സ്വന്തം ലേഖകൻ: ഈ വര്‍ഷത്തെ ഇന്ത്യ-സൗദി ഉഭയകക്ഷി ഹജ്ജ് കരാര്‍ ഒപ്പുവയ്ക്കാനെത്തിയ കേന്ദ്ര വനിതാ ശിശു വികസന, ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ജിദ്ദയിലെ ഇന്ത്യന്‍ സമൂഹവുമായി സംവദിച്ചു. പ്രവാസി നേതാക്കള്‍ ശ്രദ്ധയില്‍പെടുത്തിയ വിഷയങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു.
ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരുടെ സേവനത്തിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തുന്ന വോളന്റിയര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് മന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി. ജിദ്ദയിലെ റിറ്റ്സ് കാല്‍ട്ടണ്‍ ഹോട്ടലിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പ്രവാസി ഇന്ത്യക്കാരുടെ യാത്ര, തൊഴില്‍, നിയമ സംബന്ധമായ നിരവധി വിഷയങ്ങളാണ് മന്ത്രിമാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെട്ടത്.
സൗദി അറേബ്യയിലെ ഇന്ത്യന്‍ സമൂഹവുമായി സംവദിക്കുന്നത് എപ്പോഴും സന്തോഷകരമാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. ഇന്ത്യയുടെ സമീപകാല മുന്നേറ്റങ്ങളെക്കുറിച്ച് വിശദീകരിച്ച അവര്‍ ഈ പ്രയാണത്തില്‍ പ്രവാസികളും സജീവമായി പങ്കെടുക്കണമെന്ന് ഉണര്‍ത്തി. രാജ്യപുരോഗതിയില്‍ പ്രവാസികള്‍ക്ക് നല്ല സംഭാവനകള്‍ നല്‍കാന്‍ കഴിയമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
സ്ത്രീ ശാക്തീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്ന് പറഞ്ഞ സ്മൃതി ഇറാനി മെഹ്‌റമില്ലാതെ (പുരുഷ രക്ഷകര്‍ത്താവ്) ഹജ്ജിനെത്തുന്ന വനിതകളുടെ എണ്ണം ഈ വര്‍ഷം വര്‍ധിക്കുമെന്നും അറിയിച്ചു.
തിരക്കുള്ള സീസണുകളില്‍ ഗള്‍ഫ് സെക്ടറുകളിലേക്ക് വിമാന യാത്രാ ടിക്കറ്റ് വര്‍ധിപ്പിക്കുന്ന വിമാന കമ്പനികളുടെ രീതി പ്രവാസി സംഘടനാ നേതാക്കള്‍ മന്ത്രിമാരുടെ ശ്രദ്ധയില്‍പെടുത്തി. സൗദിയില്‍ നഴ്‌സിങ് ജോലി ചെയ്യുന്നതിനുള്ള പ്രോ മെട്രിക് പരീക്ഷ സംബന്ധിച്ച് വിഷയവും ഉന്നയിക്കപ്പെട്ടു. നഴ്സിങ് റിക്രൂട്ട്മെന്റ് കഴിഞ്ഞ് സൗദിയിലെത്തിയ ശേഷം പരീക്ഷയെഴുതാന്‍ 22,000 രൂപയോളം ചെലവുവരും.
പരീക്ഷയില്‍ പരാജയപ്പെടുന്നവര്‍ക്ക് വീണ്ടും പരീക്ഷ എഴുതുവാന്‍ തുടര്‍ന്നും ഫീസ് നല്‍കേണ്ടതുണ്ട്. ആദ്യമായി സൗദിയിലെത്തുന്ന നഴ്സുമാര്‍ ഈ തുക അടയ്ക്കാന്‍ പ്രയാസപ്പെടുന്നതിനാല്‍ സൗദി എംബസിയുടെ കീഴില്‍ നാട്ടില്‍വെച്ച് പരീക്ഷ നടത്താന്‍ സൗദി അധികൃതരോട് അഭ്യര്‍ത്ഥിക്കണമെന്നും ആവശ്യമുയര്‍ന്നു.
സൗദിയില്‍ ജോലി ചെയ്യവെ നാട്ടിലെത്തി മറ്റ് വിദേശ രാജ്യങ്ങളിലേക്ക് പോകുവാന്‍ ആഗ്രഹിക്കുന്ന നഴ്സുമാര്‍ക്ക് സൗദിയുടെ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി) ആവശ്യമായി വരാറുണ്ട്. ഈ ഘട്ടത്തില്‍ അവരുടെ ഡാറ്റകള്‍ സൗദി അധികൃതരുടെ സിസ്റ്റത്തില്‍ ഇല്ലാത്തതിനാല്‍ പ്രയാസം നേരിടുന്ന സാഹചര്യമുണ്ടെന്നും ഇതിന് പരിഹാരമുണ്ടാക്കാന്‍ സൗദി അധികൃതരുമായി സംസാരിക്കണമെന്നും പ്രവാസി നേതാക്കള്‍ മന്ത്രിമാരോട് അഭ്യര്‍ത്ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല