സ്വന്തം ലേഖകൻ: ദോഹ മെട്രോയുടെ ട്രാവൽ കാർഡുകൾ ഇനി മെട്രോ ലിങ്ക് ബസ് യാത്രകളിലും ഉപയോഗിക്കാമെന്ന് ഖത്തർ റെയിൽ. മെട്രോ യാത്രക്കാർക്കുള്ള ഫീഡർ ബസുകളായ മെട്രോ ലിങ്കുകളിലെ യാത്ര കൂടുതൽ എളുപ്പമാക്കുകയാണ് ലക്ഷ്യം.ബസുകളിൽ പ്രവേശിക്കുമ്പോൾ തന്നെ സ്റ്റാൻഡേഡ്, ഗോൾഡ് ക്ലബ് കാർഡ് ഉടമകൾക്ക് ബസിലെ റീഡറിൽ കാർഡ് ടാപ്പ് ചെയ്ത് സേവനം ഉപയോഗപ്പെടുത്താം.
അതേസമയം മെട്രോയുടെ കടലാസ് ടിക്കറ്റുകൾക്ക് ഈ സേവനം ലഭിക്കില്ല. 5 വയസ്സിനു മുകളിലുള്ള കുട്ടികൾക്കും മെട്രോ ലിങ്ക് സേവനം ഉപയോഗിക്കാൻ ട്രാവൽ കാർഡ് ബസ് റീഡറിൽ ടാപ്പ് ചെയ്യണമെന്നത് അധികൃതർ വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ നടപ്പാക്കിയ മെട്രോ ലിങ്ക് ക്യുആർ കോഡ്, കർവ സ്മാർട് കാർഡുകൾ എന്നിവയും പ്രാബല്യത്തിലുണ്ട്.
ദോഹ മെട്രോ സ്റ്റേഷനുകളുടെ 2 മുതൽ 5 കിലോമീറ്റർ പരിധിക്കുള്ളിൽ യാത്രക്കാർക്ക് സൗജന്യ യാത്ര അനുവദിക്കുന്നതാണ് മെട്രോ ലിങ്ക് ഫീഡർ ബസുകൾ. സ്റ്റേഷന്റെ 5 കിലോമീറ്റർ പരിധി വരെയുള്ള യാത്രക്കാർക്ക് മെട്രോയിൽ നിന്നിറങ്ങി മെട്രോ ലിങ്ക് ബസുകളിൽ കയറി സൗജന്യമായി വീട്ടിലെത്താം. ദിവസേന ആയിരക്കണക്കിന് ആളുകളാണ് ദോഹ മെട്രോയും മെട്രോ ലിങ്ക് ബസുകളുടെയും സേവനം പ്രയോജനപ്പെടുത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല