സ്വന്തം ലേഖകൻ: ഹമാസിന്റെ ഉപനേതാവ് സലേഹ് അല്‍ അറൂറിയുടെ വധം ഇസ്രയേല്‍-ഹമാസ് യുദ്ധം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചേക്കും. ചൊവ്വാഴ്ച ലെബനന്റെ തലസ്ഥാനമായ ബയ്റുത്തിനു തെക്ക് ദഹിയേഹിലാണ് അറൂറിയെയും അംഗരക്ഷകരെയും ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചത്.
ഗാസയിലെ ആക്രമണത്തിന്റെപേരില്‍ ഇസ്രയേലിലേക്ക് ദിവസേനയെന്നോണം മിസൈല്‍ അയക്കുന്ന ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമാണ് ലെബനന്. ഹമാസിനെപ്പോലെ ഇറാന്റെ പിന്തുണയുള്ള സായുധസംഘമാണ് ഹിസ്ബുള്ളയും. അറൂറിയുടെ വധത്തിന് പ്രതികാരംചെയ്യുമെന്ന് രണ്ടുകൂട്ടരും പ്രഖ്യാപിച്ചതോടെയാണ് യുദ്ധം ഗാസയ്ക്കു പുറത്തേക്കു വ്യാപിക്കുമെന്ന ആശങ്ക ഉയര്‍ന്നിരിക്കുന്നത്.
ഇസ്രയേലും ലെബനനും തമ്മിലുള്ള ബന്ധം മുമ്പേ സംഘര്‍ഷഭരിതമാണ്. ബയ്റുത്തില്‍ അറൂറിയെ വധിച്ചതിനെ ലെബനന് പ്രധാനമന്ത്രി നജീബ് മിതാക്കി അപലപിച്ചു. ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ലെബനനും പെട്ടുപോകുമോ എന്ന ഭീതിയും അദ്ദേഹത്തിനുണ്ട്. ഹിസ്ബുള്ള ആക്രമണം കടുപ്പിച്ചാല്‍ ലെബനനെ ഗാസയാക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നു.
പലസ്തീന് ജനതയുടെ ആത്മാഭിമാനത്തിനുവേണ്ടിയാണ് ഹമാസ് അംഗങ്ങള്‍ രക്തസാക്ഷികളാകുന്നതെന്നാണ് അറൂറിയുടെ മരണത്തില്‍ അനുശോചിച്ച് ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയെ പറഞ്ഞത്. പലസ്തീന് ഒരിക്കലും തോല്‍ക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പലസ്തീന് പ്രധാനമന്ത്രി മുഹമ്മദ് ഷതയേഹും അറൂറി വധത്തെ അപലപിച്ചു.
അതിനിടെ ഇറാനിൽ ഇരട്ടബോംബ് സ്ഫോടനത്തിൽ കുറഞ്ഞത് 103 പേർ കൊല്ലപ്പെട്ടു. 141 പേർക്കു പരിക്കേറ്റു. അമേരിക്ക വധിച്ച വിപ്ലവഗാർഡ് കമാൻഡർ ജനറൽ ഖാസിം സുലൈമാനിയുടെ നാലാം ചരമവാർഷികദിനത്തിൽ അദ്ദേഹത്തിന്റെ കബറിടത്തിൽ നടന്ന ചടങ്ങിനിടെയാണ് സ്ഫോടനമുണ്ടായത്. ഭീകരാക്രമണമാണ് നടന്നതെന്ന് ഇറേനിയൻ വൃത്തങ്ങൾ പറഞ്ഞു.
ഇന്നലെ തെക്കൻ നഗരമായ കെർമാനിലെ സാഹിബ് അൽ സമാൻ മോസ്കിലായിരുന്നു സംഭവം. അനുസ്മരണത്തിന്റെ ഭാഗമായി നൂറൂകണക്കിനു പേർ സുലൈമാനിയുടെ കബറിടത്തിലേക്കു പ്രദക്ഷിണമായി പോകവേയാണു സ്ഫോടനങ്ങളുണ്ടായത്. ചവറുവീപ്പയിൽ സ്ഥാപിച്ചിരുന്ന ബോംബുകൾ റിമോട്ട് ഉപയോഗിച്ചാണ് പൊട്ടിച്ചതെന്ന് കരുതുന്നു. ഇസ്രയേൽ-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ സ്ഫോടനം പശ്ചിമേഷ്യയിലെ സംഘർഷം വർധിപ്പിക്കുമെന്ന ആശങ്ക ശക്തമാണ്.
ഇറേനിയൻ വിപ്ലവഗാർഡിലെ വിദേശ ഓപ്പറേഷനുകളുടെ ചുമതലയുള്ള ഖുദ്സ് ഫോഴ്സിന്റെ കമാൻഡറായിരുന്ന ജനറൽ ഖ്വാസിം സുലൈമാനിയെ യുഎസ് സേന 2020ൽ ഇറാക്കിൽ നടത്തിയ ഡ്രോൺ ആക്രമണത്തിലൂടെയാണ് വധിച്ചത്.
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയ് കഴിഞ്ഞാൽ ഇറാനിലെ ഏറ്റവും കരുത്തനായ നേതാവായിരുന്നു സുലൈമാനി. പശ്ചിമേഷ്യയിലും അറബ് മേഖലയിലും ഇറാന്റെ പിന്തുണയോടെ സായുധ സംഘങ്ങളെ വളർത്തിയത് സുലൈമാനിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല