സ്വന്തം ലേഖകൻ: ‘1985-ല്‍ ആരംഭിച്ച, 39 വര്‍ഷം പൂര്‍ത്തിയാക്കിയ ദൂരദര്ശനോടൊപ്പമുള്ള എന്റെ യാത്ര ഈ ബുള്ളറ്റിനോടെ അവസാനിക്കുകയാണ്. എല്ലാ പ്രേക്ഷകര്‍ക്കും നന്ദി. ഒപ്പം പുതുവത്സരാശംസകളും. നമസ്കാരം’. ദൂരദര്‍ശന്റെ മലയാളം സംപ്രേഷണം തുടങ്ങി മൂന്നാംദിവസംമുതല് കണ്ടുതുടങ്ങിയ ഹേമലതാ കണ്ണന് ഔദ്യോഗികജീവിതം അവസാനിപ്പിച്ചത് അപൂര്‍വ വിടപറച്ചിലിലൂടെയാണ്.
അവസാനദിവസം പുഞ്ചിരിയോടെയാണ് ഔദ്യോഗികജീവിതത്തോടു വിടപറഞ്ഞത്. തുടര്‍ന്നു കണ്ടത് സാമൂഹികമാധ്യമലോകത്ത് വീഡിയോ വൈറലായതാണ്. വാട്സാപ്പിലും ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഒക്കെയായി ലക്ഷക്കണക്കിനുപേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തു. തന്റെ വാക്കുകള്‍ക്ക് ലഭിച്ച സ്വീകാര്യത ഹേമലതാ കണ്ണനെ അത്ഭുതപ്പെടുത്തുന്നു.
‘ഇത്രയും ആളുകള്‍ സ്നേഹിക്കുന്നു എന്നറിഞ്ഞില്ല. ലോകത്തുള്ള മലയാളികളിലൂടെ വീഡിയോ ഷെയര്‍ ചെയ്തുപോകുന്നതില്‍ ഭയങ്കര സന്തോഷം. പഴയ ആള്‍ക്കാരാണ്, സ്ഥിരമായി ടെലിവിഷനിലൂടെ ഇപ്പോള്‍ കാണുന്നില്ല. എന്നിട്ടും ഈ സ്നേഹം കാണുമ്പോള്‍ സന്തോഷം, ചാരിതാര്‍ഥ്യം…’ ഇതാണ് ഹേമലതയുടെ പ്രതികരണം.
ന്യൂസ് ഡയറക്ടര്‍ അജയ് ജോയ് ആണ് അവസാന ബുള്ളറ്റിന് വായിക്കണമെന്ന നിര്‍ദേശം നല്‍കിയത്. കൂടെ യാത്രപറച്ചിലുമാകാമെന്നും അദ്ദേഹം നിര്‍ദേശിച്ചു. മുന്‍മാതൃകകളില്ലാത്ത കാലത്താണ് ഹേമലത ഉള്‍പ്പെടുന്ന 16 പേര് ദൂരദര്‍ശനില്‍ ചേരുന്നത്. സഹപ്രവര്‍ത്തകനും പിന്നീട് ജീവിതപങ്കാളിയുമായ ജി.ആര്.കണ്ണനാണ് മലയാളത്തിലെ വാര്‍ത്താ ബുള്ളറ്റിന് വായിച്ചത്, 1985 ജനുവരി രണ്ടിന്.
മൂന്നിനാണ് ഹേമലത ആദ്യമായി വാർത്ത വായിക്കുന്നത്. ഫെബ്രുവരിയോടെ കണ്ണന്, സന്തോഷ്, അലക്സാണ്ടര്‍ മാത്യു പിന്നെ ഹേമലത എന്നിവര്‍ മാത്രമായി. എങ്ങനെയാകണം ഒരോരുത്തരുമെന്ന് പരസ്പരം പറഞ്ഞും സഹായിച്ചും തിരുത്തിയും മുന്നേറി. സ്ഥിരമായി വാര്‍ത്ത വായിച്ചിരുന്നപ്പോഴും പിന്നീട് സ്ഥാനക്കയറ്റം ലഭിച്ച് അണിയറയിലേക്കു പിന്‍വാങ്ങിയപ്പോഴും ഭാഷയെ വികലമാക്കാതെ ശ്രദ്ധിച്ചു.
അതിന് ഹേമലത നന്ദി പറയുന്നത് മലയാളം അധ്യാപകരോടാണ്. അക്ഷരങ്ങളുടെ ഉച്ചാരണമാണ് വാര്‍ത്ത വായിക്കുമ്പോള്‍ പ്രധാനം. അര്ഥവ്യത്യാസമുണ്ടാകുന്നതു കൂടാതെ വികലവുമാകുന്ന അവതരണം പ്രേക്ഷകര്‍ക്ക് അരോചകമാകുമെന്നത് മനസ്സിലാക്കണം. ഓരോ വാചകവും അവസാനിപ്പിക്കുമ്പോള്‍ കടന്നുവന്നിരുന്ന പ്രത്യേക ഈണം അവസാനിപ്പിച്ചത് ഭര്‍ത്താവ് കണ്ണന്റെ വിമര്‍ശനത്തിനൊടുവിലാണ്.
മുന്നിലിരിക്കുന്ന പ്രേക്ഷകര്‍ക്ക് അവര്‍ അറിയാത്ത ഒരു കാര്യം പറഞ്ഞുകൊടുക്കുന്നവരാണ് വാര്‍ത്താവായനക്കാര്‍. ആ തിരിച്ചറിവുണ്ടാകണം -ഹേമലത പറയുന്നു. മകള്‍ പൂര്‍ണിമാ കണ്ണന് എഫ്.എം. റോഡിയോയിലെ ജോലി മതിയാക്കി സംഗീതത്തിനുകൂടി പ്രാധാന്യമുള്ള മേഖലയിലേക്കു മാറാനുള്ള തയ്യാറെടുപ്പിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല