സ്വന്തം ലേഖകൻ: ലോകം പുതുവര്‍ഷത്തെ വരവേറ്റ് തുടങ്ങി. 2024 ആദ്യം പിറന്നത് കിരിബാത്തി ദ്വീപിലാണ്. പിന്നാലെ ന്യൂസീലന്‍ഡിലും പുതുവര്‍ഷമെത്തി. പുത്തന്‍പ്രതീക്ഷകളുടെ പുതുവല്‍സരപ്പിറവിക്കായി ലോകം കാത്തിരിക്കുമ്പോള്‍ ന്യൂസീലാന്‍ഡ് ഗംഭീര ആഘോഷങ്ങളോടെയാണ് 2023 നോട് വിടചൊല്ലി പുതു വര്‍ഷത്തെ വരവേറ്റത്. പുതുവല്‍സരം ആദ്യമെത്തിയ നഗരങ്ങളിലൊന്നായ ഓക്‌ലന്‍ഡ് ആഘോഷാരവങ്ങളോടെയാണ് 2024നെ സ്വീകരിച്ചത്.
അതേസമയം, 2024നെ വരവേല്‍ക്കാനൊരുങ്ങി നാട്. കൊച്ചി തിരുവനന്തപുരം കോഴിക്കോട് നഗരങ്ങളില്‍ കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കാര്‍ണിവല്‍ ആഘോഷം നടക്കുന്ന ഫോര്‍ട്ട്കൊച്ചിയില്‍ പത്ത് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ ആയിരം പൊലീസുകാരെ വിന്യസിച്ചു. ഇനി ഫോര്‍ട്ട്കൊച്ചി ഭാഗത്തേക്ക് വാഹനം കടത്തിവിടില്ല. കോഴിക്കോട് ബീച്ചില്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. അറുനൂറോളം പൊലീസുകാരെ വിന്യസിച്ചു.
തിരുവനന്തപുരത്തെ പുതുവല്‍സര ആഘോഷങ്ങള്‍ രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കണമെന്ന് പൊലീസ് കമ്മിഷണര്‍. ആഘോഷകേന്ദ്രങ്ങളില്‍ മഫ്തിയില്‍ ഉള്‍പ്പടെ നിരീക്ഷണമുണ്ടാകും. മദ്യപിച്ച് മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യും. കടകള്‍ അടയ്ക്കാന്‍ പ്രത്യേക സമയക്രമം നിശ്ചയിച്ചിട്ടില്ല. ഡി.ജെ പാര്‍ട്ടികളെല്ലാം മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും അധികൃതർ അറിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല