സ്വന്തം ലേഖകൻ: അമേരിക്കയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഇന്ത്യന്‍ വംശജരായ ദമ്പതിമാര്‍ കടുത്ത സാമ്പത്തികപ്രതിസന്ധി നേരിട്ടിരുന്നതായി റിപ്പോര്‍ട്ട്. മാസച്യുസെറ്റ്സിലെ ഡോവറിലാണ് ഇന്ത്യന്‍ വംശജരായ രാകേഷ് കമാല്‍(57) ഭാര്യ ടീന(54) മകള്‍ അരിയാന(18) എന്നിവരെ ഇവരുടെ ബംഗ്ലാവില്‍ മരിച്ചനിലയില്‍ കണ്ടത്. രാകേഷിന്റെ മൃതദേഹത്തിന് സമീപത്തുനിന്ന് ഒരുതോക്കും കണ്ടെടുത്തിരുന്നു. സംഭവം ആത്മഹത്യയാണെന്നാണ് നിഗമനം.
ഡോവറിലെ കൂറ്റന്‍ ബംഗ്ലാവിലാണ് രാകേഷ് കമാലിനെയും കുടുംബത്തെയും പ്രാദേശികസമയം വ്യാഴാഴ്ച രാത്രി 7.30-ഓടെ മരിച്ചനിലയില്‍ കണ്ടത്. പോലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ പുറത്തുനിന്ന് ആരും വീട്ടില്‍ പ്രവേശിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനുമുന്‍പ് വീട്ടില്‍ മറ്റുപ്രശ്നങ്ങളുണ്ടായതായി വിവരമില്ലെന്നും പോലീസ് പറഞ്ഞു.
വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ‘എജ്യൂനോവ’ എന്ന കമ്പനിയുടെ ഉടമയായിരുന്നു രാകേഷ് കമാല്‍. 2016-ല്‍ ആരംഭിച്ച കമ്പനി അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം 2021 ഡിസംബറോടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇതിനുപിന്നാലെ രാകേഷും കുടുംബവും കടുത്ത സാമ്പത്തികപ്രതിസന്ധി അഭിമുഖീകരിച്ചെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
രാകേഷിന്റെ ഭാര്യ ടീന കമാല്‍ ആയിരുന്നു ‘എജ്യൂനോവ’യുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍. ഹാര്‍വാഡ് സര്‍വകലാശാലയിലും ഡല്‍ഹി സര്‍വകലാശാലയിലുമാണ് ടീന വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതെന്നാണ് കമ്പനി വെബ്സൈറ്റില്‍ അവകാശപ്പെട്ടിരുന്നത്. മാസച്യുസെറ്റ്സിലെ അമേരിക്കന്‍ റെഡ് ക്രോസിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു ടീന. ഇതിനുപുറമേ വിദ്യാഭ്യാസ, ഐ.ടി. രംഗത്ത് മൂന്നുപതിറ്റാണ്ടിലേറെ പ്രവര്‍ത്തനപരിചയമുണ്ടെന്നും ഇവരുടെ വെബ്സൈറ്റില്‍ അവകാശപ്പെടുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല