സ്വന്തം ലേഖകൻ: ഇസ്രയേലിന്റെ ഗസ്സ ആക്രമണത്തിന് പിന്നാലെ ചെങ്കടലിലെ യുദ്ധസമാന മുന്നൊരുക്കം മേഖലയിൽ സംഘർഷാവസ്ഥ കടുപ്പിക്കുന്നു. ചെങ്കടലിൽ യുദ്ധക്കപ്പൽ വിന്യസിച്ചതായി ഇറാൻ ഇന്ന് സ്ഥിരീകരിച്ചു. ഇറാനിയൻ സൈന്യത്തിന്റെ 94ാം നാവികസേനയുടെ ഭാഗമായ ഐറിസ് അൽബേഴ്സ് എന്ന യുദ്ധക്കപ്പലാണ് യെമനിനടുത്തുള്ള ബാബുൽ മൻദബ് കടലിടുക്കിലൂടെ ചെങ്കടലിൽ എത്തിയത്.
ഇറാൻ സുരക്ഷാ മേധാവി അലി അക്ബർ അഹമ്മദിയൻ ഉന്നത ഹൂതി വക്താവ് മുഹമ്മദ് അബ്ദുസ്സലാമുമായി കൂടിക്കാഴ്ച നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് യുദ്ധക്കപ്പൽ വിന്യസിച്ച വാർത്ത പുറത്തുവന്നത്. കൂടിക്കാഴ്ച എവിടെയാണെന്നോ എപ്പോഴാണെന്നോ വ്യക്തമാക്കിയിരുന്നില്ല. പലസ്തീനികളെ പിന്തുണക്കുന്നതിനും ഇസ്രയേലിനെതിരെ നിലകൊണ്ടതിനും ഹൂതികളെ ഇറാൻ പ്രശംസിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന മനുഷ്യക്കുരുതിയിൽ പ്രതിഷേധിച്ച് ഇസ്രയേൽ ബന്ധമുള്ള കപ്പലുകളെ ചെങ്കടലിൽ ഹൂതികൾ ആക്രമിച്ചതാണ് ലോകത്തെ സുപ്രധാന കപ്പൽപാതയെ സംഘർഷ മേഖലയാക്കിയത്. ഇതോടെ ഈ വഴിയുള്ള യാത്ര ഉപേക്ഷിക്കുന്നതായി പ്രമുഖ കപ്പൽ കമ്പനികൾ പ്രഖ്യാപിച്ചു. യാത്രക്ക് സുരക്ഷ ഒരുക്കാൻ എന്ന പേരിൽ അമേരിക്കയുടെ നേതൃത്വത്തിൽ സഖ്യരാജ്യങ്ങൾ ചെങ്കടലിൽ പടയൊരുക്കം നടത്തിയിരുന്നു.
ചെങ്കടലിൽ ചരക്കുകപ്പൽ റാഞ്ചാൻ യെമനിലെ ഹൂതി വിമതർ നടത്തിയ ശ്രമം യുഎസ് നാവികസേന പരാജയപ്പെടുത്തി. സിംഗപ്പുർ രജിസ്ട്രേഷനിലുള്ളതും ഡെന്മാർക്കിലെ സ്വകാര്യ കന്പനിയുടെ ഉടമസ്ഥതയിലുള്ളതുമായ “മയേഴ്സ്ക് ഹാംഗ്ഷൗ’ എന്ന കണ്ടെയ്നറിനു നേർക്കായിരുന്നു, യെമനിലെ പ്രാദേശികസമയം ഇന്നലെ രാവിലെ 6.30ന് ആക്രമണമുണ്ടായത്.
ഹൂതികളുടെ മൂന്നു ബോട്ടുകൾ മുക്കിയെന്നും അതിലുണ്ടായിരുന്നവർ കൊല്ലപ്പെട്ടുവെന്നും യുഎസ് അറിയിച്ചു. കപ്പലിനു കേടുപാടോ ജീവനക്കാർക്കു പരിക്കോ ഇല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല