സ്വന്തം ലേഖകൻ: വിവിധ സർക്കാർ സേവനങ്ങളെ ഓൺലൈൻ വഴി ബന്ധിപ്പിച്ചു സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സേവനങ്ങൾക്കായി ‘വർക്ക് പാക്കേജ്’ എന്ന പേരിൽ ഏകീകൃത സംവിധാനം അവതരിപ്പിച്ച് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളികളുടെ വ്യക്തിഗത വിവരങ്ങൾ ഓരോ വകുപ്പിനും പ്രത്യേക നൽകുന്നത് ഒഴിവാക്കാൻ സഹായിക്കുന്നതാണ് വർക്ക് പാക്കേജ് സംവിധാനം.
ഏതെങ്കിലും ഒരു സ്ഥാപനത്തിനു നൽകുന്ന വിവരങ്ങൾ, മറ്റു സർക്കാർ വകുപ്പുകൾക്കും ലഭ്യമാകും. വിവിധ സർക്കാർ കാര്യാലയങ്ങളിലെ സേവനങ്ങൾക്ക് ഏകീകൃത സംവിധാനത്തിലൂടെ പണം അടയ്ക്കാനുള്ള സൗകര്യവും ഇതിലൂടെ ലഭിക്കും. തൊഴിലാളിയുടെ വർക്ക് പെർമിറ്റ്, വൈദ്യ പരിശോധന, വീസ പുതുക്കൽ തുടങ്ങിയവ വർക്ക് പാക്കേജ് സംവിധാനത്തിന്റെ ഭാഗമായിരിക്കും.
പുതിയ തൊഴിലാളിയുടെ നിയമനവുമായി ബന്ധപ്പെട്ട പ്രക്രിയ ഇതുവഴി എളുപ്പം പൂർത്തിയാക്കാം. തൊഴിലാളിയുടെ പാസ്പോർട്ട് പകർപ്പ് അടക്കം എല്ലാ വിവരങ്ങളും വിവിധ സർക്കാർ കാര്യാലയങ്ങൾക്ക് ഒറ്റയടിക്കു ലഭിക്കും. രാജ്യത്തെ ആരോഗ്യ സേവന കേന്ദ്രങ്ങൾ ഈ പാക്കേജിന്റെ ഭാഗമായതിനാൽ പിന്നീട് വൈദ്യ പരിശോധനകൾക്ക് തൊഴിലാളിയുടെ രേഖകൾ പ്രത്യേകം നൽകേണ്ടതില്ല.
ഒരു കാര്യാലയത്തിൽ അപേക്ഷിക്കുമ്പോൾ തന്നെ ഇതുമായി ബന്ധപ്പെട്ട മറ്റു സർക്കാർ വകുപ്പുകളിലും തുടർ നടപടികൾ ഉണ്ടാകും. ഓരോ വകുപ്പിലും അപേക്ഷ നൽകി കാത്തിരിക്കേണ്ടതില്ല. കാലതാമസം കൂടാതെ വീസ പുതുക്കാം എന്നതും നേട്ടമാണ്. അടിസ്ഥാന വിവരങ്ങളിൽ മാറ്റമുണ്ടെങ്കിൽ അതു മാത്രം നവീകരിച്ചു നൽകണമെന്നു മാത്രം.
സ്പോൺസർമാർക്കു കീഴിൽ പ്രയോജനപ്പെടുത്താത്ത വീസയുണ്ടെങ്കിൽ റദ്ദാക്കാനും ഈ സംവിധാനം ഉപയോഗിക്കാം. തൊഴിലുടമകൾക്കും തൊഴിലാളികൾക്കും യുഎഇ പാസ് വഴി വർക്ക് പാക്കേജിൽ ലോഗ് ഇൻ ചെയ്യാം. നിലവിൽ 9 സർക്കാർ വകുപ്പുകളാണ് പദ്ധതിയിലുള്ളത്. മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിനു പുറമെ ആരോഗ്യ, സാമ്പത്തിക മന്ത്രാലയം, അബുദാബി ആരോഗ്യ സേവന കമ്പനി (സേഹ), ദുബായ് ഹെൽത്ത് അതോറിറ്റി, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ് കസ്റ്റംസ് ആൻഡ് പോർട് സെക്യൂരിറ്റി, ടെലി കമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റഗുലേറ്ററി അതോറിറ്റി, ഇൻഷുറൻസ് പൂൾ, എമിറേറ്റ്സ് ഡിജിറ്റൽ, അബുദാബി ഇസ്‌ലാമിക് ബാങ്ക് എന്നിവയാണ് സംയുക്ത വർക്ക് പാക്കേജിലെ സേവന കാര്യാലയങ്ങൾ. വൈകാതെ കൂടുതൽ വകുപ്പുകൾ പദ്ധതിയുടെ ഭാഗമാകും.
അതിനിടെ സ്വദേശിവൽക്കരണം സ്വകാര്യ വിദ്യാഭ്യാസ മേഖലയിലേക്കും വ്യാപിപ്പിക്കാൻ യുഎഇ. സ്വദേശികൾക്ക് മാനവ വിഭവശേഷ സ്വദേശിവൽകരണ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും നാഫിസും സംയുക്തമായി പരിശീലന പദ്ധതികൾക്ക് രൂപം നൽകി. യോഗ്യരായ സ്വദേശികൾക്ക് തൊഴിൽ പരിശീലനം നൽകിയ ശേഷമാകും നിയമനം.
പുതുവർഷത്തിൽ ആരംഭിക്കുന്ന അധ്യാപക തസ്തികകളുടെ സ്വദേശിവൽക്കരണത്തിൽ 2024ൽ മാത്രം ആയിരം പേർക്ക് നിയമനം നൽകുകയാണ് സർക്കാർ ലക്ഷ്യം. 2027 ആകുമ്പോഴേക്കും 4000 സ്വദേശികളെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമിക്കും. സ്കൂൾ – ഓഫീസ് അഡ്മിനിസ്ട്രേഷൻ, സ്കൂൾ പ്രഫഷനലുകൾ, അറബിക് ഭാഷാ അധ്യാപകർ, സാമൂഹിക പഠനം, ദേശീയ വിദ്യാഭ്യാസം, നഴ്സറി അധ്യാപകർ, വിദ്യാഭ്യാസ കൗൺസിലർ എന്നിവയ്ക്കു പുറമെ സ്ഥാപനങ്ങളുടെ നേതൃപദവികളിൽ സ്വദേശികൾ വരുന്ന വിധത്തിലായിരിക്കും സ്വദേശിവൽകരണം.
ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള സ്വദേശികളെയാണ് പരിശീലിപ്പിക്കുക. ഓരോ വർഷവും നിയമിക്കേണ്ട സ്വദേശികളുടെ എണ്ണത്തിന് അനുസരിച്ചാണ് തൊഴിൽ പരിശീലനം. പരിശീലനം പൂർത്തിയായാൽ തൊഴിൽ കരാറിനു രൂപം നൽകും. പദ്ധതി നടപ്പാക്കാൻ ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി നാഫിസ് ധാരണാപത്രം ഒപ്പുവച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല