സ്വന്തം ലേഖകൻ: പത്തു വർഷത്തിനകം സ്വദേശി കുടുംബങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്ന ദുബായ് സോഷ്യൽ അജൻഡ 33ന് തുടക്കമായി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പദ്ധതി പ്രഖ്യാപിച്ചത്.
സ്വദേശികളുടെ ജീവിത, ഭവന നിലവാരം, ആരോഗ്യ പരിരക്ഷ എന്നിവ വർധിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാനായി 20,800 കോടി ദിർഹത്തിന്റെ പദ്ധതിക്കും രൂപം നൽകി. കുടുംബം രാഷ്ട്രത്തിന്റെ അടിത്തറ എന്ന മുദ്രാവാക്യത്തോടെ ആവിഷ്കരിച്ച ദുബായ് സോഷ്യൽ അജൻഡയിലൂടെ ലോകത്തിലെ ഏറ്റവും മികച്ച പാർപ്പിടവും മറ്റു സൗകര്യങ്ങളും സ്വദേശി കുടുംബങ്ങൾക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം യുഎഇയുടെ സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസ് (ഇമാറാത്തി ടാലന്റ് കോംപറ്ററ്റീവ്നസ് കൗൺസിൽ) പ്രകാരം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ വർധിച്ചു. 2023 ഡിസംബർ അവസാനം വരെയുള്ള കണക്കനുസരിച്ച് രണ്ടു വർഷത്തിനകം 92,000 സ്വദേശികളാണ് സ്വകാര്യമേഖലകളിൽ ജോലിക്കു ചേർന്നതെന്ന് മാനവശേഷി സ്വദേശി വൽക്കരണ മന്ത്രാലയം അറിയിച്ചു. 2021നെക്കാൾ 157% വർധനയാണിത്.
പദ്ധതി ശരിയായ പാതയിൽ മുന്നോട്ടുപോകുന്നതിന്റെ തെളിവാണിതെന്നും വ്യക്തമാക്കി. 19,000 സ്വകാര്യ കമ്പനികൾ മികച്ച പിന്തുണ നൽകിയതാണ് അനുപാതം വർധിക്കാൻ കാരണം. അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ വർഷത്തിൽ 2% സ്വദേശിവൽക്കരണം നടപ്പാക്കണമെന്ന നിയമം 2022ലാണ് ആരംഭിച്ചത്. 2023, 2024 വർഷത്തെ 2% വീതം ഈ വർഷം മൊത്തം 6% പൂർത്തിയാക്കണം.
2026നകം 10% ആണ് ലക്ഷ്യമാക്കുന്നത്. ഇതിനു പുറമെ 20–49 ജീവനക്കാരുള്ള കമ്പനികൾ 2024, 2025 വർഷങ്ങളിൽ ഒരു സ്വദേശിയെ വീതം നിയമിക്കണമെന്നും നിർദേശമുണ്ട്. 14 മേഖലകളിലെ 68 പ്രഫഷണൽ, സാങ്കേതിക തസ്തികകളിലാണ് ഈ വിഭാഗത്തിലെ സ്വദേശിവൽക്കരണം. നിയമലംഘകർക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല