സ്വന്തം ലേഖകൻ: പറക്കുന്നതിനിടെ ആകാശത്തുവെച്ച് അലാസ്‌ക എയര്‍ലൈന്‍സിന്റെ ബോയിങ് 737-9 മാക്‌സ് വിമാനത്തിന്റെ വാതില്‍ തുറന്നു പോയതിനു പിന്നാലെ എല്ലാ ബോയിങ് 737-8 മാക്‌സ് വിമാനങ്ങളിലും അടിയന്തര പരിശോധന നടത്താന്‍ എയര്‍ ഇന്ത്യയ്ക്കും അകാസ എയറിനും സ്‌പൈസ് ജെറ്റിനും നിര്‍ദേശം നല്‍കി സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡി.ജി.സി.എ.). മുന്‍കരുതല്‍ നടപടി എന്ന നിലയ്ക്കാണ് പരിശോധന നടത്താനുള്ള ഉത്തരവ് പുറത്തുവിട്ടത്.
അപകടമുണ്ടായ വിമാനമായ മാക്‌സിന്റെ ബി 737-9 വേരിയന്റ് ഇന്ത്യന്‍ എയര്‍ലൈനുകളില്‍ ഉപയോഗിക്കുന്നില്ലെങ്കിലും ബോയിങ് 737-8 മാക്‌സ് വിമാനങ്ങളുണ്ട്. എന്നിരുന്നാലും സുരക്ഷാനടപടിയുടെ ഭാഗമായാണ് നിര്‍ദേശമെന്ന് ഡിജിസിഎ വ്യക്തമാക്കി.
അപകടത്തിനു പിന്നാലെ അലാസ്‌ക എയര്‍ലൈന്‍സ് എല്ലാ ബോയിങ് 737-9 മാക്‌സ് വിമാനങ്ങളും നിലത്തിറക്കി. പോര്‍ട്ട്‌ലാന്‍ഡില്‍നിന്ന് കാലിഫോര്‍ണിയയിലെ ഓണ്‍ടാരിയോയിലേക്ക് പോയ എ.എസ് 1282 നമ്പര്‍ വിമാനത്തിന്റെ മധ്യഭാഗത്തെ വാതില്‍ പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം തുറന്നുപോകുകയായിരുന്നു. അപകടത്തിനു പിന്നാലെ വിമാനം അടിയന്തിരമായി നിലത്തിറക്കി.
യാത്രക്കാര്‍ പകര്‍ത്തിയ സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നു. വിമാനത്തിന്റെ വാതില്‍ പൂര്‍ണമായി തുറന്നുകിടക്കുന്നതും അടിയന്തര ലാന്‍ഡിങിന് തയ്യാറെടുക്കുന്ന യാത്രക്കാരെയും ദൃശ്യങ്ങളില്‍ കാണാം. 171 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ആർക്കും അപകടമില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല