1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2024

സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ തുടര്‍ന്ന് അദ്ദേഹത്തെ വംശീയമായി അടക്കം പരിഹസിച്ചുള്ള മാലിദ്വീപ് മന്ത്രിമാരുടെ പരാമര്‍ശങ്ങളുടെ ചുവടുപിടിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഒരിടവേളയ്ക്ക് ശേഷം വീണ്ടും വഷളായി. വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ മന്ത്രിമാരായ മറിയം ഷിയുന, മല്‍ഷ ഷറീഫ്, മഹ്‌സും മജീദ് എന്നിവരെ മാലിദ്വീപ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യുകയും ഇവരുടെ പരാമര്‍ശങ്ങള്‍ വ്യക്തപരമാണെന്നും സര്‍ക്കാരിന്റെ വീക്ഷണമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍, വിഷയത്തില്‍ ഇന്ത്യയിലെ മാലിദ്വീപ് അംബാസഡറെ വിളിച്ചുവരുത്തി കേന്ദ്രം കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. പിന്നാലെ, ഇന്ത്യയെ തണുപ്പിക്കാനായി മാലിദ്വീപിലെ ഇന്ത്യന്‍ പ്രതിനിധിയെ വിളിച്ചുവരുത്തി മാലിദ്വീപ് സര്‍ക്കാര്‍ വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.

മോദിക്കെതിരായ മാലിദ്വീപ് മന്ത്രിമാരുടെ പരാമര്‍ശങ്ങളെ തുടര്‍ന്ന് പ്രതിഷേധമെന്നോണം സാമൂഹിക മാധ്യമങ്ങളില്‍ ‘ബോയ്‌ക്കോട്ട് മാലിദ്വീപ്’ കാമ്പയിനുകളും ഹാഷ്ടാഗുകളും അതിവേഗം പരക്കുകയാണ്. ഇതിനകം മാലിദ്വീപിലേക്കുള്ള 8,000ലധികം ഹോട്ടല്‍ ബുക്കിംഗുകളും 2,500ലധികം വിമാനടിക്കറ്റുകളും ഇന്ത്യക്കാര്‍ റദ്ദാക്കിയെന്നാണ് ട്രാവല്‍ ഏജന്റുമാര്‍ വ്യക്തമാക്കുന്നത്.

പ്രമുഖ ട്രാവല്‍ ഏജന്‍സി കമ്പനിയായ ഈസ്‌മൈട്രിപ്പ് മാലിദ്വീപിലേക്കുള്ള എല്ലാ പാക്കേജുകളും റദ്ദാക്കിയെന്ന് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ നിഷാന്ത് പിട്ടി വ്യക്തമാക്കി. മാലിദ്വീപിനെതിരായ കാമ്പയിന്‍ ഒരര്‍ത്ഥത്തില്‍ ഇന്ത്യയിലെ ടൂറിസം നഗരങ്ങളുടെ പ്രസക്തി തിരിച്ചറിയാന്‍ ഏവരെയും സഹായിച്ചിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയിലെ വിലയിരുത്തല്‍.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സഹതാരം വീരേന്ദര്‍ സെവാഗ്, ബോളിവുഡ് സൂപ്പര്‍താരങ്ങളായ സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, ടൈഗര്‍ ഷറോഫ്, ജോണ്‍ എബ്രഹാം, ശ്രദ്ധ കപൂര്‍ തുടങ്ങി ബോളിവുഡിലെയും ക്രിക്കറ്റിലെയും സൂപ്പര്‍താരങ്ങളടക്കം ഇന്ത്യന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് പ്രോത്സാഹനവുമായി രംഗത്തെത്തി. ചലോ ലക്ഷദ്വീപ് ഹാഷ്ടാഗ് ട്വിറ്ററിലുള്‍പ്പെടെ ട്രെന്‍ഡിംഗാണ്.

ലക്ഷദ്വീപ്, ഉഡുപ്പി (മാല്‍പെ, കുന്താപുര), ഗോവ, ഡാമന്‍ ഡിയു, ആന്‍ഡമാന്‍ നിക്കോബാര്‍, പുതുച്ചേരി, ഒഢീഷ, അസാം, മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര പരിഗണിക്കണമെന്നാണ് സൂപ്പര്‍താരങ്ങളടക്കം അഭ്യര്‍ത്ഥിക്കുന്നത്. മാലിദ്വീപിനെ വെല്ലുന്ന കാഴ്ചകള്‍, സാഹസിക ടൂറിസം ആകര്‍ഷണങ്ങള്‍ തുടങ്ങിയവ ലക്ഷദ്വീപിലും ഉണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

മാലിദ്വീപിലേക്ക് ഏറ്റവുമധികം വിദേശ വിനോദസഞ്ചാരികള്‍ എത്തുന്നത് ഇന്ത്യയില്‍ നിന്നാണ്. 2023ല്‍ 2,09,198 ഇന്ത്യക്കാരാണ് മാലിദ്വീപ് സന്ദര്‍ശിച്ചത്. റഷ്യക്കാരെ പിന്തള്ളിയാണ് ഇന്ത്യക്കാര്‍ ഒന്നാംസ്ഥാനം പിടിച്ചെടുത്തത്. തുടര്‍ച്ചയായി ഒന്നാമതായിരുന്ന റഷ്യ കഴിഞ്ഞവര്‍ഷം 2,09,146 പേരുമായി രണ്ടാമതായി. 1.89 ലക്ഷം പേരുമായി ചൈനക്കാരാണ് മൂന്നാമത്.

2023ല്‍ ആകെ 18.34 ലക്ഷം വിദേശ സഞ്ചാരികളാണ് മാലിദ്വീപിൽ എത്തിയത്. 2024ല്‍ 20 ലക്ഷം പേരെ പ്രതീക്ഷിച്ചിരിക്കേയാണ് ഇന്ത്യക്കാരെ പിണക്കിക്കൊണ്ട് തുടക്കത്തിലേ കല്ലുകടിയുണ്ടായത്. മാലിദ്വീപ് പ്രസിഡന്റായി മുഹമ്മദ് മുയിസു തിരഞ്ഞെടുക്കപ്പെട്ടത് മുതല്‍ ഇന്ത്യ-മാലിദ്വീപ് ബന്ധം വഷളായിരുന്നു. മാലിദ്വീപിലെ ഇന്ത്യന്‍ സൈന്യത്തോട് ഉടന്‍ രാജ്യം വിടണമെന്ന് മുയിസു ആവശ്യപ്പെട്ടിരുന്നു.

മാത്രമല്ല, മാലിദ്വീപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഏറ്റവുമാദ്യം സന്ദര്‍ശിക്കുന്ന രാജ്യം ഇന്ത്യയായിരുന്നു. ഈ കീഴ്‌വഴക്കവും മുയിസു തെറ്റിച്ചു. ചൈനയിലേക്കും ഇന്ത്യക്കെതിരായ നിലപാടുകളുള്ള തുര്‍ക്കിയിലേക്കുമാണ് അദ്ദേഹം പോയത്. ചൈനാ-അനുകൂല നിലപാടുള്ളയാളാണ് മുയിസു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.