സ്വന്തം ലേഖകൻ: ഒമാന്റെ ബജറ്റ് എയർ വിമാനമായ സലാം എയറിന്റെ മസ്കത്ത്-തിരുവനന്തപുരം സർവിസ് ബുധനാഴ്ച മുതൽ തുടങ്ങും. ആഴ്ചയിൽ രണ്ടു വീതം സർവിസുകളായിരിക്കും ഉണ്ടാകുക. ടിക്കറ്റ് ബുക്കിങ് ഇതിനകം തുടങ്ങിയിട്ടുണ്ട്.ബുധൻ, ഞായർ ദിവസങ്ങളിൽ മസ്കത്തിൽനിന്ന് രാത്രി 10.15ന് പുറപ്പെടുന്ന വിമാനം പുലർച്ച 3.25ന് തിരുവനന്തപുരത്തെത്തും.
ശരാശരി 42 റിയാലാണ് വെബ്സൈറ്റിൽ ടിക്കറ്റ് നിരക്ക് കാണിച്ചിട്ടുള്ളത്. ഇതിൽ ഏഴ് കിലോ ഹാൻഡ് ബാഗും 20 കിലോ ചെക്ക് ഇൻ ലഗേജും കൊണ്ടുപോകാൻ കഴിയും. 10 റിയാൽ അധികം നൽകിയാൽ ചെക്ക് ഇൻ ലഗേജ് 30 കിലോ ആക്കി ഉയർത്താനും സാധിക്കും. എന്നാൽ, ഫെബ്രുവരിയിൽ 60 റിയാലിന് മുകളിലായി ടിക്കറ്റ് നിരക്ക് ഉയരുന്നുണ്ട്.
മാർച്ചിൽ 80 റിയാലായും വർധിക്കുന്നുണ്ട്.തിരുവനന്തപുരത്തുനിന്ന് മസ്കത്തിലേക്ക് തിങ്കൾ, വ്യാഴം ദിവസങ്ങളിലായിരിക്കും സർവിസ്. പുലർച്ച 4.10ന് പുറപ്പെടുന്ന വിമാനം രാവിലെ 6.30ന് മസ്കത്തിൽ എത്തും. അധിക ദിവസവും 59.50 റിയാലാണ് ടിക്കറ്റ് നിരക്ക്. ഫെബ്രുവരിയിൽ ഇത് 64 റിയാൽവരെ എത്തുന്നുണ്ട്. കഴിഞ്ഞ ഒക്ടോബർ ഒന്നു മുതൽ സലാം എയർ ഇന്ത്യൻ സെക്ടറിൽനിന്ന് പൂർണമായും പിൻവാങ്ങിയിരുന്നു.
ഇന്ത്യയിലേക്ക് വിമാനങ്ങൾ അനുവദിക്കുന്നതിലുള്ള പരിമിതിമൂലമാണ് സർവിസുകൾ നിർത്തുന്നതെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. ഇത് പുനരാരംഭിച്ചതിന്റെ ഭാഗമായി കോഴിക്കോട്, ഹൈദരാബാദ്, ജയ്പൂർ, ലഖ്നോ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കും മസ്കത്തിൽനിന്ന് നേരിട്ടും സർവിസുകൾ തുടങ്ങിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല