1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 4, 2024

സ്വന്തം ലേഖകൻ: ഇരു രാജ്യങ്ങളിലേയും വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിര്‍ണായക ചുവടുവെപ്പുമായി ചൈനയും തായ്‌ലന്‍ഡും. വീസ ചട്ടങ്ങളില്‍ പരസ്പരം ഇളവ് വരുത്തിയാണ് ചൈനയും തായ്‌ലന്‍ഡും ടൂറിസം മേഖലയില്‍ പുതിയ സഹകരണം പ്രഖ്യാപിച്ചത്. ഇനി മുതല്‍ ചൈനയില്‍ പ്രവേശിക്കുന്നതിന് തായ്‌ലന്‍ഡുകാര്‍ക്കോ തായ്‌ലന്‍ഡില്‍ പ്രവേശിക്കുന്നതിന് ചൈനക്കാര്‍ക്കോ വീസ ആവശ്യമില്ല.

ഇരു രാജ്യങ്ങള്‍ക്കും നേട്ടമുണ്ടാക്കുന്ന തീരുമാനമാണ് ഇതെന്ന് തായ്‌ലന്‍ഡ് പ്രധാനമന്ത്രി സ്രെത്ത തവിസിന്‍ പറഞ്ഞു. നേരത്തെയും വിനോദസഞ്ചാര മേഖലയ്ക്ക് ഊര്‍ജം പകരാനായി തായ്‌ലന്‍ഡ് ചൈനീസ് പൗരന്‍മാര്‍ക്ക് വീസ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. തായ്‌ലന്‍ഡില്‍ ടൂറിസ്റ്റുകളായി എത്തിയിരുന്നതില്‍ വലിയൊരു വിഭാഗവും ചൈനീസ് പൗരന്‍മാരായിരുന്നു. എന്നാല്‍ സമീപകാലത്ത് ചൈനക്കാരുടെ തായ്‌ലന്‍ഡ് പ്രേമത്തില്‍ വലിയ ഇടിവ് സംഭവിച്ചു. തായ്‌ലന്‍ഡില്‍ എത്തുന്ന ചൈനീസ് സഞ്ചാരികളുടെ എണ്ണം കുത്തനെ കുറയുകയും ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്നാണ് സെപ്തംബറില്‍ തായ്‌ലന്‍ഡ് ചൈനക്കാര്‍ക്കായി വീസ ഇളവുകള്‍ പ്രഖ്യാപിച്ചത്. ഇത് നിലവില്‍ വന്ന് രണ്ട് ദിവസം കൊണ്ട് തന്നെ ഇരുപതിനായിരത്തോളം ചൈനീസ് സഞ്ചാരികള്‍ തായ്‌ലന്‍ഡിലെത്തി. ഇതോടെയാണ് ശാശ്വതമായ വീസ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ തായ്‌ലന്‍ഡ് ഭരണാധികാരികള്‍ തീരുമാനിച്ചത്.

ടൂറിസം മുഖ്യ വരുമാനങ്ങളിലൊന്നായ തായ്‌ലന്‍ഡിന് കോവിഡ് വ്യാപനവും സഞ്ചാരികളുടെ സുരക്ഷ ആശങ്കകളുമൊക്കെയാണ് വിനയായത്. ഇതിലൂടെയുണ്ടായ തിരിച്ചടികള്‍ മറികടക്കാനായി വലിയ പരിഷ്‌കാരങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും താല്‍ക്കാലികമായി വീസ രഹിത പ്രവേശനം പ്രഖ്യാപിച്ചിരുന്നു.

ടൂറിസം മേഖലയില്‍ കൂടുതല്‍ ഇടപെടലുകള്‍ നടപ്പിലാക്കാനൊരുങ്ങുന്ന ചൈനയും സമാനമായ നടപടികളിലേക്ക് കടന്നിരുന്നു. മലേഷ്യയും നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഉള്‍പ്പടെയുള്ളവര്‍ക്കാണ് ചൈന ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നത്. ചൈനയും തായ്‌ലന്‍ഡും വിയറ്റ്‌നാമും ഉള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനായി ഇത്തരം ഇളവുകള്‍ പ്രഖ്യാപിക്കുന്നത് ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളെയും സമ്മര്‍ദ്ധത്തിലാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.