1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2024

സ്വന്തം ലേഖകൻ: ചാന്‍സലര്‍ ജെറമി ഹണ്ട് പ്രഖ്യാപിച്ച നാഷണല്‍ ഇന്‍ഷുറന്‍സ് കട്ട് ശനിയാഴ്ച നിലവില്‍ വന്നു. 12 ശതമാനമായിരുന്ന നാഷണല്‍ ഇന്‍ഷുറന്‍സ് 10 ശതമാനത്തിലേക്കാണ് കുറയുന്നത്. 12,570 പൗണ്ട് മുതല്‍ 50,270 പൗണ്ട് വരെ വരുമാനം നേടുന്ന ജോലിക്കാര്‍ക്കാണ് നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കുന്നതിന്റെ ആശ്വാസം ലഭിക്കുക.

ഓട്ടം സ്‌റ്റേറ്റ്‌മെന്റിലാണ് ചാന്‍സലര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കുറയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. യുകെയിലെ 27 മില്ല്യണ്‍ പേറോള്‍ എംപ്ലോയീസിന് ഇതിന്റെ ഗുണം ലഭിക്കും. യുകെയിലെ ശരാശരി ശമ്പളമായ 35,000 പൗണ്ട് നേടുന്ന വ്യക്തിക്ക് ഇതുവഴി പ്രതിവര്‍ഷം 450 പൗണ്ട് ലാഭം കിട്ടും, പ്രതിമാസം 37.38 പൗണ്ട് എന്ന നിലയിലാണ് ഈ മാറ്റം വരിക.

സെല്‍ഫ് എംപ്ലോയ്‌മെന്റ് ചെയ്യുന്നവര്‍ക്കും നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കും. ഏപ്രില്‍ മുതലാണ് ഇത് ബാധകമാകുക. ക്ലാസ് 2 കോണ്‍ട്രിബ്യൂഷന്‍ റദ്ദാക്കുന്നതും, ക്ലാസ് 4 കോണ്‍ട്രിബ്യൂഷന്‍ 9 ശതമാനത്തില്‍ നിന്നും 8 ശതമാനമായി കുറയ്ക്കുകയും ചെയ്യും. ഇതും 12570 പൗണ്ട് മുതല്‍ 50270 പൗണ്ട് വരെ ശമ്പള ബ്രാക്കറ്റില്‍ വരുന്നവര്‍ക്കാണ് ബാധകമാകുക.

ഇതിന്റെ ഗുണം രണ്ട് മില്ല്യണ്‍ സെല്‍ഫ് എംപ്ലോയ്ഡ് ആളുകള്‍ക്ക് ലഭിക്കുമെന്ന് ട്രഷറി പറയുന്നു. ഈ ഘട്ടത്തിലും ടാക്‌സ് ഭാരം റെക്കോര്‍ഡ് നിരക്കില്‍ തുടരുകയാണ്. നികുതി നല്‍കിത്തുടങ്ങുന്ന പരിധി മരവിപ്പിച്ച് നിര്‍ത്തിയതോടെയാണ് കൂടുതല്‍ ആളുകള്‍ ഉയര്‍ന്ന നികുതി ബ്രാക്കറ്റില്‍ എത്തിയത്. അതേസമയം കൂടുതല്‍ നികുതി വെട്ടിക്കുറവുകള്‍ എത്രത്തോളം സാധ്യമാകുമെന്ന കാര്യത്തില്‍ ചാന്‍സലര്‍ ജെറമി ഹണ്ട് സംശയം പ്രകടിപ്പിക്കുന്നുണ്ട്.

നാഷണല്‍ ഇന്‍ഷുറന്‍സ് കുറയ്ക്കുന്നത് വഴി ഒരു കുടുംബത്തിലെ രണ്ട് പേര്‍ ജോലിക്ക് പോകുന്നുണ്ടെങ്കില്‍ ആയിരം പൗണ്ടോളം ലാഭം കിട്ടുമെന്നാണ് ഹണ്ട് വ്യക്തമാക്കുന്നത്. എന്നാല്‍ ഇന്‍കം ടാക്‌സ് മരവിപ്പിച്ച് നിര്‍ത്തിയതിനാല്‍ ആളുകള്‍ക്ക് ചെറിയ ഗുണം മാത്രമാണ് ലഭിക്കുകയെന്ന് ലേബര്‍ വിമര്‍ശിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.