സ്വന്തം ലേഖകൻ: ഇന്ത്യൻ സ്കൂളുകളിലെ രക്ഷിതാക്കളുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാന് നിവേദനം നൽകി. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിൻറെ മാർഗ്ഗനിർദേശങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്ന കമ്മ്യുണിറ്റി സ്‌കൂളുകളിലാണ് ഒമാനിലെ ഭൂരിപക്ഷം ഇന്ത്യൻ വിദ്യാർത്ഥികളും പഠിക്കുന്നത്.
ഈ സ്‌കൂളുകളുടെ ഭരണപരവും അക്കാദമികവുമായ നിരവധി വിഷയങ്ങൾ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ മുൻപ് ഡയറക്ടർ ബോർഡിനും ഒമാനിലെ ഇന്ത്യൻ ആബാസ്സഡർക്കും നൽകിയ പരാതിയുടെ തുടർച്ചയായാണ് ഇന്നലെ വീണ്ടും ബോർഡ് ചെയർമാൻ ഡോ ശിവകുമാർ മാണിക്കത്തിന് നിവേദനം നൽകിയത്.
ഇന്ത്യൻ സ്കൂളുകളിലെ ഇൻഷുറൻസ് പോളിസി സ്കൂൾ നിയമങ്ങൾക്കു വിരുദ്ധമായി ഒരു സ്വകാര്യ കമ്പനിക്ക് നൽകിയതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ നേരത്തെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ടെൻഡർ ക്ഷണിക്കാതെ ക്രമവിരുദ്ധമായി നൽകിയ ഇൻഷുറൻസ് കരാർ പിന്നീട് റദ്ദ് ചെയ്യപ്പെടുകയും ചെയ്തു.
ക്ഷിതാക്കൾ മുൻപ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് പോളിസികൾ വാങ്ങുന്നത് കേന്ദ്രീകരിക്കുമെന്നും അതിലൂടെ ചെലവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നും സ്കൂൾ അധികൃതർ സമ്മതിച്ചിരുന്നു. എന്നാൽ ഇതിന്റെ നേട്ടം സ്കൂളുകൾക്ക് ലഭ്യമായോ എന്നുള്ള കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
നേരത്തെ നൽകിയ ഉറപ്പുകൾക്കു വിരുദ്ധമായി വിവിധ ഇന്ത്യൻ സ്കൂളുകളിലെ ആരോഗ്യ ഇൻഷുറൻസ് പോളിസി മാത്രം വാങ്ങുന്നതിനുള്ള ഉത്തരവാദിത്തം സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റികൾക്കു കൈമാറാനും, മറ്റുള്ളവ സ്കൂൾ ഡയറക്ടർ ബോർഡ് കൈവശം വയ്ക്കാനും അടുത്തിടെ ബോർഡ് തീരുമാനമെടുത്തിരുന്നു. യുക്തിരഹിതമായി ബോർഡ് എടുത്ത ഈ തീരുമാനം രക്ഷിതാക്കളുടെ ഇടയിൽ വ്യാപകമായ സംശയങ്ങൾക്കു കാരണമായിട്ടുണ്ട്. അംഗീകൃത പർച്ചേസ് മാനുവൽ പാലിക്കാതെ മുൻകാലങ്ങളിൽ നടന്ന ക്രമവിരുദ്ധമായ ഇടപാടുകൾക്ക് സമാനമായ രീതിയിൽ വീണ്ടും സ്കൂൾ ഇൻഷുറൻസ് നടപടിക്രങ്ങൾ കൊണ്ടുപോകാനുള്ള സ്കൂൾ ഡയറക്ടർ ബോർഡ് നീക്കം നടത്തുന്നതിൽ രക്ഷിതാക്കൾ കടുത്ത ആശങ്ക അറിയിച്ചു.
ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗീകരിച്ച പർച്ചേസ് മാനുവലിന് അനുസൃതമായി, എല്ലാ ഇന്ത്യൻ സ്കൂളുകൾക്കുമായി ഇൻഷുറൻസ് കമ്പനികളിൽ നിന്ന് പബ്ലിക് ടെണ്ടർ ക്ഷണിച്ച് കേന്ദ്രീകൃതമായ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണമെന്നും രക്ഷിതാക്കൾ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യൻ സ്കൂളിൽ നടന്ന വിവിധ ഇടപാടുകളെക്കുറിച്ച് ഉയർന്നിട്ടുള്ള വ്യാപക പരാതികളിൽ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ എടുക്കണമെന്നും രക്ഷിതാക്കൾ ബോർഡിനോട് ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല