സ്വന്തം ലേഖകൻ: യുകെയിൽ എന്‍എച്ച്എസ് ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്കിന് ഇന്ന് തുടക്കം. ആറു ദിവസം നീണ്ടു നില്ക്കുന്ന പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി ഒന്‍പതു വരെ നീണ്ടു നില്ക്കുന്ന സമരത്തിനൊപ്പം ജീവനക്കാരുടെ അവധി കൂടി എത്തുമ്പോള്‍ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിൽ ആകുമെന്നാണ് റിപ്പോര്‍ട്ട്. സന്തോഷത്തോടെയും ആശ്വാസത്തോടെയും പുതുവര്‍ഷം വരവേല്‍ക്കവേ എത്തിയ പണിമുടക്ക് എന്‍എച്ച്എസിന് തലവേദന സൃഷ്ടിക്കുമെന്ന് ഉറപ്പ്.
എന്‍ എച്ച് എസ്സിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമരമാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്നത്. വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ നാളുകളില്‍ തന്നെയുള്ള സമരം രോഗികളുടെ ദുരിതങ്ങളും വര്‍ദ്ധിപ്പിക്കും എന്നതില്‍ സംശയമില്ല. ഡിസംബറിലും മൂന്നു ദിവസം സമരം നടന്നിരുന്നു. ആ ദിവസങ്ങളില്‍ 86,000 അപ്പോയിന്റ്മെന്റുകള്‍ റദ്ദാക്കേണ്ടി വന്നിരുന്നു. ഇതോടെ ഈ ആഴ്ചത്തെ സമരങ്ങളില്‍ ഇരട്ടി അപ്പോയിന്റ്മെന്റുകളാണ് ഒഴിവാക്കേണ്ടി വരിക. ചികിത്സയും, സിസേറിയനും ആവശ്യമുള്ള ക്യാന്‍സര്‍ രോഗികളും, ഗര്‍ഭിണികളും പോലുള്ളവരാണ് ആഘാതം നേരിടുകയെന്ന് ആരോഗ്യ മേധാവികള്‍ പറയുന്നു.
സമരത്തെ തുടര്‍ന്ന് ഇംഗ്ലണ്ടിലെ മൂന്നിലൊന്ന് ഓപ്പറേഷനുകളും റദ്ദാക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. സമരം കഴിഞ്ഞാലും വരുന്ന ആഴ്ചകളില്‍ ഇതിന്റെ പ്രത്യാഘാതം ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാത്രമല്ല, ഫ്ളൂ, കോവിഡ് തുടങ്ങിയവ ജീവനക്കാരെ ബാധിക്കുന്നത് ഹെല്‍ത്ത് സര്‍വ്വീസിന് പ്രതിസന്ധി സൃഷ്ടിക്കും. സര്‍ക്കാരുമായി നീണ്ടകാലമായി തുടരുന്ന, ശമ്പളവര്‍ദ്ധനയുമായി ബന്ധപ്പെട്ട പ്രശ്നം ഇനിയും പരിഹരിക്കാത്തതാണ് സമരകാരണം.
ഇന്ന് രാവിലെ ഏഴു മണി മുതല്‍ തുടങ്ങുന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് ജനുവരി 9ന് രാവിലെ ഏഴു മണിയ്ക്കാണ് അവസാനിക്കുക. സമരങ്ങളെ നേരിടാന്‍ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെങ്കിലും ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങളില്‍ നിന്നും ഉണ്ടാകുന്ന വിന്റര്‍ രോഗങ്ങളിലെ വര്‍ദ്ധനവിന് പര്യാപ്തമായ തോതില്‍ ചികിത്സ നല്കാന് കഴിയില്ലെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് മെഡിക്കല്‍ ഡയറക്ടര്‍ സ്റ്റീഫന്‍ പോവിസ് മുന്നറിയിപ്പ് നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല