1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 30, 2023

സ്വന്തം ലേഖകൻ: കോവിഡ് 19ന്റെ പുതിയ വകഭേദം ജെഎന്‍.1 വേരിയന്റ് കുവൈത്തില്‍ സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സ്ഥിതിഗതികള്‍ പ്രവചനാതീതമോ ആശങ്കാജനകമോ അല്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവും ഹെല്‍ത്ത് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ ഡയറക്ടറുമായ ഡോ. അബ്ദുല്ല അല്‍ സനദ് വ്യക്തമാക്കി. രോഗബാധയുണ്ടെന്ന് തോന്നുന്നവര്‍ മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കുകയും വൈദ്യസഹായം തേടുകയും വേണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

ലക്ഷണങ്ങള്‍ കൂടുതല്‍ ദിവസം നിലനില്‍ക്കുകയോ തീവ്രത വര്‍ധിക്കുകയോ ചെയ്യുമ്പോള്‍ നിര്‍ബന്ധമായും ആശുപത്രിയില്‍ പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് കോവിഡ് വകഭേദങ്ങളും മറ്റ് വൈറസുകളും പൊട്ടിപ്പുറപ്പെടുന്നത് പ്രത്യേക സംഘം നിരീക്ഷിച്ചുവരുന്നുണ്ട്.

പരിശോധനകളുടെ ഫലമായി ജെഎന്‍.1 കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും, അത്തരം വകഭേദങ്ങള്‍ കണ്ടെത്തുന്നത് പ്രവചനാതീതമാണ്. എന്നാല്‍ ഇപ്പോള്‍ അസാധാരണമായ പ്രതിരോധ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

കുവൈത്തില്‍ ആരോഗ്യമേഖലാ ജീവനക്കാർക്ക് മാസ്ക് നിർബന്ധമാക്കുന്നു. ആരോഗ്യ മന്ത്രാലയം നല്‍കിയ സര്‍ക്കുലറിലാണ് പ്രവൃത്തി സമയത്തിലുടനീളം ജീവനക്കാര്‍ക്ക് മാസ്‌ക് ധരിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയത്.

രാജ്യത്ത് ജെ.എൻ1 വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശമെന്നാണ് സൂചന. എന്നാല്‍ രാജ്യത്ത് അസാധാരണമായ പ്രതിരോധ നടപടികളൊന്നും സ്വീകരിക്കേണ്ടതില്ലെന്നും തണുപ്പ് സീസണില്‍ ശ്വസന രോഗങ്ങൾക്ക് കാരണമാകുന്ന വൈറസുകൾ പതിവാണെന്നും ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ.അബ്ദുല്ല അൽ സനദ് പറഞ്ഞു.

ഇൻഫ്ലുവൻസ,ന്യുമോണിയ, കോവിഡ് പ്രതിരോധ കുത്തിവപ്പുകൾ എന്നിവ ആരോഗ്യമന്ത്രാലയത്തിന്റെ രാജ്യത്തെ 42 കേന്ദ്രങ്ങളിൽ ലഭ്യമാണ്. 60 വയസിന് മുകളിൽ പ്രായമുള്ളവരും വിട്ടുമാറാത്ത രോഗമുള്ളവരും രോഗപ്രതിരോധ ശേഷി കുറഞ്ഞവരും വാക്സിൻ എടുക്കണമെന്നും അദ്ദേഹം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.