സ്വന്തം ലേഖകൻ: ജപ്പാനിലെ ഹാനഡ വിമാനത്താവളത്തില്‍ റണ്‍വേയിലിറങ്ങിയ വിമാനം കോസ്റ്റ് ഗാര്‍ഡിന്റെ വിമാനവുമായി കൂട്ടിയിടിച്ച് അപകടം. ജപ്പാന്‍ എയര്‍ലൈന്‍സിന്റെ വിമാനം പൂര്‍ണ്ണമായും കത്തിയമര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും അടക്കം 379 പേരേയും സുരക്ഷിതമായി പുറത്തെത്തിച്ചുവെന്ന് വിമാനക്കമ്പനി അറിയിച്ചു.
വിമാനം പൂര്‍ണമായും കത്തിയമരുന്നതിന് മുമ്പ് തന്നെ യാത്രക്കാരേയും ജീവനക്കാരേയും സമയംപാഴാക്കാതെ പുറത്തെത്തിക്കാന്‍ കഴിഞ്ഞതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്.
ഷിന്‍ ചിറ്റോസെയില്‍നിന്ന് ഹാനഡയിലേക്ക് വന്ന ജെ.എ.എല്‍. 516 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. എയര്‍ബസ് എ350 ശ്രേണിയില്‍പ്പെട്ട വിമാനമാണിത്. കഴിഞ്ഞദിവസമുണ്ടായ ഭൂചലനത്തില്‍പെട്ടവര്‍ക്ക് സഹായവുമായി പോവുകയായിരുന്ന വിമാനമാണ് ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനവുമായി കൂട്ടിയിടച്ചതെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
പ്രദേശിക സമയം വൈകീട്ട് 5.47-ഓടെയാണ് അപകടമുണ്ടായത്. കോസ്റ്റ് ഗാര്‍ഡിന്റെ വിമാനത്തിലുണ്ടായിരുന്ന ഒരാളെ രക്ഷിച്ചുവെന്നും മറ്റ് അഞ്ചുപേരെ കാണാനില്ലെന്നും ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീ പൂര്‍ണ്ണമായും കെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഹാനഡ വിമാനത്താവളത്തില്‍നിന്നുള്ള എല്ലാ വിമാനസര്‍വീസുകളും നിര്‍ത്തിവെച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് കോസ്റ്റ് ഗാര്‍ഡും അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല