സ്വന്തം ലേഖകൻ: ഇന്ത്യാ… ഇന്ത്യാ… വിളികളുടെ ആവേശക്കടലിലേക്ക് സുനിൽ ഛേത്രിയും കൂട്ടുകാരും പറന്നിറങ്ങി. ആഭ്യന്തര ക്ലബ് ഫുട്ബാൾ സീസണിന്റെ ചൂടേറിയ പോരാട്ടക്കളത്തിൽനിന്നും ഇടവേളയില്ലാതെ ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ ഭൂമിയിലേക്കെത്തിയ സംഘത്തിന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരാധകർ ഒരുക്കിയത് ഉജ്ജ്വല സ്വീകരണം.
ശനിയാഴ്ച രാത്രി ഏഴു മണിക്കുള്ള ഇൻഡിഗോ വിമാനത്തിൽ ന്യൂഡൽഹിയിൽനിന്നും ദോഹയിലെത്തിയ ടീമിനെ കാത്ത് മണിക്കൂർ മുമ്പുതന്നെ ആരാധകർ വിമാനത്താവളത്തിലെ ആഗമന മേഖലയിൽ തമ്പടിച്ചിരുന്നു. ഖത്തറിലെ ഫുട്ബാൾ ആരാധകസംഘമായ മഞ്ഞപ്പടയുടെയും മറ്റും നേതൃത്വത്തിലെത്തിയ മലയാളികൾ ഉൾപ്പെടെയുള്ളവർ ദേശീയപതാക വീശിയും ‘ഇന്ത്യാ…’ വിളികളുമായി കാത്തിരുന്നു. ഒടുവിൽ എട്ടുമണിയോടെയാണ് ടീം അംഗങ്ങൾ സംഘമായി പുറത്തെത്തിയത്.
ടൂർണമെന്റ് പ്രാദേശിക സംഘാടകരുടെ നേതൃത്വത്തിൽ പൂമാലയണിയിച്ചായിരുന്നു വിമാനത്താവളത്തിനകത്ത് വരവേറ്റത്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെയും അപെക്സ് ബോഡി പ്രതിനിധികളും ദേശീയ ടീമിനെ വരവേറ്റു. തുടർന്ന് കോച്ച് ഇഗോർ സ്റ്റിമാക്കിന്റെ നേതൃത്വത്തിൽ ‘ബ്ലൂ ടൈഗേഴ്സ്’ ഗേറ്റ് കടന്ന് പുറത്തെത്തിയതോടെ ആരാധക ആരവം ഉയർന്നു.
ഒന്നിനു പിറകെ ഒന്നായി കളിക്കാരുമെത്തിയതോടെ പേരു വിളിച്ച് അഭിവാദ്യം നേർന്നുകൊണ്ടായിരുന്നു വരവേൽപ്. ഗോൾകീപ്പർ ഗുർപ്രീത് സന്ധുവും മൻവീർ സിങ്ങും ബാരിക്കേഡിനിപ്പുറം ആർപ്പുവിളികളുമായി കാത്തിരുന്ന ആരാധകർക്കുനേരെ കൈകൾ വീശി അഭിവാദ്യം ചെയ്തുകൊണ്ടാണ് ബസിലേക്ക് നീങ്ങിയത്.
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ സഹൽ അബ്ദുൽ സമദും രാഹുൽ കെ.പിയും കൈവീശി കടന്നുപോയി. പിന്നാലെയാണ്, കാത്തിരുന്ന നായകൻ സുനിൽ ഛേത്രിയുടെ വരവ്. ആൾക്കൂട്ടത്തിനു മുന്നിലേക്ക് കടന്നുവന്ന ഛേത്രി കൈകൂപ്പി വണങ്ങിക്കൊണ്ട് ആരാധക ആവേശത്തിന് നന്ദി പറഞ്ഞു.
വർണാഭമായ ബസിൽ കയറി, ടീം ഒന്നടങ്കം ഹോട്ടലിലേക്ക് മടങ്ങുന്നതുവരെ ആരവങ്ങളുമായി അവർ അകമ്പടി നിന്നു. ഇനി, കളത്തിൽ പിന്തുണയുമായി കാണാം എന്ന ഉറപ്പോടെ. ടൂർണമെന്റിനുള്ള ആദ്യ വിദേശ ടീമായാണ് ഇന്ത്യ ദോഹയിലെത്തുന്നത്.
ലോകകപ്പ് ഫുട്ബാളിൽ ലയണൽ മെസ്സിയുടെ അർജന്റീനയെ അട്ടിമറിച്ച് കാൽപന്തുപ്രേമികളുടെ മനംകവർന്ന സൗദി അറേബ്യ കിരീടപ്രതീക്ഷയോടെ ഇന്ന് പോരാട്ടഭൂമിയിൽ. ഏഷ്യൻ കപ്പ് ഗ്രൂപ് ‘എഫി’ൽ മത്സരിക്കുന്ന സൗദി സന്നാഹ മത്സരങ്ങൾകൂടി ലക്ഷ്യംവെച്ചാണ് നേരത്തേതന്നെ ഖത്തറിലെത്തുന്നത്. മൂന്നു സന്നാഹമത്സരങ്ങളും സൗദി ഇവിടെ കളിക്കുന്നുണ്ട്.
സ്വന്തം മണ്ണിൽ വൻകരയുടെ കിരീടം നിലനിർത്താൻ ഒരുങ്ങുന്ന ഖത്തറിന് ഇന്ന് ആദ്യ തയാറെടുപ്പ്. ഏഷ്യൻ കപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തിൽ ഖത്തർ ഞായറാഴ്ച കംബോഡിയയെ നേരിടും. ദോഹയിലാണ് മത്സരം. ഇതിനു പിന്നാലെ ജനുവരി അഞ്ചിന് ജോർഡനെയും ഖത്തർ സന്നാഹ മത്സരത്തിൽ നേരിടും.
പുതിയ പരിശീലകനായി സ്ഥാനമേറ്റ മാർക്വേസ് ലോപസിനു കീഴിൽ ഖത്തറിന്റെ ആദ്യ മത്സരമെന്ന പ്രത്യേകതയും ഞായറാഴ്ചത്തെ സന്നാഹത്തിനുണ്ട്. ജനുവരി 12ന് ലബനാനെതിരായ ഉദ്ഘാടന മത്സരത്തിനൊരുങ്ങുന്ന ഖത്തറിന്റെ തയാറെടുപ്പുകൂടിയാണ് സന്നാഹമത്സരങ്ങൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല