1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 5, 2024

സ്വന്തം ലേഖകൻ: കൊടുംശൈത്യത്തില്‍ മരവിച്ച് ഫിന്‍ലന്‍ഡും സ്വീഡനും. ശൈത്യം അതിന്റെ ഏറ്റവും മൂർധന്യത്തിൽ എത്തിയിരിക്കുന്ന ഈ രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ താപനില മൈനസ് 40 ഡിഗ്രിയാണ്. കഴിഞ്ഞ 25 വര്‍ഷത്തിനടയില്‍ സ്വീഡനിലെ ഏറ്റവും തണുത്തുറഞ്ഞ ദിവസമായിരുന്നു ജനുവരി മൂന്ന് ബുധനാഴ്ച. മൈനസ് 43.6 ഡിഗ്രിയാണ് അന്ന് രേഖപ്പെടുത്തിയ താപനില.

അയല്‍രാജ്യമായ ഫിന്‍ലന്‍ഡിലും സമാനമായ സാഹചര്യമായിരുന്നു. ഇരുരാജ്യത്തെയും ജനജീവിതത്തെ അതിശൈത്യം കാര്യമായി ബാധിച്ചു. ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. ഹൈവേകളും ഫെറി സര്‍വീസുകളും പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. സ്വീഡനില്‍ പലയിടത്തും ട്രെയിന്‍ സര്‍വീസും തടസ്സപ്പെട്ടു. ഗ്രാമപ്രദേശങ്ങളിലാണ് സ്ഥിതി ഗുരുതരമായത്.

താപനില മൈനസ് 30 ഡിഗ്രിയായി കുറഞ്ഞതോടെ സ്വീഡനില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ബുധനാഴ്ച അതീവ ജാഗ്രതാ നിര്‍ദേശവും വന്നതോടെ ജനങ്ങള്‍ ആശങ്കയിലായി. ഫിന്‍ലന്‍ഡില്‍ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് കാലാവസ്ഥ രൂക്ഷമായത്. അടുത്ത ഒരാഴ്ചയോളം സ്ഥിതി തുടരുകയും താപനില മൈനസ് 40 ഡിഗ്രി വരെയാവുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ഫിന്‍ലന്‍ഡിന്റെ തലസ്ഥാനമായ ഹെല്‍സിങ്കിയില്‍ മൈനസ് 15 മുതല്‍ 20 ഡിഗ്രി വരെയാണ് രേഖപ്പെടുത്തിയത്. തെക്കന്‍ നോര്‍വീജിയന്‍ നഗരമായ ആരെണ്ടാലില്‍ അതിശൈത്യം കാരണം സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. പൊതുവഴികളെല്ലാം മഞ്ഞ് വീണ് തടസ്സപ്പെട്ടിരിക്കുന്നതിനാല്‍ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല.

കനത്ത കാറ്റ് വീശുന്നതിനാല്‍ ഇരു രാജ്യങ്ങളിലേയും പല പാലങ്ങളും അടച്ചിട്ടുണ്ട്. അതേസമയം മഞ്ഞുവീഴ്ചയുടെ ഭാഗമായി നടക്കുന്ന ആഘോഷങ്ങളും ഐസ് ഹോക്കി ഉള്‍പ്പടെയുള്ള കായിക മത്സരങ്ങളും പല നോര്‍വീജിയന്‍ പ്രദേശങ്ങളിലും അരങ്ങേറുന്നുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.