സ്വന്തം ലേഖകൻ: പാസ്പോർട്ട് വേണ്ടാത്ത ബോര്‍ഡര്‍ ഇ ഗെയ്റ്റ് ഇനി യുകെ വിമാനത്താവളങ്ങളിലും. ബ്രിട്ടനിലേക്ക് വരുന്നവര്‍ക്കായി ഏറ്റവും ആധുനികമായ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യ വിമാനത്താവളങ്ങളില്‍ ഉപയോഗിക്കുമെന്നാണ് യു കെ ബോര്‍ഡര്‍ ഫോഴ്സ് ഡയറക്ടര്‍ ജനറല്‍ ഫില്‍ ഡഗ്ലസ് പറഞ്ഞത്. നിലവില്‍ ഉള്ളതിനേക്കാള്‍ സുഗമമായ രീതിയില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഉപയോഗിക്കുന്ന ഒരു ഇന്റലിജന്റ് ബോര്‍ഡര്‍ എന്നതാണ് ലക്ഷ്യം എന്നും അതിര്‍ത്തി സേന മേധാവി അറിയിച്ചു.
ദുബായ് പോലെ ഏറ്റവും വികസിതമായ ബോര്‍ഡര്‍ സൗകര്യങ്ങള്‍ ഉള്ള രാജ്യങ്ങള്‍ക്ക് ഒപ്പം ഈ പുതിയ സാങ്കേതിക വിദ്യ ബ്രിട്ടനെയും എത്തിക്കും എന്നാണ് അധികൃതര്‍ വിശ്വസിക്കുന്നത്. 50 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ കാര്യത്തിലാണ് ദുബായ് ഫേസ് റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. വെറും 5 സെക്കന്റുകള്‍ കൊണ്ടു തന്നെയാത്രക്കാര്ക്ക് ഇമിഗ്രേഷന്‍ പ്രക്രിയകള്‍ പൂര്‍ത്തിയാക്കുവാന്‍ ഈ സംവിധാനം സഹായിക്കുന്നുണ്ട് എന്നാണ് ദുബായ് അവകാശപ്പെടുന്നത്.
നിലവിലെ സംവിധാനത്തില്‍ വന്ന ചില പിഴവുകള്‍ കാരണം അടുത്ത കാലത്ത് ബ്രിട്ടീഷ് ബോര്‍ഡറുകളില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. പതിനായിരക്കണക്കിന് യാത്രക്കാര്‍ക്ക് വിവിധ വിമാനത്താവളങ്ങളില്‍ നാല് മണിക്കൂര്‍ വരെ ക്യു നില്ക്കേണ്ടതായും വന്നിരുന്നു. 2023 മേയ് ബാങ്ക് ഹോളിഡേ വാരാന്ത്യത്തില്‍ ഒരു സിസ്റ്റം അപ്ഗ്രേഡില്‍ പിഴവ് സംഭവിച്ചപ്പോഴായിരുന്നു ഇത് സംഭവിച്ചത്. അതേസമയം, അടുത്തിടെ നടത്തിയ ആസ്ട്രേലിയന്‍ സന്ദര്‍ശനത്തില്‍ താന്‍ അടുത്ത തലമുറ ഈ-ഗെയ്റ്റ് സാങ്കേതിക വിദ്യ കണ്ടു എന്നും ഏറെ ഇഷ്ടമായി എന്നും ഡഗ്ലസ്സ് പറഞ്ഞു.
യൂറോപ്യന്‍ പൗരന്മാര് ഉള്‍പ്പടെ, ഹ്രസ്വകാല താമസത്തിന് വീസ ഇല്ലാതെ ബ്രിട്ടനിലെത്തുന്ന എല്ലാ യാത്രക്കാരുടെ കാര്യത്തിലും ഇ ടി എ ഉപയോഗിക്കുവാനാണ് ഹോം ഓഫീസ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. ഈ സിസ്റ്റം ഉപയോഗിക്കുക വഴി യാത്രക്കാരുടെ നിരവധി വിവരങ്ങള്‍ ലഭ്യമാകും. അവര്‍ ഇതിന് മുന്‍പ് യു കെ സന്ദര്‍ശിച്ചവരാണോ എന്ന കാര്യവും അറിയാന്‍ കഴിയുമെന്നും ഡഗ്ലസ്സ് പറഞ്ഞു. ബ്രിട്ടന്റെ സുരക്ഷയുമായി ബാധിക്കുന്ന എന്തെങ്കിലും കേസുകള്‍ അവരുടെ പേരിലുണ്ടൊ എന്നതടക്കമുള്ള വിവരങ്ങള്‍ ഒരൊറ്റ നിമിഷം കൊണ്ട് അറിയുവാന്‍ കഴിയും.
അതിനിടയില്‍, കുടിറ്റ രേഖകളിലെ വലിയൊരു സുരക്ഷാ പ്രശ്നം അടയ്ക്കുന്നതിനുള്ള ശ്രമത്തിലാണ് അധികൃതര്‍ ഇപ്പോള്‍. ഒരു ഡോക്ടറുടെ കുറിപ്പ് കൊണ്ട് മാത്രം ഔദ്യോഗിക രേഖകളില്‍ ലിംഗഭേദം എളുപ്പത്തില്‍ വരുത്താവുന്ന നിയമത്തിലെ പഴുത് അടയ്ക്കാനാണ് ശ്രമിക്കുന്നത്. ജെന്‍ഡര്‍ റെക്കഗ്നിഷന്‍ സര്‍ട്ടിഫിക്കറ്റിന് പകരമായി നൂറുകണക്കിന് ആളുകളാണ് എല്ലാ വര്‍ഷവും ഈ സംവിധാനം ഉപയോഗിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല