സ്വന്തം ലേഖകൻ: നാല് ദിവസത്തേക്ക് ലണ്ടന്‍ ഭൂഗര്‍ഭ റെയില്‍വേയെ പാടെ സ്തംഭിപ്പിക്കുമായിരുന്ന സമരത്തില്‍ നിന്നും ആര്‍ എം ടി യൂണിയന്‍ താത്ക്കാലികമായി പിന്മാറിയിരിക്കുന്നു. ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ (ടി എഫ് എല്‍) മായി നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷകള്‍ ഉള്ളതും ലണ്ടന്‍ മേയര്‍ കൂടുതല്‍ ഫണ്ടുകള്‍ ലഭ്യമാക്കിയതുമാണ് സമരത്തില്‍ നിന്നും പിന്‍വാങ്ങുന്നതിനുള്ള കാരണമായി ആര്‍ എം ടി യൂണിയന്‍ പറയുന്നത്. ഏതാണ്ട് ട്യുബ് സര്‍വ്വീസ് പൂര്‍ണ്ണമായി തന്നെ നിലച്ചു പോകുന്ന അവസ്ഥ വരുമായിരുന്നു സമരം ഉണ്ടായിരുന്നെങ്കില്‍.
ഇത് ലണ്ടനിലെ ഗതാഗതത്തെ തന്നെ പ്രതികൂലമായി ബാധിക്കുമായിരുന്നു. സമരം പിന്‍വലിച്ചതോടെ വലിയൊരു തലവേദനയാണ് ഒഴിഞ്ഞു പോയിരിക്കുന്നത്. എന്നിരുന്നാലും, അവസാന നിമിഷത്തിലാണ് സമരം പിന്‍വലിച്ചത് എന്നതിനാല്‍, ഇന്ന് (തിങ്കള്‍) രാവിലത്തെ സര്‍വ്വീസുകളില്‍ ചില തടസ്സങ്ങള്‍ നേരിട്ടേക്കാമെന്ന് ടി എഫ് എല്‍ അറിയിച്ചിട്ടുണ്ട്.
വേതനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന്മേല്‍ വെള്ളിയാഴ്ച മുതല്‍ തന്നെ ആര്‍ എം ടി അംഗങ്ങള്‍ സമരം ആരംഭിച്ചിരുന്നു. എഞ്ചിനീയര്‍മാരും നെറ്റ്വര്‍ക്ക് കണ്‍ട്രോള്‍ ജീവനക്കാരുമായിരുന്നു ആദ്യം സമരത്തിനിറങ്ങിയത്. എന്നാല്‍, സ്റ്റേഷനുകളിലെ മുന്‍ നിര ജീവനക്കാര്‍, ട്രെയിന്‍ ഓപ്പറേഷന്‍സിലെ ജീവനക്കാര്‍, സിഗ്‌നലിംഗ് ജീവനക്കാര്‍ എന്നിവര്‍ സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഇന്ന് മുതല്‍ ആയിരുന്നു സര്‍വ്വീസുകളില്‍ തടസ്സങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്.
ഇന്നലെ നടന്ന ചര്‍ച്ചകളെ തുടര്‍ന്ന് ലണ്ടന്‍ ഭൂഗര്‍ഭ റെയില്‍വേയിലെ ജീവനക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ടപേ ഡീല്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ആര്‍ എം ടി ജനറല്‍ സെക്രട്ടറി മിക്ക് ലിഞ്ച് പറഞ്ഞു. അതുപോലെ കൂടുതല്‍ ഫണ്ട് അനുവദിക്കപ്പെട്ടിട്ടുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉടനടി പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ സമരം പിന്‍വലിച്ചതെന്നും ചര്‍ച്ചകള്‍ ഉടന്‍ പൂര്‍ത്തിയാക്കി തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
2023 ഏപ്രിലില്‍ നിലവില്‍ വരേണ്ടിയിരുന്ന ശമ്പള വര്‍ദ്ധനവുമായി ബന്ധപ്പെട്ടാണ് സമരത്തിനായി ആര്‍ എം ടി അംഗങ്ങള്‍ വോട്ട് ചെയ്തത്. 5 ശതമാനം ശമ്പള വര്‍ദ്ധനവായിരുന്നു ടി എഫ് എല്‍ അന്ന് ഓഫര്‍ ചെയ്തത്. എന്നാല്‍, സാധാരണയായി പണപ്പെരുപ്പ നിരക്കനുസരിച്ചാണ് ശമ്പള വര്‍ദ്ധനവ് നടപ്പില്‍ വരുത്താറുള്ളത്. കഴിഞ്ഞ വര്‍ഷം അത് വളരെ കൂടുതലായിരുന്നു.
ടി എഫ് എല്ലിന് അതില്‍ കൂടുതല്‍ വര്‍ദ്ധനവ് നടപ്പിലാക്കാന്‍ കഴിയുമെന്നായിരുന്നു ആര്‍ എം ടിയുടെ വാദം. ജൂണില്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആയിരുന്ന ആന്‍ഡി ലോര്‍ഡിന്റെ ജോലി സ്ഥിരപ്പെടുത്തിയപ്പോള്‍,40,000 പൗണ്ട് ഉണ്ടായിരുന്ന ശമ്പളം 3,95,000 പൗണ്ട് ആക്കി ഉയര്‍ത്തിയത് ആര്‍ എം ടി ഇതിനുള്ള തെളിവായി ചൂണ്ടിക്കാണിച്ചിരുന്നു. അതുപോലെ കുറഞ്ഞ വേതനമുള്ള തസ്തികകളിലെ സാലറി ബാന്‍ഡുകള്‍ മരവിപ്പിക്കുന്നതിനെയും യൂണിയന്‍ എതിര്‍ത്തിരുന്നു. മാത്രമല്ല, ചില യാത്രാ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണമെന്നും യൂണിയന്‍ വാദിച്ചിരുന്നു.
സമരം നടന്നിരുന്നെങ്കില്‍ അത് അതിഥി സത്കാര മേഖലയ്ക്ക് ഏകദേശം 50 മില്യന്‍ പൗണ്ടിന്റെ നഷ്ടം വരുത്തിവയ്ക്കുമായിരുന്നു എന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു. യൂണിയനുകളെയും ജീവനക്കാരെയും കണ്ണടച്ച് എതിര്‍ക്കാതെ അവരുമായി യോജിച്ച് പ്രവര്‍ത്തിച്ചാല്‍ എന്തൊക്കെ നേടാമെന്നതിന്റെ തെളിവാണ് സമരം പിന്‍വലിക്കല്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മേയറുടെ അവസാന നിമിഷത്തിലെ ഇടപെടലായിരുന്നു ചര്‍ച്ചയില്‍ വഴിത്തിരിവായത്.
നേരത്തെ ആസ്ലെഫ് അംഗങ്ങളായ ട്രെയിന്‍ ഡ്രൈവര്‍മാര്‍ 5 ശതമാനം വര്‍ദ്ധനവിന് സമ്മതിച്ചിരുന്നു. ഇന്നാല്‍ പുതിയ സാഹചര്യത്തില്‍ അവരും പണപ്പെരുപ്പത്തിന് ആനുപാതികമായ വര്‍ദ്ധന ആവശ്യപ്പെട്ടേക്കാം. ഇതിനു മുന്‍പ് 2022-ല്‍ ട്യുബ് ജീവനക്കാര്‍ക്ക് 8.4 ശതമാനത്തിന്റെ ശമ്പള വര്‍ദ്ധനവ് ലഭിച്ചിരുന്നു. കോവിഡ് കാലത്തെ ലോക്ക്ഡൗണുകളും, കോവിഡാനന്തര കാലത്ത് ജോലികളുടെ സ്വഭാവത്തില്‍ വന്ന മാറ്റവുമെല്ലാം ടി എഫ് എല്ലിന്റെ സാമ്പത്തിക സ്ഥിതീ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതു കൂടി പരിഗണിച്ചാണ് അധിക ഫണ്ട് അനുവദിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല