോ സംസ്ഥാനം ട്രെപിനെ വിലക്കിയതിനു പിന്നാലെയാണ് മെയ്‌നും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

2021 ജനുവരിയിലെ യുഎസ് ക്യാപിറ്റോളില്‍ നടന്ന കലാപത്തില്‍ ട്രംപിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അമേരിക്കന്‍ ഭരണഘടനയുടെ 14-ാം ഭേദഗതി പ്രകാരമാണ് മെയ്ന്‍ ട്രംപിനെ വിലക്കിയത്. കലാപത്തില്‍ പങ്കുള്ളവരെ അധികാര സ്ഥാനങ്ങളിലേറുന്നതില്‍ നിന്ന് വിലക്കിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതിയാണ് ഇത്. യുഎസ്സിന്റെ ചരിത്രത്തില്‍ ഇത്തരത്തില്‍ തിരഞ്ഞെടുപ്പിൽ വിലക്ക് നേരിടുന്ന ആദ്യ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് ട്രംപ്.

തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന വ്യാജപ്രചരണം നടത്തിയാണ് ട്രംപ് തന്റെ അനുയായികളെ ക്യാപിറ്റോളിലേക്ക് ഇളക്കിവിട്ടതെന്ന് ട്രംപിനെ വിലക്കിക്കൊണ്ടുള്ള ഉത്തരവില്‍ മെയ്ന്‍ സ്റ്റേറ്റ് സെക്രട്ടറി ഷെന്ന ബെല്ലോസ് പറഞ്ഞു. മെയ്‌നിലെ ബാലറ്റില്‍ നിന്ന് നിര്‍ബന്ധമായും പുറംതള്ളപ്പെടേണ്ടയാളാണ് ട്രംപ്. കലാപകാരികള്‍ സമാധാനം പാലിക്കണമെന്ന് ഇടയ്ക്കിടെ പറഞ്ഞുവെന്നതുകൊണ്ട് ട്രംപിന്റെ ചെയ്തികള്‍ക്ക് ഇളവുകിട്ടില്ലെന്നും 34 പേജുള്ള ഉത്തരവില്‍ ബെല്ലോസ് പറയുന്നു.

അതേസമയം, ഷെന്ന ബെല്ലോസിനെതിരെ കടുത്ത വിമര്‍ശനവുമായി ട്രംപ് പക്ഷം രംഗത്തെത്തി. ബൈഡനെ പിന്തുണയ്ക്കുന്ന തീവ്ര ഡെമോക്രാറ്റാണ് ഷെന്ന ബെല്ലോസ് എന്ന് ട്രംപിന്റെ പ്രചരണ വിഭാഗം വക്താവ് സ്റ്റീവന്‍ ചിയൂങ് പറഞ്ഞു. ബെല്ലോസ് തിരഞ്ഞെടുപ്പില്‍ ഇടപെടുകയാണെന്ന് ആരോപിച്ച അദ്ദേഹം തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും പറഞ്ഞു.

ഡെമോക്രാറ്റിക് പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന സംസ്ഥാനമാണ് കൊളറാഡോ. എന്നാല്‍, മെയ്ന്‍ ട്രംപിനെ സംബന്ധിച്ച് രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള സംസ്ഥാനമാണ്. അതിനാല്‍ തന്നെ മെയ്‌നിലെ തിരഞ്ഞെടുപ്പ് വിലക്ക് ട്രംപിന് കനത്ത തിരിച്ചടിയാണ്.

2024-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഭരണഘടനയുടെ 14-ാം ഭേദഗതി ചൂണ്ടിക്കാട്ടി നിരവധി സംസ്ഥാനങ്ങളില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്. കൊളറാഡോ, മെയ്ന്‍ സംസ്ഥാനങ്ങള്‍ ട്രംപിനെ വിലക്കിയപ്പോള്‍ മിഷിഗണ്‍, മിനെസോട്ട സംസ്ഥാനങ്ങള്‍ ട്രംപിനെതിരായ പരാതി തള്ളി.

2020-ലെ ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം അട്ടിമറിക്കാൻ ട്രംപ് ശ്രമിച്ചുവെന്ന കേസിന്റെ വിചാരണ ഫെഡറല്‍ കോടതിയിലും ജോര്‍ജിയ സംസ്ഥാനത്തും നടക്കാനിരിക്കുകയാണ്. അതേസമയം, ട്രംപിനെതിരെ രണ്ട് കേസുകളിലും കലാപാഹ്വാനത്തിന് എതിരായ വകുപ്പുകള്‍ ചുമത്തിയിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.