സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് അധികൃതമായി കുടിയേറുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഡിസംബര്‍ 21ന് അനധികൃത കുടിയേറ്റമെന്നാരോപിച്ച് 300 ഇന്ത്യന്‍ യാത്രക്കാര്‍ സഞ്ചരിച്ച വിമാനം ഫ്രാന്‍സില്‍ പിടിച്ചുവച്ചതോടെയാണ് വീണ്ടും അനധികൃത കുടിയേറ്റം ചര്‍ച്ചയായത്. വാട്രി വിമാനത്താവളത്തിൽ അഞ്ച് ദിവസമാണ് യാത്രക്കാരെ തടഞ്ഞുവച്ചത്. വിഷയം ഇന്ത്യ പരിശോധിച്ചുവരികയാണ്. ഡിസംബര്‍ 26ന് മുംബൈയിലേക്ക് തിരികെ അയച്ച ലെജന്‍ഡ് ഇന്ത്യന്‍ എയര്‍ലൈന്‍സിലെ യാത്രക്കാരെ പ്രാദേശിക പോലീസ് ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. പ്രധാനമായും പഞ്ചാബിലെയും ഗുജറാത്തിലെയും യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
ചെറിയ റൊമാനിയന്‍ എയര്‍ലൈനില്‍ ഉള്‍പ്പെടുന്ന A340 യുഎഇയില്‍ നിന്നു നിക്കരാഗ്വയിലേക്കുള്ള യാത്രയ്ക്കിടെ മനുഷ്യക്കടത്ത് നടത്താനുള്ള സാധ്യതയുണ്ടെന്ന് അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടർന്നാണ് താഴെയിറക്കുകയും യാത്രക്കാരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്. നാലു ദിവസത്തിനുശേഷം വിമാനം മുംബൈയിലേക്ക് തിരിച്ചയച്ചു. അഞ്ച് കുട്ടികളുള്‍പ്പെടെയുള്ള 25 യാത്രക്കാര്‍ ഫ്രാന്‍സില്‍ തന്നെ അഭയം തേടുകയും ചെയ്തു. ഈ യാത്രക്കാര്‍ നിക്കരാഗ്വ വഴി മെക്‌സിക്കോയിലേക്കും അവിടെ നിന്ന് അമേരിക്കന്‍ അതിര്‍ത്തി അധികൃതമായി കടക്കാനുമായിരുന്നു പദ്ധതിട്ടതെന്നാണ് ഗുജറാത്ത് പോലീസ് പുറത്തുവിട്ട പ്രാഥമിക വിവരങ്ങള്‍.
ഈ അനധികൃത കുടിയേറ്റ മാര്‍ഗങ്ങള്‍ ഇന്ത്യയില്‍ ഏറെ സുപരിചമാണ്. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കുടിയേറുക എന്ന് സൂചിപ്പിക്കുന്ന പഞ്ചാബി പദമായ ഡങ്കിയില്‍ നിന്നു കടമെടുത്ത ഡങ്കി റൂട്ടുകള്‍ എന്നാണ് ഈ യാത്രാ മാര്‍ഗത്തെ വിളിക്കുന്നത്. ഈ അതിര്‍ത്തികടക്കാന്‍ മനുഷ്യക്കടത്തുകാർക്ക് 43,500 മുതല്‍ 130,500 യൂറോ വരെയാണ് യാത്രക്കാര്‍ നല്‍കിയത്. അനധികൃത കുടിയേറ്റത്തിൽ വ്യാജ ഏജന്റുമാര്‍ക്കും വലിയ പങ്കാണുള്ളത്. വലിയ തുക ആവശ്യപ്പെട്ടാണ് ഏജന്‍സികള്‍ ആളുകളെ കടത്തിവിടുന്നതും. കാടു മാര്‍ഗമുള്ള അനധികൃത കുടിയേറ്റമാണെങ്കില്‍ 30-40 ലക്ഷം വരെയും ചെലവാകുമെന്നാണ് ഒരു ഏജന്‍സിയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘ഇവിടെ തുര്‍ക്കിയാണ് ഇടത്താവളം. തുര്‍ക്കിയില്‍ നിന്നും കോസ്റ്റാ റൈസയിലേക്ക് വീസ ലഭിക്കും. അവിടെ നിന്നും പനാമയിലേക്ക് യാത്ര തിരിക്കും. മറ്റൊന്ന് വ്യോമമാര്‍ഗമാണ്. അതിന് 40 മുതല്‍ 50 ലക്ഷം വരെയാണ് ചെലവ്. യാത്രക്കാരെ വ്യോമമാര്‍ഗം ഏത് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കടത്തിവിടും”-ഏജന്റിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ വ്യാജ ഏജന്റുമാരെ പിടിക്കാനുള്ള അന്വേഷണത്തിലാണ് പഞ്ചാബും ഹരിയാനയും. കേസ് അന്വേഷിക്കാന്‍ പഞ്ചാബ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുമുണ്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി അമേരിക്കയിലേക്ക് തുടര്‍ന്നുകൊണ്ടിരിക്കുന്ന അനധികൃത കുടിയേറ്റത്തിലേറ്റത്തിലേക്കാണ് നിലവിലെ സംഭവം വഴിവച്ചത്. 2021ല്‍ 7,25,000 രേഖകളില്ലാത്ത ഇന്ത്യക്കാരാണ് അമേരിക്കയില്‍ താമസിച്ചതെന്ന് പ്യൂ ഗവേഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. 2017 മുതലാണ് അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു കൊണ്ടിരിക്കുന്നത്. മെക്‌സിക്കന്‍, സാല്‍വഡോറന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് ശേഷം അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റം നടത്തുന്ന മുന്നാമത്തെ വലിയ രാജ്യമാണ് ഇന്ത്യ.
2019 മുതല്‍ അമേരിക്കന്‍ അതിര്‍ത്തി കടക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം പത്ത് മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. അമേരിക്കന്‍ കസ്റ്റംസിന്റെയും അതിര്‍ത്തി സംരക്ഷകരുടെയും റിപ്പോര്‍ട്ട് പ്രകാരം 96,917 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരാണ് 2022-2023 കാലയളവില്‍ അതിര്‍ത്തി കടന്നത്. 2018-19 കാലയളവില്‍ 8027 പേരാണ് കുടിയേറിയത്. ഇതില്‍ ഭൂരിഭാഗം പേരും തെക്കന്‍ അതിര്‍ത്തി വഴി മെക്‌സിക്കോയില്‍ നിന്നുമാണ് അതിര്‍ത്തി കടന്നിരിക്കുന്നത്.
അതിര്‍ത്തിക്കടക്കുന്നതിനിടയില്‍ നിരവധി ദുരന്തവും അരങ്ങേറിയിട്ടുണ്ട്. 2023 ഏപ്രിലില്‍ സെന്റ് ലോറന്‍സ് നദിയില്‍ ഒരു കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രണ്ട് കുട്ടികളെയും മാതാപിതാക്കളെയുമായിരുന്നു അന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. 2022 ജനുവരിയില്‍ അതിര്‍ത്തിയില്‍ നിന്ന് കുറച്ച് ദൂരം മാറി ഇതേ സംസ്ഥാനത്ത് മറ്റൊരു കുടുംബത്തെയും മരിച്ച നിലയില്‍ കണ്ടെത്തി. 2019ല്‍ അരിസോണ മരുഭൂമിയില്‍ ആറ് വയസ് പ്രായമുള്ള ഒരു കുട്ടിയെയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല