സ്വന്തം ലേഖകൻ: എക്സ്എല്‍ ബുള്ളി നായ്ക്കള്‍ക്ക് ഇന്ന് മുതൽ വിലക്ക്. യുകെയിലെ വിവിധ ഭാഗങ്ങളിലായി ഗുരുതരമായ അക്രമണങ്ങള്‍ നടത്തിയതിനാലാണ് അപകടകാരികളാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നായകള്‍ക്ക് രാജ്യം വിലക്ക് ഏർപ്പെടുത്തുന്നത്. ഉപേക്ഷിക്കൽ, കൈമാറൽ, ബ്രീഡ് ചെയ്യൽ എന്നിവയ്ക്കും നിരോധനം ഉണ്ടാകും. നിലവിലുള്ള എക്സ്എൽ ബുള്ളി ബ്രീഡ് നായകളെ മുഖാവരണം ധരിപ്പിക്കാതെ പുറത്തിറക്കാന്‍ ഇനി അനുവാദമുണ്ടാകില്ല. കൂടാതെ ജനുവരി അവസാനത്തോടെ ഇവയ്ക്ക് നിയമപരമായ റജിസ്ട്രേഷന്‍ ആവശ്യമാണ്.
ഇംഗ്ലണ്ടിലെയും വെയിൽസിലെയും 43 പൊലീസ് സേനാ മേഖലകളിൽ 27 എണ്ണത്തിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം 2022 ൽ 15,350 എക്സ്എൽ ബുള്ളി നായ്ക്കളുടെ അക്രമങ്ങൾ, കുറ്റകൃത്യങ്ങൾ എന്നിവ ഉണ്ടായിട്ടുണ്ട്. പൊതുജനങ്ങളെ സംരക്ഷിക്കാൻ വേഗത്തിലുള്ളതും നിർണായകവുമായ നടപടിയാണ് വിലക്കിലൂടെ ഇപ്പോൾ സ്വീകരിക്കുന്നതെന്ന് സർക്കാർ വൃതങ്ങൾ അറിയിച്ചു. ഡിസംബര്‍ 31 മുതല്‍ നിയമം നടപ്പിലാക്കി തുടങ്ങുന്നതിന്റെ ഭാഗമായി എക്സ്എല്‍ ബുള്ളി നായകളുടെ ഉടമകള്‍ ചേര്‍ന്ന് ഇവയുടെ കൂടിക്കാഴ്ച സംഘടിപ്പിച്ചു.
മുഖാവരണം അണിയുന്നതിന് മുന്‍പ് സ്വാതന്ത്ര്യത്തോടെ കൂട്ടുകാരെ കാണാനാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകനായ ഡാനി ഹോവ് പറഞ്ഞു. ഇംഗ്ലണ്ടിലും, വെയില്‍സിലുമായി ഈ ഇനത്തില്‍ പെട്ട 10,000 നായകളുണ്ടെന്നാണ് കണക്ക്. അതേസമയം റെസ്‌ക്യൂ ഷെല്‍റ്ററുകളില്‍ 200 ലേറെ നായകള്‍ ഇപ്പോഴും അവശേഷിക്കുന്നതിനാല്‍ വിലക്കിനെ ഡോഗ് കണ്‍ട്രോള്‍ കൊളീഷന്‍ എതിര്‍ക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല