സ്വന്തം ലേഖകൻ: കൊച്ചിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ദുബായ് വിമാനത്താവളത്തില്‍ അപകടകരമായ രീതിയില്‍ ലാന്‍ഡ് ചെയ്തതിനു പിന്നാലെ പൈലറ്റിനെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തി. ഡിസംബര്‍ 20ന് കൊച്ചിയില്‍നിന്ന് പുറപ്പെട്ട വിമാനം ഹാര്‍ഡ് ലാന്‍ഡിങ് നടത്തിയ സംഭവത്തിലാണ് നടപടി.
അപകടകരമായ രീതിയിലാണ് വിമാനം നിലത്തിറക്കിയതെങ്കിലും അത്യാഹിതമൊന്നും സംഭവിച്ചിരുന്നില്ല. സുരക്ഷിതമായ വിമാനം നിര്‍ത്താനും സാധിച്ചിരുന്നു. ഇതിനു പിന്നാലെ എയര്‍ ഇന്ത്യ അധികൃതര്‍ അന്വേഷണം ആരംഭിക്കുകയും പൈലറ്റിനെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ചട്ടങ്ങള്‍ അനുസരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അത് പൂര്‍ത്തിയാകുന്നതുവരെ പൈലറ്റിനെ പറക്കാന്‍ അനുവദിക്കില്ലെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. വിമാനം ദുബായില്‍ ഒരാഴ്ചയോളം നിര്‍ത്തിയിട്ട് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്ത്യയിലേക്ക് തിരിച്ചുപോകാന്‍ അനുവാദം നല്‍കിയത്.
ഹാര്‍ഡ് ലാന്‍ഡിങിനിടെ ലാന്‍ഡിങ് ഗിയറിന് കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല. എ320 വിമാനത്തിന് അധികം പഴക്കമില്ലാത്തതാണ് ഇതിന് കാരണമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിന് ശേഷം വിമാനം സര്‍വീസിന് ഉപയോഗിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല