സ്വന്തം ലേഖകൻ: മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാന്‍സില്‍ നിന്ന് തിരിച്ചയച്ച വിമാനത്തിലുണ്ടായിരുന്ന രണ്ടു വയസ്സുകാരനെ കാണാതായതില്‍ ദുരൂഹത. മാതാപിതാക്കളോ മറ്റു ബന്ധുക്കളോ ഒപ്പമില്ലാതെ ഒറ്റയ്ക്കാണ് ഗുജറാത്ത് സ്വദേശിയായ കുട്ടി വിമാനത്തിലുണ്ടായിരുന്നത്.
കുട്ടിയേയും രക്ഷാകര്‍ത്താക്കളേയും കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും കുട്ടിയുടെ തിരോധാനത്തിനു പിന്നില്‍ മനുഷ്യക്കടത്ത് സംഘങ്ങളാണോയെന്ന് സംശയിക്കുന്നതായും ഗുജറാത്ത് പോലീസ് വ്യക്തമാക്കി. യുഎസ് കാനഡാ അതിര്‍ത്തിയില്‍ നിരവധി കുട്ടികളാണ് ഉപേക്ഷിക്കപ്പെടുന്നതെന്നും പോലീസ് പറഞ്ഞു. കുട്ടിയുടെ ഗുജറാത്തിലുള്ള കുടുംബം വീടുവിട്ടതായും പോലീസ് പറയുന്നു.
ദുബായില്‍ നിന്നും 303 യാത്രക്കാരുമായി നിക്കരാഗ്വയിലേക്ക് പോവുകയായിരുന്ന വിമാനം ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ധനം നിറയ്ക്കുന്നതിനായി കിഴക്കന്‍ ഫ്രാന്‍സിലെ വാട്രി വിമാനത്താവളത്തില്‍ ഇറക്കിയത്. യാത്രക്കാര്‍ മനുഷ്യക്കടത്തിന്റെ ഇരകളാണെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഫ്രഞ്ച് പോലീസ് ഇടപെട്ടാണ് തടഞ്ഞുവെച്ചത്.
പിന്നീട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലില്‍ ഇവരെ തിരിച്ചയച്ചു. 303 യാത്രക്കാരില്‍ 276 പേരാണ് മടങ്ങിയെത്തിയത്. ഇവരില്‍ 25 പേര് ഫ്രാന്‍സില്‍ തന്നെ തുടരുകയാണ്. ഗുജറാത്തില്‍ നിന്നുള്ള 96 പേരില്‍ മടങ്ങിയെത്തിയത് 72 പേരാണ്.
ഇന്ത്യയിലേക്ക് തിരിച്ചയച്ച യാത്രക്കാരുടെ പട്ടികയില്‍ 2021 ഓഗസ്റ്റ് 2-ന് ജനിച്ച കുട്ടിയുണ്ട്. കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് യുഎസില്‍ താമസസ്ഥലമുള്‍പ്പടെയുള്ളവ ലഭിക്കാന്‍ എളുപ്പമായതു കൊണ്ടു തന്നെ പലപ്പോഴും ആളുകള്‍ മറ്റുള്ളവരുടെ കുട്ടികളുമായി അച്ഛനമ്മമാരാണെന്ന വ്യാജേന യാത്ര ചെയ്യാറുണ്ടെന്ന് പോലീസ് പറയുന്നു. ഇത്തരത്തില്‍ ‘വ്യാജകുടുംബങ്ങള്‍’ ഉണ്ടാക്കാന്‍ അനധികൃത കുടിയേറ്റത്തിനു സഹായിക്കുന്ന ഏജന്റുമാരാണ് കുട്ടികളെ ഏര്‍പ്പാടാക്കി നല്‍കുന്നത്.
കുട്ടിയെ ഒറ്റയ്ക്ക് വിമാനത്തിലയച്ചതിന് മറ്റു സാധ്യതകളും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നുണ്ട്. ചിലപ്പോള്‍ ഏജന്റുമാര്‍ കുട്ടിയുടെ മാതാപിതാക്കളെ ആദ്യമയച്ചതാവാം. അല്ലെങ്കില്‍ കുട്ടിയെ ആദ്യം യുഎസിലെത്തിച്ച ശേഷം പൗരത്വം ലഭിച്ച ശേഷം മാതാപിതാക്കളെ പിന്നാലെയെത്തിക്കാനാകാം നീക്കമെന്നും പോലീസ് പറയുന്നു.
രണ്ടു വയസ്സുകാരനെ കൂടാതെ പത്തും പതിനേഴും വയസ്സുള്ള രണ്ട് കുട്ടികളും വിമാനത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്തിരുന്നു. 2020-നും 2023-നുമിടയില്‍ 730 കുട്ടികളെയാണ് യുഎസ് അതിര്‍ത്തിയില്‍ ഒറ്റയ്ക്ക് കണ്ടെത്തിയതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല