സ്വന്തം ലേഖകൻ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സറ്റീന്റെ കേസ് രേഖകളിൽ പ്രമുഖരുടെ പേരുകൾ. നൂറുകണക്കിന് കോടതി രേഖകളിലുള്ള പ്രമുഖരുടെ പേരുകൾ ഇനിയും രഹസ്യമാക്കിവെക്കേണ്ട കാര്യമില്ലെന്ന് യുഎസ് ജില്ലാ ജഡ്ജി ലോറേട്ട പ്രെസ്‌ക ചൂണ്ടിക്കാട്ടിയിരുന്നു. ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂ, മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ, വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്, പോപ് താരം മൈക്കിൽ ജാക്‌സൺ തുടങ്ങി ഇരുനൂറോളം പ്രമുഖരുടെ പേരുകളാണ് രേഖകളിലുള്ളത്.
‘ഡോ 36’ എന്നാണ് ബിൽ ക്ലിന്റനെ രേഖകളിൽ സൂചിപ്പിക്കുന്നത്. 50 തവണയാണ് ഈ പേര് ആവർത്തിക്കുന്നത്. എന്നാൽ എപ്സ്റ്റീനെതിരെ പരാതി നൽകിയ വിർജീനിയ റോബർട്‌സ് ക്ലിന്റനെതിരെ ആരോപണമുന്നയിച്ചിട്ടില്ല. എന്നാൽ രണ്ട് യുവതികൾക്കൊപ്പം എപ്സ്റ്റീന്റെ ദ്വീപിൽ ക്ലിന്റനെ കണ്ടതായി വിർജീനിയ പറയുന്നുണ്ട്. പാരീസ്, ബാങ്കോക്ക്, ബ്രൂണെ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രക്ക് ക്ലിന്റൺ എപ്സ്റ്റീന്റെ വിമാനം ഉപയോഗിച്ചതായും ആരോപണമുണ്ട്.
ക്ലിന്റന് യുവതികളെയാണ് ഇഷ്ടമെന്ന് എപ്‌സറ്റീൻ ഒരിക്കൽ പറഞ്ഞതായി മറ്റൊരു പരാതിക്കാരിയായ ജോഹാന്ന സ്‌ജോബർഗ് ആരോപിക്കുന്നുണ്ട്. എന്നാൽ താൻ ഒരിക്കലും എപ്സ്റ്റീന്റെ ദ്വീപ് സന്ദർശിച്ചിട്ടില്ലെന്നാണ് ക്ലിന്റന്റെ വാദം. മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 1993നും 1997നും ഇടയിൽ എപ്സ്റ്റീന്റെ സ്വകാര്യ വിമാനത്തിൽ കുറഞ്ഞത് ഏഴ് യാത്രകളെങ്കിലും നടത്തിയിട്ടുണ്ടെന്നാണ് രേഖകളിൽ പറയുന്നത്.
പോപ് താരം മൈക്കൽ ജാക്‌സൺ, മജീഷ്യൻ ഡേവിഡ് കോപ്പർ ഫീൽഡ് എന്നിവരെയും എപ്സ്റ്റീനൊപ്പം കണ്ടിട്ടുണ്ടെന്ന് പരാതിക്കാരിയായ ജൊഹാന്ന സ്‌ജോബർഗ് ആരോപിക്കുന്നുണ്ട്. ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂവിനെതിരെയും സ്‌ജോബർഗ് ആരോപണമുന്നയിക്കുന്നുണ്ട്. എപ്സ്റ്റീന്റെ മാൻഹാട്ടനിലെ ടൗൺഹൗസിൽ വിർജീനിയയുടെ മടിയിലിരിക്കുമ്പോൾ ആൻഡ്ര്യൂ തന്റെ മാറിടത്തിൽ സ്പർശിച്ചെന്ന് സ്‌ജോബർഗ് പറയുന്നത് കോടതി രേഖകളിലുണ്ട്.
കോടീശ്വരനും ലൈംഗികക്കുറ്റവാളിയുമായിരുന്ന എപ്‌സ്റ്റീനെതിരെ വിർജീനിയ റോബർട്‌സ് എന്ന യുവതിയാണ് 1999-2002 കാലയളവിൽ ആദ്യ വെളിപ്പെടുത്തൽ നടത്തുന്നത്. തന്നെ ലൈംഗിക അടിമയാക്കി ഉപയോഗിച്ച എപ്‌സറ്റീൻ ഉന്നത സുഹൃത്തുക്കൾക്ക് കാഴ്ചവെച്ചെന്നും വിർജീനിയയുടെ പരാതിയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പ്രായപൂർത്തിയാവാത്ത നിരവധി പെൺകുട്ടികളുടെ രക്ഷിതാക്കൾ എപ്സ്റ്റീനെതിരെ പരാതിയുമായി രംഗത്തെത്തി.
2006 മേയിൽ പാം ബീച്ച് പൊലീസ് കുറ്റപത്രം ഫയൽ ചെയ്തു. എപ്സ്റ്റീന് പുറമെ സാറാ കെല്ലൻ, ഹാലി റോബ്‌സൺ സോൺ എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ടായിരുന്നു. അഞ്ച് ഇരകളുടെയും 17 ദൃക്‌സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായും എപ്സ്റ്റീൻ നിയമവിരുദ്ധമായ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്നായിരുന്നു ആരോപണം.
എപ്സ്റ്റീന് ആവശ്യാനുസരണം പെൺകുട്ടികളെ എത്തിച്ച് പണമുണ്ടാക്കി എന്ന കുറ്റമാണ് സോണിനെതിരെ ചുമത്തിയത്. പെൺകുട്ടികളുടെ പേരും വിലാസവും അടക്കമുള്ള വിവരങ്ങളടങ്ങിയ ‘ബ്ലാക് ബുക്ക്’ സൂക്ഷിച്ചെന്നായിരുന്നു സാറയ്‌ക്കെതിരായ കുറ്റം. ലൈംഗിക കുറ്റവാളിയെന്ന് കോടതി കണ്ടെത്തിയ എപ്സ്റ്റീന് 18 മാസത്തെ ജയിൽവാസമായിരുന്നു ശിക്ഷ. 2009 ജൂലൈ 22ന് എപ്സ്റ്റീൻ ജയിൽമോചിതനായി.
തുടർന്ന് 2010 ആഗസ്റ്റ് വരെ അദ്ദേഹം വീട്ടുതടങ്കലിലായിരുന്നു. അതിനിടെ എപ്സ്റ്റീനെതിരായ കേസുകൾ യുഎസ് ലേബർ സെക്രട്ടറിയുടെ നേതൃത്വത്തിൽ അട്ടിമറിച്ചെന്നും ജയിൽമോചനത്തിന് സഹായകരമായ വിധത്തിൽ പ്രത്യേക പരിഗണന ലഭിച്ചെന്നും ആരോപണമുയർന്നു. തുടർന്ന് എപ്സ്റ്റീനെതിരായ ആരോപണങ്ങളിൽ വീണ്ടും അന്വേഷണമുണ്ടായി.
ലൈംഗികക്കടത്ത്, ലൈംഗികക്കടത്തിന് ഗൂഢാലോചന, പെൺകുട്ടികളെ നഗ്നരാക്കി മസാജ് ചെയ്യിപ്പിച്ചു, ലൈംഗിക പ്രവൃത്തികൾക്ക് നിർബന്ധിച്ചു തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 2019 ജൂലൈ ആറിന് എപ്സ്റ്റീൻ വീണ്ടും അറസ്റ്റിലായി. ആഗസ്റ്റ് 10ന് തടവിൽ പാർപ്പിച്ചിരുന്ന മെട്രോപോളിറ്റൻ കറക്ഷണൽ സെന്ററിൽ എപ്സ്റ്റീനിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല