1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 1, 2024

സ്വന്തം ലേഖകൻ: മധ്യജപ്പാനിലെ തീരപ്രദേശത്ത് 90 മിനിറ്റുകള്‍ക്കുള്ളില്‍ 21 ഭൂചലനങ്ങൾ ഉണ്ടായതായി ദേശീയ കാലാവസ്ഥ നിരീക്ഷണ ഏജന്‍സി അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 4.0 മുതല്‍ 7.6 വരെ രേഖപ്പെടുത്തിയ തുടര്‍ച്ചയായ ഭൂചലനങ്ങളാണുണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കുകയും ഭൂചലനമുണ്ടായ പ്രദേശത്തെ ആളുകളോട് ഉയര്‍ന്ന സ്ഥലത്തേക്ക് മാറാന്‍ അധികൃതര്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ടോയാമ, ഇഷികാവ, നിഗറ്റ എന്നീ പ്രദേശങ്ങളെയാണ് ഭൂചലനം കാര്യമായി ബാധിച്ചത്. ജപ്പാനിലെ പ്രധാന ദ്വീപായ ഹോണ്‍ഷുവിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള പ്രദേശങ്ങളാണിവ. ഭൂകമ്പങ്ങളുടെ പ്രഭവകേന്ദ്രത്തിന് ചുറ്റും ഏകദേശം 33,500 വീടുകളില്‍ വൈദ്യുതി ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു.

പ്രദേശത്തെ ആണവനിലയങ്ങളെ ഭൂചലനം ബാധിച്ചതായി റിപ്പോര്‍ട്ടില്ലെന്ന് ജപ്പാന്‍ സര്‍ക്കാര്‍ വക്താവ് യോഷിമാസ ഹയാഷി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍, സുനാമിക്കുള്ള സാധ്യത മുന്നില്‍ കണ്ട് തീരദേശത്തുനിന്ന് ജനങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ചെറിയ സുനാമി തിരകള്‍ ജപ്പാന്‍ തീരത്ത് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ടെന്നും മൂന്ന് മീറ്റര്‍വരെ ഉയരത്തിലുള്ള തിരമാലകള്‍ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ ഏജന്‍സി വൃത്തങ്ങളെ ഉദ്ധരിച്ച് ജാപ്പനീസ് മാധ്യമമായ എന്‍.എച്ച്.കെ.റിപ്പോര്‍ട്ട് ചെയ്തു.

ഭൂചലനത്തില്‍ ആളപായങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വാജിമ പ്രദേശത്ത് നിലത്ത് വിള്ളലുണ്ടായതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ, ഒരു വീട് തകര്‍ന്നതായും ഉള്ളില്‍ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ തിരച്ചില്‍ നടക്കുന്നതായും വാര്‍ത്താ ഏജന്‍സിയായ എ.പി.റിപ്പോര്‍ട്ട് ചെയ്തു.

പ്രദേശത്തെ ബുള്ളറ്റ് ട്രെയിൻ സർവീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. ദേശീയപാതയുടെ ചില ഭാഗങ്ങളും അടച്ചു. ജല പൈപ്പുകള്‍ പൊട്ടിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.