സ്വന്തം ലേഖകൻ: മൊബൈല്‍ ആപ്പുപയോഗിച്ച് സ്‌കാന്‍ ചെയ്യുമ്പോള്‍ ഭൂമിവിവരം കിട്ടുന്ന ‘കെ സ്മാര്‍ട്ട്’ ഓരോ സ്ഥലത്തും നിര്‍മിക്കുന്ന കെട്ടിടത്തിന് എത്ര ഉയരമാകാമെന്നുവരെ പറഞ്ഞുതരും. തദ്ദേശവസേവനത്തിനുള്ള പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ്’കെ സ്മാര്‍ട്ട്’ .ഇത് വിന്യസിക്കുന്നതോടെ സേവനങ്ങള്‍ ലഭ്യമാകുന്നതിനുള്ള പതിവുരീതി അടിമുടി മാറുകയാണ്.
പുതുവര്‍ഷംമുതല്‍ കെ സ്മാര്‍ട്ടുവഴിയുള്ള ഓണ്‍ലൈന്‍ സേവനത്തിനു തുടക്കമാകും. ആദ്യം സംസ്ഥാനത്തെ നഗരസഭകളിലും ഏപ്രില്‍ ഒന്നുമുതല്‍ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നടപ്പാകുന്നതോടെ ജനത്തിന് ഓഫീസുകള്‍ കയറിയിറങ്ങാതെ സേവനങ്ങള്‍ കിട്ടും.
അപേക്ഷിക്കേണ്ടതും ഓണ്‍ലൈനായാണ്. സര്‍ക്കാര്‍ വകുപ്പുകളുടെ ഡേറ്റാശേഖരം ഉപയോഗിച്ച് രാജ്യത്ത് ആദ്യമായാണ് ഭൂമിവിവരങ്ങള്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെത്തന്നെ ഓണ്‍ലൈനായി ജനങ്ങളിലെത്തിക്കുന്നത്. ‘കെ സ്മാര്‍ട്ടി’ല്‍ അപേക്ഷാഫീസും നികുതിയും പരാതികളുമെല്ലാം ഓണ്‍ലൈനായി നല്‍കാം, തത്സമയം സ്ഥിതിവിവരം അറിയാം.
റവന്യുവകുപ്പിന്റെ ഡിജിറ്റല്‍ സര്‍വേയിലെയും ദുരന്തനിവാരണ വകുപ്പിലേയും രേഖകള്‍ കെ സ്മാര്‍ട്ടില്‍ ഉപയോഗിക്കും. എയര്‍പോര്‍ട്ട് അതോറിറ്റി, തീരദേശപരിപാലന വിഭാഗം, തദ്ദേശസ്ഥാപനങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍, റെയില്‍വേ എന്നിവയിലെ വിവരങ്ങള്‍ ഉപയോഗിച്ചാകും ഭൂമിവിവരം ഇന്‍ഫര്‍മേഷന്‍ കേരള തയ്യാറാക്കിയ കെ സ്മാര്‍ട്ടില്‍ നല്‍കുക.
ഭൂമി സ്‌കാന്‍ ചെയ്യുമ്പോള്‍ത്തന്നെ തീരദേശപരിപാലന നിയമപരിധിയിലാണോ,റെയില്‍വേ-എയര്‍പോര്‍ട്ട് സോണുകളിലാണോ, പരിസ്ഥിതിലോല പ്രദേശമാണോ,കെട്ടിടത്തിന് പറ്റിയ ഭൂമിയാണോ എന്നൊക്കെ അറിയാം. കെട്ടിടനിര്‍മാണ പ്ലാനുകള്‍ ചട്ടപ്രകാരമാണോ എന്ന് കെ സ്മാര്‍ട്ട് പറയും.
കെ സ്മാര്‍ട്ടില്‍ വ്യക്തികള്‍ നല്‍കുന്ന വിവരങ്ങള്‍ മൂന്നാമതൊരാള്‍ക്ക് കാണാനാവില്ല. സിറ്റിസണ്‍ ലോഗിനില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചോ അക്ഷയ, കുടുംബശ്രീ ഹെല്‍പ് ഡെസ്‌ക് വഴിയോ രജിസ്റ്റര്‍ ചെയ്യാം. കൈപ്പറ്റ് രസീതിന്റെ വിവരം എസ്.എം.എസ്.ആയും മെയിലിലും വാട്സാപ്പിലും വരും.
തുടക്കം നഗരങ്ങളിലായിരിക്കുമെങ്കിലും ഗ്രാമപഞ്ചായത്തുകളിലുള്‍പ്പടെ ഭാവിയില്‍ സേവനങ്ങളെല്ലാം ഒരുകുടക്കീഴിലാകുന്ന പ്ലാറ്റ് ഫോമായിരിക്കും കെ സ്മാര്‍ട്ട്. പഞ്ചായത്തുകളില്‍ ഇപ്പോഴുള്ള ഐ.എല്‍.ജി.എം.എസ്. സോഫ്റ്റ് വെയര്‍ ഭാവിയില്‍ ഇല്ലാതാകും.
കെ-സ്മാര്‍ട്ട് അഥവാ കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജിങ് അഡ്മിനിസ്‌ട്രേറ്റീവ് റീഫര്‍മേഷന്‍ ആന്‍ഡ് ട്രാന്‍ഫര്‍മേഷന്‍ തദ്ദേശവകുപ്പിനുവേണ്ടി ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് വികസിപ്പിച്ചത്. കെ-സ്മാര്‍ട്ട് ആപ്ലിക്കേഷനിലൂടെ അപേക്ഷകളും പരാതികളും ഓണ്‍ലൈനായി നല്‍കാനും അവയുടെ സ്റ്റാറ്റസ് ഓണ്‍ലൈനായിത്തന്നെ അറിയാനും സാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല