സ്വന്തം ലേഖകൻ: തമിഴ്‌നാട്ടിലെ ഒരു ഗ്രാമപ്രദേശത്ത് നിന്നുള്ള 13 വയസ്സുള്ള 3 പെൺകുട്ടികൾ കെ-പോപ്പ് ഗ്രൂപ്പിലെ ബിടിഎസ് എന്ന യുവഗായക സംഘത്തെ കാണാൻ സിയോളിലേക്ക് പുറപ്പെട്ടു. എന്നാൽ കുട്ടികളുടെ സ്വപ്നം, അത് സ്വപ്നമായി തന്നെ അവസാനിച്ചു.
ഒരു മാസം മുമ്പ് ആസൂത്രണം ചെയ്ത പദ്ധതി ലളിതമായിരുന്നു. ആദ്യം ഈറോഡിൽ നിന്ന് ചെന്നൈയിലേക്ക് ട്രെയിൻ പിടിക്കണം. എങ്ങനെയെങ്കിലും വിശാഖപട്ടണത്ത് എത്തിയാൽ പിന്നെ ദക്ഷിണ കൊറിയ വരെ പോകുന്നൊരു കപ്പലുണ്ട്. ഇതിനാവശ്യമായ 14,000 രൂപ തുക കണ്ടെത്താൻ ഇത്രയും കാലം സ്വരൂപിച്ച് വച്ചിരുന്ന കുടുക്ക പൊട്ടിച്ചു.
തമിഴ്‌നാട്ടിലെ ഒരു ഗ്രാമപ്രദേശത്ത് നിന്നുള്ള 13 വയസ്സുള്ള മൂന്ന് പെൺകുട്ടികളാണ്, പ്രിയപ്പെട്ട കെ-പോപ്പ് ഗ്രൂപ്പിലെ ബിടിഎസ് എന്ന യുവഗായക സംഘത്തെ കാണാൻ, ആയിരക്കണക്കിന് കിലോമീറ്ററുകൾക്ക് അപ്പുറത്തുള്ള സിയോളിലേക്ക് പുറപ്പെട്ടത്. എന്നാൽ കുട്ടികളുടെ സ്വപ്നം, അത് സ്വപ്നമായി തന്നെ അവസാനിച്ചു.
യാത്ര തുടങ്ങി രണ്ടാം ദിവസം തന്നെ അവർക്ക് ചെന്നൈയിൽ തിരിച്ചെത്തേണ്ടി വന്നു. വെള്ളിയാഴ്ച അർധരാത്രി വെല്ലൂർ നഗരത്തിനടുത്തുള്ള കാട്പാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പൊലീസ് രക്ഷപ്പെടുത്തിയത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം തുറമുഖത്ത് നിന്ന് സിയോളിലേക്ക് കപ്പൽ കയറാനായിരുന്നു തങ്ങളുടെ പദ്ധതിയെന്ന് പെൺകുട്ടികളുടെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥർ പറഞ്ഞു.
അവർ ഇപ്പോൾ വെല്ലൂർ ജില്ലയിലെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു ശിശുഭവനിൽ കൗൺസിലിങ് സ്വീകരിച്ച് വരികയാണ്. മാതാപിതാക്കളെ തങ്ങളെ വീട്ടിലേക്ക് കൊണ്ടുപോകുന്നതും കാത്തിരിക്കുകയാണ് ഈ കൊച്ചുമിടുക്കികൾ. ഒരു ഇംഗ്ലീഷ് മീഡിയം പഞ്ചായത്ത് സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികൾ, കരൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള ലോവർ മിഡിൽക്ലാസ് കുടുംബങ്ങളിൽ നിന്നുള്ളവരാണ്. പെൺകുട്ടികളുടെ അമ്മമാരിൽ ഒരാൾ ഗ്രാമത്തിലെ ലോവർ പ്രൈമറി സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുകയാണ്.
“പെൺകുട്ടികളിൽ ഒരാളുടെ പിതാവ് മാനസിക വെല്ലുവിളി നേരിടുന്നുണ്ട്. മറ്റൊരു പെൺകുട്ടിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞു. ഇരുവരുടെയും അമ്മമാർ കർഷകത്തൊഴിലാളികളാണ്. എന്നാൽ അവരുടെ വീട്ടിൽ ഇന്റർനെറ്റ് സൗകര്യമുള്ള ഫോണുകൾ ഉണ്ടായിരുന്നു. ബിടിഎസിനോടുള്ള അവരുടെ അമിതാരാധനയും വീട്ടിലെ മറ്റു കാര്യങ്ങളുമെല്ലാം, വീട് ഉപേക്ഷിക്കാനുള്ള തീരുമാനത്തിൽ ഒരു പങ്കുവഹിച്ചതായി തോന്നുന്നു,” പെൺകുട്ടികളുമായി സംവദിച്ച വെല്ലൂർ ജില്ലാ ശിശുക്ഷേമ സമിതി ചെയർമാൻ പി വേദനായകം പറഞ്ഞു.
എന്തുകൊണ്ടാണ് അവർ ബിടിഎസ് ആരാധകരാകുന്നത് എന്നതിൽ അതിശയമില്ല. തുടക്കത്തിൽ ഈ ബാൻഡും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ചെറിയ നിലയിൽ നിന്നാണ് അവർ ഉയർന്നു വന്നത്. അവരുടെ വരികൾ കൗമാരക്കാരിൽ പ്രതിധ്വനിക്കുന്ന ആശയങ്ങളെ അഭിസംബോധന ചെയ്യുന്നവയാണ്. സ്വയം സംശയം, സാമൂഹിക സമ്മർദ്ദം, സ്വപ്നങ്ങൾ പിന്തുടരുക എന്ന ആശയം തുടങ്ങിയവയാണ് ബിടിഎസ് ഗാനങ്ങളുടെ രത്നച്ചുരുക്കം. ബിടിഎസിനോടുള്ള അവരുടെ ആരാധന നൃത്തത്തിന്റെയും സംഗീതത്തിന്റെയും ജീവിതത്തിനായി പെൺകുട്ടികളെ കൊതിപ്പിച്ചു.
അയൽവാസിയായ ഒരു യുവാവാണ് ബാൻഡിനെ ഇവർക്ക് പരിചയപ്പെടുത്തിയത്. അവർ കൊറിയൻ ഭാഷ പഠിക്കാനും ശ്രമിച്ചു. കൊറിയൻ വരികൾ മനസ്സിലാക്കാൻ അവർ ഗൂഗിൾ ട്രാൻസ്ലേറ്റർ ഉപയോഗിച്ചു. “ബിടിഎസ് (“Bangtan Sonyeondan” അഥവാ “ബുള്ളറ്റ് പ്രൂഫ് ബോയ് സ്കൗട്ട്സ്” എന്നതിന്റെ കൊറിയൻ ഭാഷയിലുള്ളത്) എന്നതിന്റെ ചുരുക്കെഴുത്ത് പോലും അവർക്ക് അറിയാമായിരുന്നു,” വേദനായകം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഓരോ ബിടിഎസ് അംഗത്തിന്റെയും പേരുകൾ, അവരുടെ പ്രിയപ്പെട്ട ഹോബികൾ, പ്രിയപ്പെട്ട വസ്ത്രങ്ങളുടെ നിറങ്ങൾ, ഭക്ഷണ ശീലങ്ങൾ എന്നിവ പോലും അവർക്ക് അറിയാമായിരുന്നു.
“ജനുവരി നാലിന് അവർ വീട്ടിൽ നിന്ന് പോയി. ആദ്യം ഈറോഡിലെത്തി, ചെന്നൈയിലേക്ക് വണ്ടി കയറി. അവർ ചെന്നൈയിൽ മുറികൾക്കായി രണ്ട് ഹോട്ടലുകൾ നോക്കി. മൂന്നാമത്തെ ശ്രമത്തിൽ 1200 രൂപയ്ക്ക് അവർ അവിടെ ഒരു രാത്രി താമസിച്ചു,” വേദനായകം പറഞ്ഞു.
പൊലീസ് അന്ന് തന്നെ മിസ്സിംഗ് പരാതി രജിസ്റ്റർ ചെയ്യുകയും കരൂരിലും സമീപ ജില്ലകളിലും അവരെ തിരയാനാരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ഇന്റലിജൻസ് ചാനലുകളിലൂടെയും പ്രാദേശിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ പെൺകുട്ടികൾക്ക് ചെന്നൈയിൽ എത്തിയതോടെ ക്ഷീണം തുടങ്ങി. പിറ്റേന്ന് അവർ വീണ്ടും റെയിൽവേ സ്റ്റേഷനിൽ വന്ന് ഒരു ട്രെയിൻ പിടിച്ചു. യാത്രാമധ്യേ അവർ ഭക്ഷണം വാങ്ങാൻ കാട്പാടിയിൽ ഇറങ്ങിയതോടെ ട്രെയിൻ നഷ്ടമായി.
“14,000 രൂപയിൽ രണ്ട് ദിവസത്തെ യാത്രയ്ക്ക് ശേഷം 8,059 രൂപ അവർക്ക് ബാക്കിയായി. വീട്ടിലെ ‘കുടുക്ക നിക്ഷേപം’ തകർത്താണ് ഇവരെല്ലാം പണം എടുത്തത്. പദ്ധതി പാളിയെന്ന് തിരിച്ചറിയുമ്പോൾ തന്നെ, അവർ എന്താണ് ചെയ്തതെന്നും എന്താണ് ലക്ഷ്യമിട്ടതെന്നതിലും അവർക്ക് വ്യക്തതയുണ്ട്. ഈ സാഹസികത ഇനി ആവർത്തിക്കില്ലെന്ന് അവർ ഉറപ്പുനൽകി. കൗൺസിലർമാരുമായുള്ള നീണ്ട സംഭാഷണത്തിനിടെ അവർ ഒരിക്കലും കരഞ്ഞിട്ടില്ല,” വേദനായകം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല