സ്വന്തം ലേഖകൻ: അറബിക്കടലില്‍ സൊമാലിയന്‍ തീരത്ത് അജ്ഞാതസംഘം റാഞ്ചിയ ലൈബീരിയന്‍ ചരക്കുകപ്പലില്‍നിന്ന് മോചിപ്പിക്കപ്പെട്ടവരുടെ ദൃശ്യങ്ങള്‍ ഇന്ത്യന്‍ നാവികസേന പുറത്തുവിട്ടു. നാവികസേനയുടെ മറൈന്‍ കമാന്‍ഡോകള്‍ (മര്‍കോസ് സാഹസികമായി രക്ഷപ്പെടുത്തിയ 15 ഇന്ത്യക്കാരുള്‍പ്പെടെയുള്ള 21 ജീവനക്കാരാണ് ദൃശ്യങ്ങളിലുള്ളത്.
നാവികസേനയുടെ കപ്പലിലിരിക്കുന്ന ജീവനക്കാര്‍, ഭാരത് മാതാ കീ ജയ് വിളിക്കുന്നതും ഇന്ത്യന്‍ നാവികസേനയെക്കുറിച്ച് അഭിമാനിക്കുന്നുവെന്ന് പറയുന്നതും വീഡിയോയിലുണ്ട്. 24 മണിക്കൂറോളം തങ്ങള്‍ കുടുങ്ങിക്കിടന്നുവെന്നും നാവികസേനയെത്തി രക്ഷപ്പെടുത്തിയതോടെയാണ് ആശ്വാസമായതെന്നും സംഘത്തിലുണ്ടായിരുന്ന ഒരാള്‍ പറഞ്ഞു.
ഹൂതി ആക്രമണത്തെ പ്രതിരോധിക്കാന്‍ നാവികസേന അറബിക്കടലില്‍ വിന്യസിച്ചിരുന്ന ഐ.എന്‍.എസ്. ചെന്നൈ എന്ന യുദ്ധക്കപ്പലാണ് ജീവനക്കാരെ രക്ഷിച്ചത്. ‘എം.വി. ലില നോര്‍ഫോക്’ എന്ന ലൈബീരിയന്‍ ചരക്കുകപ്പലാണ് വ്യാഴാഴ്ച രാത്രി സൊമാലിയയിലെ ഹഫൂനിന് കിഴക്കുഭാഗത്തുെവച്ച് അജ്ഞാതസംഘം റാഞ്ചിയത്.
വെള്ളിയാഴ്ച വൈകീട്ട് രക്ഷാദൗത്യവുമായി മര്‍കോസ് ഹെലികോപ്റ്ററില്‍ കപ്പലിലിറങ്ങി. നാവിക സേന ഇറങ്ങുംമുമ്പ് അക്രമികള്‍ കപ്പലുപേക്ഷിച്ചു മുങ്ങി. റാഞ്ചിയ ലൈബീരിയന്‍ പതാകയുള്ള ചരക്കുകപ്പലിന് സമീപം മണിക്കൂറുകള്‍ക്കകം എത്തി രക്ഷാദൗത്യം സാഹസികമായി പൂര്‍ത്തിയാക്കി. റാഞ്ചലിനുപിന്നില്‍ കടല്‍ക്കൊള്ളക്കാരാണോ ഹൂതികളാണോ എന്നതിനെക്കുറിച്ച് സ്ഥിരീകരണങ്ങളില്ല.
ബ്രസീലില്‍നിന്ന് ബഹ്റൈനിലേക്ക് പോകുകയായിരുന്നു ചരക്കുകപ്പല്‍. ആയുധധാരികളായ ആറംഗസംഘം കപ്പലിലേക്ക് ഇരച്ചുകയറി. ഉടന്‍തന്നെ ജീവനക്കാര്‍ ബ്രിട്ടീഷ് സൈനികസംഘടനയായ യു.കെ. മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (യു.കെ.എം.ടി.ഒ.) പോര്‍ട്ടലിലൂടെ അപായസന്ദേശം പങ്കുവെച്ചു. തങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്നും രക്ഷിക്കണമെന്നുമായിരുന്നു സന്ദേശം. തുടര്‍ന്ന് കപ്പലിലെ സ്ട്രോങ് റൂമില്‍ ജീവനക്കാര്‍ അഭയം തേടിയെന്ന് നാവികസേന വക്താവ് കമാന്‍ഡര്‍ മെഹുല്‍ കാര്‍നിക് അറിയിച്ചു.
തന്ത്രപ്രധാനമായ ജലപാതകളില്‍ കപ്പലുകളുടെയും മറ്റുയാനങ്ങളുടെയും നീക്കങ്ങള്‍ നിരീക്ഷിക്കുന്ന സംവിധാനമായ യു.കെ. മാരിടൈം ട്രേഡ് ഓപ്പറേഷന്‍സാണ് കപ്പല്‍ റാഞ്ചിയ വിവരം ഇന്ത്യന്‍ നാവികസേനയ്ക്ക് സന്ദേശമായി നല്‍കിയത്. പിന്നാലെ നാവികസേന സമുദ്രസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ച ഐ.എന്‍.എസ്. ചെന്നൈ യുദ്ധക്കപ്പലിനെ വഴിതിരിച്ചുവിട്ടു.
ആക്രമിക്കപ്പെട്ട കപ്പലിന്റെ സ്ഥിതി നിരീക്ഷിക്കാന്‍ ഒരു പട്രോളിങ് വിമാനത്തെയും ചുമതലപ്പെടുത്തി. വെള്ളിയാഴ്ച അതിരാവിലെ ഈ വിമാനം കപ്പലിനടുത്തെത്തി കപ്പലുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് 3.15-ന് ചരക്കുകപ്പലിന് സമീപമെത്തിയ ഐ.എന്‍.എസ്. ചെന്നൈയില്‍നിന്ന് നാവികസേന കമാന്‍ഡോകള്‍ ചരക്കുകപ്പലില്‍ സുരക്ഷിതമായിറങ്ങി രക്ഷാദൗത്യം പൂർത്തിയാക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല